മക്കളുണ്ടാവില്ലെന്നു കരുതി വാങ്ങിക്കൂട്ടിയത് 55 ലക്ഷത്തിന്റെ പാവകൾ; ഒടുവിൽ

പതിനാറാം വയസ്സിലാണ് തനിക്കൊരിക്കലുമൊരു അമ്മയാകാൻ കഴിയില്ലെന്ന് ലണ്ടനിലെ ന്യൂബറി സ്വദേശിനിയായ വിക്ടോറിയ ആൻഡ്രൂസ് തിരിച്ചറിയുന്നത്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം എന്ന രോഗത്തിന് ചികിത്സതേടിയെത്തിയപ്പോഴാണ് അവർ ആ സത്യം തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്ന വിക്ടോറിയയ്ക്ക് ആ വാർത്ത സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അന്നുമുതൽ ഒരു വാശിപോലെ അവർ പാവക്കുഞ്ഞുങ്ങളെ വാങ്ങിത്തുടങ്ങി. കണ്ടാൽ നവജാതശിശുക്കളെ പോലെയിരിക്കുന്ന, ജീവനുള്ള തരം റീബോൺ പാവകളെയാണ് അവൾ വാങ്ങിക്കൂട്ടിയത്. പാവകൾക്കെല്ലാം കൂടി 55 ലക്ഷത്തിന് മുകളിൽ വില വരും.

പക്ഷേ വിധി വിക്ടോറിയയ്ക്കായി മറ്റൊരു സന്തോഷം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇരുപത്തിയാറാം വയസ്സിലായിരുന്നു വിക്ടോറിയയെത്തേടി ആ സന്തോഷവാർത്തയെത്തിയത്. വയറിനുള്ളിൽ അസ്വസ്ഥത തോന്നി ഡോക്ടറെക്കാണാനെത്തിയതാണ് വിക്ടോറിയ. അവരെ വിശദമായി പരിശോധിച്ച ശേഷം അൽപ്പസമയം നിശബ്ദനായ ഡോക്ടർ ഒടുവിൽ ആ സന്തോഷവാർത്ത അവരെ അറിയിച്ചു. വിക്ടോറിയ ഏഴാഴ്ച ഗർഭിണിയാണ്.

വിക്ടോറിയയ്ക്ക് വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു ആ വാർത്ത. ഡോ്ടറുടെ അരികിൽ നിന്ന് നേരെ പോയത് സ്കാനിങ് സെന്ററിലേക്കായിരുന്നു. ഉള്ളിൽ വളരുന്ന ജീവന്റെ തുടിപ്പുകൾ സ്കാൻ റിപ്പോർട്ടിലൂടെ കണ്ട വിക്ടോറിയ അക്ഷരാർഥത്തിൽ സ്തബ്ദയായി. ഇപ്പോൾ മിടുക്കനായ ഒരു ആൺകുഞ്ഞിന്റെ അമ്മയാണ്  വിക്ടോറിയ. ടോബി എന്നാണ് കുഞ്ഞിന്റെ പേര്. ടോബി തന്റെ 41–ാമത്തെ കുഞ്ഞാണെന്നാണ് വിക്ടോറിയ പറയുന്നത്. അവന് സഹോദരന്മാരായും സഹോദരിമാരായും മറ്റു നാൽപ്പതുപേർ കൂടിയുണ്ടെന്നും വിക്ടോറിയ പറയുന്നു.

തനിക്ക് നൂറോളം റീബോൺ പാവക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നുവെന്നും ഒരുലക്ഷം രൂപ വിലവരുന്ന 40 പാവക്കുഞ്ഞുങ്ങളെ താൻ വിറ്റുവെന്നും അത് ആശുപത്രിച്ചിലവിനും കുഞ്ഞിന്റെ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നുവെന്നും വിക്ടോറിയ പറയുന്നു. കണ്ടാൽ ടോബിയെപ്പോലെ തന്നെയിരിക്കുന്ന ഒരു പാവക്കുഞ്ഞുണ്ടെന്നും ഇരുവരെയും കണ്ടാൽ ഇരട്ടകളെപ്പോലെയാണിരിക്കുന്നതെന്നും ഇടയ്ക്ക് ടോബി അതിനെ സ്നേഹത്തോടെ സൂക്ഷിച്ചു നോക്കുന്നതു കാണാമെന്നും വിക്ടോറിയ പറയുന്നു.

ടോബി ജനിച്ചുവെന്നു കരുതി പാവക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാൻ താൻ തയാറല്ലെന്നും വിക്ടോറിയ പറയുന്നു. ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല എന്ന ധാരണയിൽ പങ്കാളിയുമായി ബന്ധപ്പെട്ടപ്പോൾ മുൻകരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും എന്നാൽ ആ അശ്രദ്ധ വലിയൊരു സന്തോഷത്തിനാണ് വഴിയൊരുക്കിയതെന്നും വിക്ടോറിയ ഓർക്കുന്നു. തനിക്കിനിയും ഏറെ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടെന്നും ടോബിയെപ്പോലെ മിടുക്കരായ കുഞ്ഞുങ്ങളും റീബോൺ പാവക്കുഞ്ഞുങ്ങളും ഒരുപോലെ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറയുന്നു.