'ഒരിയ്ക്കലെങ്കിലും നീ ജോലിചെയ്യുന്ന ഫ്ലൈറ്റിൽ യാത്ര ചെയ്യണം'

ആരെങ്കിലും കാണുമെന്നോ തന്റെ നന്മ തിരിച്ചറിയുമെന്നോ പ്രതീക്ഷിച്ചില്ല പ്രായമായ യാത്രക്കാരിയെ ശുശ്രൂഷിക്കാൻ ആ ഫ്ലൈറ്റ് അറ്റൻഡന്റ് മനസ്സുകാട്ടിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് തന്റെ ജോലിയിൽ ഉൾപ്പെടാത്ത ചില കാര്യങ്ങൾ കൂടി പ്രായമായ യാത്രക്കാരിക്ക് വേണ്ടി അവർ ചെയ്തു നൽകിയത്.

പ്രായമായ യാത്രക്കാരിയെ ഊട്ടുന്ന ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ചിത്രം  റിന ഷെറിൽ എന്ന സ്ത്രീ പങ്കുവച്ചതോടെയാണ് ആ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായത്. '' ഇവൾ ആരാണെങ്കിലും ദൈവം ഇവളെ ആയിരംമടങ്ങ് അനുഗ്രഹിക്കട്ടെ. ഈ നൂറ്റാണ്ടിലെ മികച്ച ക്യാബിൻ ക്രൂ ആയിമാറട്ടെ. ഇവൾ അഞ്ച് നക്ഷത്രങ്ങൾ അർഹിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് റിന ചിത്രം പങ്കുവച്ചത്.

പ്രായമായ സ്ത്രീയോട് കരുതലും സ്നേഹവും കാണിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ആരാണെന്നായിരുന്നു ചിത്രം കണ്ട പലർക്കും അറിയേണ്ടിയിരുന്നത്. ചിത്രത്തിന് ലൈക്കടിച്ചും ചിത്രം പങ്കുവച്ചും നിരവധിപേർ അന്വേഷണമാരംഭിച്ചു. ഫിലിപ്പീൻ എയർലൈൻസിലെ ആ ഫ്ലൈറ്റ് അറ്റൻഡന്റ് ആരാണെന്നറിയാനുള്ള അന്വേഷണം ഒടുവിൽ ഫലം കണ്ടു. പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി ചിത്രം പ്രചരിച്ച് രണ്ടു ദിവസത്തിനു ശേഷം ആ ഫ്ലൈറ്റ് അറ്റൻഡന്റ് ആരാണെന്നു തിരിച്ചറിഞ്ഞു എന്നു പറഞ്ഞുകൊണ്ട് റിനി മറ്റൊരു പോസ്റ്റ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഷെറ്റ് എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിൽ റിനി എഴുതിയതിങ്ങനെ ;- 

പ്രിയപ്പെട്ട ഷെറ്റ്,

ഒടുവിൽ നിന്നെ കണ്ടെത്തിയിരിക്കുന്നു. നീയൊരു രത്നമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ കുറേ മാസങ്ങളായി ഇന്റർനെറ്റിലൂടെ വളരെ മോശം വാർത്തകൾ കണ്ടുമടുത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രായമുള്ള സ്ത്രീയോട് നീ ചെയ്ത നന്മ കണ്ടത്. അതു ഞങ്ങൾക്ക് നൽകിയത് വലിയ പ്രത്യാശയാണ്. ആരും കാണാനില്ലെന്നറിഞ്ഞിട്ടും നല്ലകാര്യങ്ങൾ ചെയ്യുന്നവർ ഇപ്പോഴുമുണ്ടെന്ന് നീ ഞങ്ങൾക്ക് കാണിച്ചു തന്നു.

അടുത്ത തവണ ഫ്ലൈറ്റിൽ പോകുമ്പോൾ  ഫ്ലൈറ്റ് വൈകുമ്പോൾ പരാതി പറയുന്നതിനു പകരം നിന്നെപ്പോലെയുള്ള ഫ്ലൈറ്റ് അറ്റൻഡേഴ്സ് പൂർണ്ണമനസ്സും ശ്രദ്ധയും നൽകിയാണ് യാത്രക്കാരാട് പെരുമാറുന്നതെന്ന് ഞാനോർക്കും. ക്ഷമയോടെ മനസ്സിലാക്കാൻ ഞാൻ ശ്രദ്ധിക്കും. ശാരീരികമായി ഏറെ അധ്വാനമുള്ള ജോലിയായിട്ടും തിരികെയൊന്നും പ്രതീക്ഷിക്കാതെയാണ് നീയാ നന്മ ചെയ്തത്. ജീവിതത്തിലെപ്പോഴെങ്കിലും നിന്റെ യാത്രക്കാരിയായി വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.