'ഇനിയെങ്കിലും എന്റെ കാലുകൾക്കു യോജിക്കുന്ന ഷൂസ് കിട്ടുമോ?

ജക്കാർത്ത ഏഷ്യൻ ഗെയിംസ് മൽസരങ്ങൾ പുരോഗമിക്കുമ്പോൾ ട്രാക്കിൽനിന്നുവരുന്ന വാർത്തകൾക്കുവേണ്ടി കാത്തിരിക്കുന്ന ഒരു മനുഷ്യനുണ്ട്. ഒരു റിക്ഷക്കാരൻ. 

ബംഗാളിലെ ജയ്പാൽഗുഡി എന്ന ഗ്രാമവാസി. ആഗ്രഹമുണ്ടെങ്കിലും റിക്ഷ ചവിട്ടാൻ ആരോഗ്യമില്ലാത്തയാൾ. പക്ഷാഘാതം വന്നു കിടപ്പിലായ ഒരു പാവം. വേദന മറന്ന് ഇപ്പോൾ അയാൾ പുഞ്ചിരിക്കുന്നുണ്ടാകും– സ്വർണമെഡലിന്റെ തിളക്കമുള്ള പുഞ്ചിരി. ഏഷ്യൻ ഗെയിംസ് ഹെപ്റ്റാത്തലണിൽ സ്വർണ്ണം നേടിയ മകൾ സ്വപ്ന ബർമന്റെ ചരിത്രനേട്ടം സമ്മാനിച്ച പുഞ്ചിരി. 

സ്വപ്നയുടെ മെഡൽ നേട്ടത്തിന് സ്വർണത്തിന്റെ തിളക്കം മാത്രമല്ല ഉള്ളത്. അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്ത കഠിനാധ്വാനത്തിന്റെ തിളക്കംകൂടിയുണ്ട്. ഇച്ഛാശക്തിയുടെ കരുത്തും നിശ്ചയദാർഢ്യത്തിന്റെ ഊർജ്ജവുമുണ്ട്. അച്ഛൻ കിടപ്പിലായതോടെ ട്രാക്കിലൂടെ കുതിച്ചുപായുന്നതിനൊപ്പം വീട്ടുജോലിയും സ്വപ്നയുടെ ചുമലിലാണ്. ഒന്നിലേറെ ഇനങ്ങളിൽ മുന്നിലെത്തി ഹെപ്റ്റാത്തലണിൽ സ്വർണം നേടുന്ന ബഹുമുഖ പ്രതിഭയ്ക്കു മാത്രം പൂർത്തിയാക്കാവുന്ന ഉത്തരവാദിത്തങ്ങൾ. ഇതിനിടെയാണ് രാജ്യത്തിന്റെ അഭിമാനം കാത്ത് സ്വപ്ന കുതിച്ചത്. 

നാട്ടിൽനിന്നു ജക്കാർത്തിയിലെത്തിയിട്ടും രോഗങ്ങളുടെ രൂപത്തിലും വേദനയുടെ അസഹ്യതയിലും വീർപ്പുമുട്ടിക്കൊണ്ടിരുന്നു സ്വപ്ന. അടുത്തുവന്ന സ്വർണം അകന്നുപോകുന്നോ എന്ന സ്വന്തം സംശയം പോലും അതിജീവിക്കേണ്ടിയും വന്നു. ഒടുവിൽ അതിനെയെല്ലാം അതിജീവിച്ച് അഭിമാനതാരമായി മാറി സ്വപ്ന. 

നിരന്തരമായ നടുവേദനയുടെ ഇരയാണു സ്വപ്ന. സ്ഥിരമായി അലട്ടുന്ന രോഗം. അതിനുപുറമെ ജക്കാർത്തയിൽ എത്തിയതോടെ പല്ലുവേദനയും താരത്തെ അലട്ടി. ഓരോ ദിവസവും മൽസരത്തിനിറങ്ങുമ്പോൾ വ്യത്യസ്ത നിറത്തിലുള്ള ബാൻഡേജ് കവിളിൽ ഒട്ടിക്കാൻ കാരണവും ഈ പല്ലുവേദന തന്നെ. മോണയിൽ പഴുപ്പുമുണ്ടായിരുന്നു. സ്വർണനേട്ടത്തിനുശേഷം മാധ്യമപ്രവർത്തകർ തിരക്കിയപ്പോഴാണ് ബാൻഡേജിന്റെ രഹസ്യം അവർ വെളിപ്പെടുത്തിയത്. 

ഞാൻ ധാരാളം ചോക്ലേറ്റ് കഴിക്കും. ഇവിടെ വന്നശേഷം ഭയങ്കര പല്ലുവേദന, മോണവീക്കവും. മൽസരിക്കണോ വേണ്ടയോ എന്നുപോലും ചിന്തിച്ചു. ഇത്രയും കാലത്തെ ഒരുക്കം വെറുതെയാകുമല്ലോ എന്നു വിചാരിച്ചപ്പോൾ ട്രാക്കിലിറങ്ങാൻ തന്നെ തീരുമാനിച്ചു– ദൃഢനിശ്ചയത്തെക്കുറിച്ചു സ്വപ്ന പറയുന്നു. ആ ആത്മവിശ്വാസത്തിന്റെ കൂടി ഫലമാണ് സ്വപ്ന നേടിയ സ്വർണം. 

അവസാനയിനമായ 800 മീറ്ററിൽ നാലാമതായി ഫിനിഷ് ചെയ്ത് 6026 പോയിന്റുകളോടെയാണു സ്വർണനേട്ടം. നടുവേദനയും പല്ലുവേദനയും മാത്രമല്ല സ്വപ്നയുടെ കുതിപ്പിനു വിഘാതം സൃഷ്ടിച്ചത്. രണ്ടു കാലിലും അധികമായി കിട്ടിയ രണ്ടു വിരലുകൾ. ഇരുപാദങ്ങളിലും ആറുവീതം 12 വിരലുകളുണ്ട് സ്വപ്നയ്ക്ക്. അതൊരു നേട്ടമല്ലേ എന്നുചോദിച്ചേക്കാം. അസൗകര്യമാണെന്നു മാത്രമല്ല കാലിനു യോജിക്കുന്ന ഷൂസോ സ്പൈക്സോ കിട്ടാനുമില്ല. ടീം കിറ്റിലുള്ള ഷൂസ് തന്നെ ഉപയോഗിക്കണം, പരിശീലനം നടത്തുമ്പോൾ പോലും കഠിനവേദനയാണ്.

രാജ്യാന്തര തലത്തിലെ മൽസരത്തിനിറങ്ങുമ്പോൾ കഠിനവേദനയ്ക്കൊപ്പം സമ്മർദവും. വേദന കടിച്ചമർത്തിയാണു സ്വപ്ന കുതിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മൽസരശേഷം അവിശ്വാസത്തോടും അദ്ഭുതത്തോടും കൂടി സ്വപ്ന ഒരു നിമിഷം പകച്ചുനിന്നത്. ഇനിയെങ്കിലും തന്റെ കാലുകൾക്കു യോജിക്കുന്ന ഷൂസ് നിർമിച്ചുതരുമോ എന്നു ദയനീയമായി ചോദിച്ചതും. 100 മീറ്റർ, 200 മീറ്റർ, ഹൈജംപ്, ലോങ്ജംപ്, ഷോട്ട്പുട്ട്, ജാവലിൻ, 800 മീറ്റർ എന്നിങ്ങനെ ഏഴ് ഇനങ്ങൾ വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് ഹെപ്റ്റാത്തലൺ സ്വർണ്ണം ലഭിക്കുക. 

ജക്കാർത്തിയിലെ ഗെലോറ ബുംഗ് കാർണോ സ്റ്റേഡിയത്തിലായിരുന്നു സ്വപ്നയുടെ സ്വപ്നക്കുതിപ്പ്. വിജയത്തിനുശേഷം സ്വപ്ന ഒന്നേ ആവശ്യപ്പെട്ടുള്ളൂ– തന്റെ കാലുകൾക്ക് യോജിക്കുന്ന ഷൂസ്. ദേശീയപതാകയുമായി കാണികളെ അഭിവാദ്യം ചെയ്യുമ്പോഴും മാധ്യമപ്രവർത്തകരെ നേരിടുമ്പോഴുമെല്ലാം വേദന കടിച്ചമർത്തുന്നുണ്ടായിരുന്നു സ്വപ്ന. ഇരുകാലുകളിലും അധികമായി ലഭിച്ച വിരലുകൾ ശസ്ത്രക്രിയ ചെയ്തു നീക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. സ്വപ്നയുടെ കരിയറിന്റെ അവസാനമല്ല ഏഷ്യൻഗെയിംസ്. വരാനിരിക്കുന്ന വലിയ മൽസരങ്ങളിലേക്കുള്ള മുന്നൊരുക്കം. ഇപ്പോഴത്തെ സ്വർണത്തിൽനിന്നു കൂടുതൽ നേട്ടത്തിലേക്കു കുതിക്കണം. ബംഗാളിലെ ഗ്രാമത്തിൽ ജീവിക്കുന്ന അച്ഛനു സന്തോഷം സമ്മാനിക്കണം; ഒപ്പം രാജ്യത്തിനു മുഴുവൻ അഭിമാനിക്കാൻ കൂടുതൽ തിളക്കമുള്ള മെഡലുകളും.