റിലീഫ് ക്യാംപിലെ ഈദ് ആഘോഷമിങ്ങനെ

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

വലിയൊരു പ്രളയത്തെ അതിജീവിച്ചുകൊണ്ട് സ്വാഭാവിക ജീവിതത്തിലേക്ക് പതുക്കെ നടന്നുകയറുകയാണ് കേരളമിപ്പോൾ. പ്രളയം വിതച്ച കൊടിയ നാശനഷ്ടങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴും മുഖത്ത് ഒരു ചെറിയ പുഞ്ചിരി ബാക്കിവെയ്ക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ചില സുന്ദര നിമിഷങ്ങൾ ബാക്കിവെച്ചാണ് പ്രളയം പിൻവാങ്ങിയത്.

മനുഷത്വമെന്ന വികാരം എത്ര മഹത്തരമാണെന്നും ഒരുമ നൽകുന്ന സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്നും തെളിയിക്കുന്ന ഒരു സുന്ദരചിത്രമാണ് ഇപ്പോൾ സംസാരവിഷയം. കൊടുങ്ങല്ലൂർ റിലീഫ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഈദ് ആഘോഷത്തിനു മുന്നോടിയായി ക്യാംപിലെ അംഗങ്ങൾ മൈലാഞ്ചിയിടുന്നതും ക്യാംപിലെ കന്യാസ്ത്രീകൾക്ക് മൈലാഞ്ചിയിട്ടു നൽകുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജീവിതത്തിലാദ്യമായാണ് ക്രിസ്തുവിന്റെ മണവാട്ടിമാർ മൈലാഞ്ചിയിടാൻ കൈകൾ നീട്ടുന്നത് കാണുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം സന്തോഷത്തോടെ പങ്കുവയ്ക്കുന്നത്.

ചിത്രത്തോടൊപ്പമുള്ള കുറിപ്പിങ്ങനെ :- 'എല്ലാമതവിഭാഗത്തിൽപ്പെട്ടവരും ഒത്തൊരുമയോടെ, സ്നേഹത്തോടെ പരസ്പരം കരുതൽ നൽകി വിവിധ ക്യാംപുകളിൽ കഴിയുന്നുണ്ടെന്നും ഇനിയും വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരുമയോടെ നിൽക്കുന്ന ജനങ്ങളുള്ളതുകൊണ്ടാണ് കേരളം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നത്'