അഞ്ചുവയസ്സേയുള്ളൂവെങ്കിലും ഈ കൊച്ചുസുന്ദരിക്ക് ലോകംനിറയെ ആരാധകരുണ്ട്. ഈ ചെറിയ പ്രായത്തിനുള്ളിൽ വോഗ് മാസികയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇൻസ്റ്റഗ്രാമിലെ ഈ മിന്നും താരം. ഇസ്രായേലിലെ ടെൽ അവൈവ് സ്വദേശിയാണ് മിയ അഫാലോ എന്ന അഞ്ചുവയസ്സുകാരി. മുടിയഴകാണ് ഈ ചെറിയ പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയാക്കിയത്.
നല്ല ഉള്ളോടെ തിങ്ങിവളർന്ന തിളങ്ങുന്ന തലമുടിയാണ് പെൺകുഞ്ഞിന്റെ പ്രത്യേകത. പതിനായിരക്കണക്കിന് ആരാധകരാണ് ഇവൾക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. സമൂഹമാധ്യമങ്ങളിലെ പ്രശസ്തി ഈ ചെറിയ പെൺകുട്ടിക്ക് ഫാഷൻ വിപണിയിലേക്കുള്ള വൻ അവസരങ്ങളിലേക്കാണ് വഴിതുറന്നു കൊടുത്തിരിക്കുന്നത്. ഈ മിടുക്കിപ്പെൺകുട്ടിയെക്കുറിച്ച് അവളുടെ ഹെയർ സ്റ്റൈലിസ്റ്റ് സാഗി ധാരി പറയുന്നതിങ്ങനെ :- '' കുഞ്ഞ് രാജകുമാരി മിയ ആരോടും തർക്കിക്കുകയോ പരാതി പറയുകയോയില്ല. എല്ലാവരുടെയും നേരെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന അവൾ പുതിയ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ ക്ഷമയോടെ കാത്തിരിക്കും''.
എന്നാൽ ഇത്ര ചെറുപ്പത്തിലേ ലഭിക്കുന്ന പ്രശസ്തി കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തെ ബാധിക്കുമെന്നും. എല്ലായിടത്തുമുള്ളതുപോലെ ദുഷ്ടലാക്കുള്ളവർ സമൂഹമാധ്യമങ്ങളിലുണ്ടെന്നും അവർക്ക് ദുരുപയോഗം ചെയ്യാനായി കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ഇങ്ങനെ പരസ്യമായി പ്രസിദ്ധീകരിക്കരുതെന്നും പറഞ്ഞുകൊണ്ട് കുട്ടിയുടെ കുടുംബത്തെ ചിലർ വിമർശിക്കുന്നു.
എന്നാൽ ഇത്ര ചെറിയ പ്രായത്തിലേ ലഭിക്കുന്ന അംഗീകാരവും പ്രോത്സാഹനവും കുഞ്ഞിന്റെ വളർച്ചയെയും വ്യക്തിത്വ വികസനത്തെയും വളരെ പോസിറ്റീവായി മാത്രമേ സ്വാധീനിക്കുകയുള്ളൂവെന്നാണ് മറ്റു ചിലരുടെ വാദം.