മുംബൈയിലെ ഒരു ചേരി. ഒറ്റമുറിവീട്. ഫാൻ, ലൈറ്റ് ഉൾപ്പെടെ സൗകര്യങ്ങളൊന്നുമില്ല. കൂട്ടിനു കഷ്ടപ്പാടു മാത്രമാണെങ്കിലും ഒരുമുറി വീട്ടിലിരുന്ന് ഒരമ്മ മകളെ സ്വപ്നം കാണാൻ പഠിപ്പിച്ചു. കഠിനമായി അധ്വാനിക്കാൻ ഉപദേശിച്ചു. ശുഭപ്രതീക്ഷയെക്കുറിച്ച് ഓർമിപ്പിച്ചു. വർഷങ്ങൾക്കുശേഷം അമ്മ ആഗ്രഹിച്ചതുപോലെ മകൾ വലിയ പദവിയിലെത്തി. ചേരിയിൽനിന്നു പുറത്തെത്തി. മകൾ ഡോക്ടറേറ്റ് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ അമ്മ കരഞ്ഞു. ഒരു ജീവിതകാലം മുഴുവൻ അനുഭവിച്ച സങ്കടം പുഴ പോലെ ഒഴുകി. കണ്ണു നിറഞ്ഞ മകൾ – ഡോ.രേഖ – തന്റെ കഥയെഴുതി; സമൂഹമാധ്യമങ്ങളിൽ തരംഗമായ ജീവിതകഥ. പ്രചോദനത്തിന്റെ പുണ്യപാഠം. ഇച്ഛാശക്തിയുടെ വിജയം.
ഡോ. രേഖയുടെ വാക്കുകളിലേക്ക്:–
അമ്മ എനിക്കു പകർന്നുതന്നതു രണ്ടു പാഠങ്ങൾ. കുടുംബത്തിന് എന്നും ഒന്നാം സ്ഥാനം കൊടുക്കുക. നന്മ ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ നല്ലതു തിരിച്ചുകിട്ടുമെന്നതു രണ്ടാമത്തെ പാഠം. അച്ഛനും അമ്മയും ഇന്നു മൂംബൈ എന്നറിയപ്പെടുന്ന ബോംബെയിൽവന്നത് അഭയാർഥികളായി. റെയിൽവേകോളനിയിൽ അവർ താമസം തുടങ്ങി. സ്വന്തമെന്നുപറയാൻ ഒന്നുമില്ല. അമ്മയ്ക്കു വിദ്യാഭ്യാസമില്ലായിരുന്നു; പക്ഷേ, മക്കൾ നന്നായി പഠിക്കണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി. അഞ്ചു മക്കളായിരുന്നു ഞങ്ങൾ. എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അയച്ചു.
താമസിച്ചതു ചേരിയിലെ ചെറിയൊരു മുറിയിൽ. ശുചിമുറി പുറത്ത്. കോളനിക്കു മുഴുവനായി ഒരു റഫ്രിജറേറ്റർ മാത്രം. വീട്ടിൽ ഏഴുപേർ. കിടക്കാൻ ഒരു കട്ടിൽ മാത്രം. പഠിക്കാൻ ഞാൻ എപ്പോഴും താൽപര്യം കാട്ടി. കട്ടിലിനു താഴെയിരുന്ന് ഞാൻ ഹോംവർക്ക് ചെയ്തു. ഞാൻ പഠിക്കുന്നതു കാണുമ്പോൾ അമ്മ പറയും– നീ ഒരു ഡോക്ടർ ആകും. എനിക്കുറപ്പുണ്ട്. 10–ാം ക്ലാസിൽ 63 ശമാനം മാർക്ക്. വീട്ടിൽ നിന്ന് ആദ്യമായി ഒരാൾ കോളജിലേക്ക്. ആദ്യദിവസം അച്ഛനമ്മമാർ എന്നെ കോളജിൽ കൊണ്ടുവിട്ടു. പഴകിയ ഒരു ഫ്രോക്കായിരുന്നു വേഷം.
കോളജ് പഠനകാലത്ത് ഒരിക്കൽ എനിക്കു ടൈഫോയിഡ് വന്നു. പരീക്ഷ എഴുതാൻ പോകാതെ വീട്ടിൽ വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചു. ഉപദേശം അവഗണിച്ചു ഞാൻ പരീക്ഷയെഴുതി തോറ്റു. കനത്ത അഘാതമായിരുന്നു ആ തോൽവി. രണ്ടാം വർഷം വീണ്ടും ശ്രമിച്ചു. രാത്രിയിൽ പഠിച്ചതു വിളക്കുകാലിനു താഴെയിരുന്ന്. തണുത്ത വെള്ളം ഒരു ബോട്ടിലിലാക്കി അമ്മ തന്നുവിടും. അതായിരുന്നു രാത്രിയിൽ കൂട്ട്. അത്തവണ മികച്ചരീതിയിൽതന്നെ വിജയിച്ചു. കെമിസ്ട്രി ബിരുദത്തിനു ചേർന്നു.
അക്കാലത്തു ഞങ്ങൾ ഒറ്റമുറി വീട്ടിൽനിന്നു മാറി. അച്ഛന്റെ മരണത്തിനുശേഷം കുടുംബത്തിന്റെ ചുമതലയും ഞാൻ ഏറ്റെടുത്തു. കാൻസർ റിസർച്ച് സെന്ററിൽ സയന്റിസ്റ്റായി ഞാനിപ്പോൾ ജോലി ചെയ്യുന്നു. ഈ വർഷമാദ്യം എനിക്ക് ഓണററി ഡോക്ടറേറ്റും ലഭിച്ചു. അമ്മ ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. എങ്കിലും ഞാൻ ആദരിക്കപ്പെടുന്നതു കാണാൻ അമ്മ വന്നു. തലയിൽ പൂക്കൾ ചൂടി. ലിപ്സ്റ്റികും അന്ന് അമ്മ ആവശ്യപ്പെട്ടു. ആദരവിന്റെ നിമിഷത്തിൽ അമ്മ കരഞ്ഞുപോയി; ഞാനും. വർഷങ്ങൾക്കുമുമ്പു കണ്ട സ്വപ്നത്തിന്റെ സാഫല്യം.