12–ാം വയസ്സിൽ വിവാഹം,ഗാർഹിക പീഡനം,ആത്മഹത്യാശ്രമം; ഇപ്പോൾ കോടീശ്വരി

ജീവിതത്തിൽ ചെറിയ ദുരന്തങ്ങളുണ്ടാകുമ്പോൾ തളർന്നുപോകുന്നവർക്കുവേണ്ടിയാണ് മുംബൈ സ്വദേശിനി കൽപന സരോജ് തന്റെ ജീവിതകഥ പങ്കുവച്ചത്. സ്വപ്രയത്നം കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെയൊന്നായി അതിജീവിച്ച കൽപന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തന്റെ ജീവിതകഥ പങ്കുവച്ചത്.

ജീവിതത്തിലെ മോശം അനുഭവങ്ങളെ ഭയന്ന് ഒരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ച കൽപ ഇന്ന് ഒരു മൾട്ടിമില്യൺ കമ്പനിയുടെ ഉടമയാണ് ആ ജീവിത കഥ കൽപന പറയുന്നതിങ്ങനെ '' അകോല ( മഹാരാഷ്ട്ര) ഗ്രാമത്തിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലായിരുന്നു എന്റെ ജനനം. എനിക്ക് 12 വയസ്സായപ്പോൾ മുതൽ എന്നെ വിവാഹം കഴിപ്പിച്ചുവിടാൻ എല്ലാവരും അച്ഛനെ നിർബന്ധിച്ചു തുടങ്ങി. അച്ഛനു വലിയ താൽപ്പര്യമില്ലെങ്കിലും സമൂഹത്തിന്റെ സമ്മർദ്ദത്തെ ഭയന്ന് എന്നെ അദ്ദേഹം വിവാഹം കഴിപ്പിച്ചു. എന്നേക്കാൾ പത്തുവയസ്സു കൂടുതലുള്ള മുംബൈ സ്വദേശിയായിരുന്നു വരൻ. വിവാഹം കഴിഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ചേരിയിലെ ഒരൊറ്റമുറി വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നതെന്നും അദ്ദേഹത്തിന് ജോലിയൊന്നുമില്ലെന്നും ഞാൻ മനസ്സിലാക്കിയത്. 

നരകതുല്യമായിരുന്നു അവിടുത്തെ ജീവിതം. കറിയിൽ ഉപ്പു കൂടിയാലും എന്റെ കൈയിൽ നിന്നും എന്തെങ്കിലും ചെറിയ പിഴവു വന്നാൽപ്പോലും ആ വീട്ടിലുള്ളവരെല്ലാം ചേർന്ന് എന്നെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ എന്റെ അച്ഛനെന്നെ കാണാൻ വന്നു. അദ്ദേഹത്തിനു പോലും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഒരാളായി ഞാനപ്പോഴേക്കും മാറിയിരുന്നു. പിഞ്ചിക്കീറിയ വസ്ത്രങ്ങളണിഞ്ഞ് പുഞ്ചിരി നഷ്ടപ്പെട്ടുനിന്ന എന്നെ കണ്ട് മനസ്സുവേദനിച്ച അച്ഛൻ ഭർത്താവിനോടും കുടുംബത്തോടും വഴക്കിട്ടു. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നേക്കൂ എന്ന് ആശ്വസിപ്പിച്ച് അച്ഛൻ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

പക്ഷേ ബന്ധുക്കളും നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകളാണ് അവിടെയെന്നെ കാത്തിരുന്നത്.  എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ കൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെയായതെന്ന് പലരും പറഞ്ഞു. ജീവിച്ചിരുന്നാൽ ഇനിയും ഇങ്ങനെയുള്ള വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വരുമെന്നു തോന്നിയ നിമിഷം  ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ജീവിതത്തിലെ സെക്കൻറ് ചാൻസിൽ വീണ്ടും തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെ ഞാൻ മുംബൈയിലേക്കു മടങ്ങി. ഒരു തയ്യൽക്കാരിയായി ജോലി ചെയ്തു തുടങ്ങി. ആ ദിവസങ്ങളിലാണ് ജീവിതത്തിലാദ്യമായി 100 രൂപ നോട്ട് എങ്ങനെയിരിക്കുമെന്ന് ഞാൻ കണ്ടത്. അത്യാവശ്യം സമ്പാദ്യമൊക്കെയായപ്പോൾ ഞാൻ കല്യാണിൽ ഒരു വാടകവീടെടുത്ത് കുടുംബത്തെ ഒപ്പം കൂട്ടി. ജീവിതം സുഗമമായി മുന്നോട്ട് പോകുകയായിരുന്നു. അപ്പോഴാണ് എന്റെ സഹോദരിയുടെ ജീവിതം രക്ഷിക്കാൻ ഈ സമ്പാദ്യമൊന്നും പോരായെന്നു തോന്നിയത്. അങ്ങനെ സർക്കാരിൽ നിന്ന് ലോണെടുത്ത് സ്വന്തമായി ഒരു ഫർണ്ണീച്ചർ ബസിനസ്സ് തുടങ്ങി. അപ്പോൾ ജീവിതം മുൻപത്തേതിനേക്കാൾ മെച്ചപ്പെട്ടു തുടങ്ങി. 

എന്റെ ജീവിതം രക്ഷപെട്ടെങ്കിലും പുറത്ത് ഒരുപാടാളുകൾ കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന ചിന്ത എന്നെ അലട്ടി. അങ്ങനെയുള്ള ആളുകളെ ലോണെടുക്കാൻ സഹായിക്കാനായി ഞാനൊരു എൻജിഒ തുടങ്ങി. ആദ്യമൊക്കെ അവരെ സഹായിക്കാൻ എന്റെ സമ്പാദ്യത്തിൽ നിന്നുമാണ് പണംചെലവഴിച്ചത് അതോടെ എന്റെ സാമൂഹ്യപ്രവർത്തനത്തിന് കീർത്തി ലഭിച്ചു തുടങ്ങി. അങ്ങനെയിരിക്കേയാണ് കമനി ട്യൂബ് എന്ന കമ്പനി സഹായം തേടി എന്നെ സമീപിച്ചത്. 116 കോടി രൂപയുടെ കടബാധ്യ‌തയുള്ള കമ്പനിയെ സഹായിക്കാൻ പുറപ്പെടുന്നത് ആത്മഹത്യാപരമായ നിലപാടാണെന്ന് പലരും പറഞ്ഞു. പക്ഷേ കമ്പനിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ 500 ലധികം കുടുംബങ്ങൾ പട്ടിണിയായിപ്പോകുമെന്നു മനസ്സിലാക്കിയ എനിക്ക് അവരെ സഹായിക്കാതിരിക്കാനായില്ല. അവർക്ക് നീതി നേടിക്കൊടുക്കണമെന്നല്ലാതെ മറ്റൊരു ചിന്തയുമെനിക്കില്ലായിരുന്നു. അങ്ങനെ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  സർക്കാർ സഹായത്തോടെ കടബാധ്യതയിൽ ഇളവു വരുത്താനുള്ള കാര്യങ്ങൾ ചെയ്തു. ഒരു ടീമുണ്ടാക്കി ഫാകടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നെങ്കിലും എനിക്കൊട്ടും ഭയം തോന്നിയതേയില്ല.

2016 ൽ ഞാൻ ആ കമ്പനിയുടെ ചെയർമാനായി. ഏഴുവർഷത്തിനകം വായ്പയടച്ചു തീർക്കണമെന്നു പറഞ്ഞ സ്ഥാനത്ത് ഒരുവർഷംകൊണ്ട് വായ്പയടച്ചു തീർത്തു. തൊഴിലാളികൾക്ക് വേതനവും നൽകിത്തുടങ്ങി. ഞങ്ങൾ സ്വപ്നം കണ്ടതിനേക്കാളേറെ ലാഭം ഇപ്പോൾ കമ്പനിക്കുണ്ട്. 2013 ൽ രാജ്യം പത്മശ്രീ നൽകി. അവിശ്വസനീയമായ ഒരു ജീവിതയാത്രയാണ് എന്റേത്. പട്ടികജാതി കുടുംബത്തി്‍ ജനിച്ച് ശൈശവവിവാഹത്തിനിരയായി ഒടുവിൽ മൾട്ടി മില്യൺ കമ്പനിയുടെ ഉടമയായി. ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ ഒന്നുറപ്പാണ് ഒരിക്കൽപ്പോലും എന്റെ ശക്തികളെ കീഴടക്കാൻ പേടികളെ ഞാൻ അനുവദിച്ചിട്ടില്ല. ഒരുപാടു വൈകിയാണ് ഞാനിക്കാര്യം പഠിച്ചത്. പക്ഷേ ഇപ്പോഴെനിക്കറിയാം. എന്റെ കഴിവിലുള്ള പൂർണ്ണവിശ്വാസമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ എനിക്ക് നേരിടാനാവില്ലെന്ന്''.