തെരുവു കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വിവാഹം വേണ്ടെന്നു വച്ചു; അവിശ്വസനീയം ഈ ജീവിതം

തെരുവിലെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ അവരെ പഠിപ്പുള്ളവരാക്കാനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ശോഭാമൂർത്തി. തന്റെ ലക്ഷ്യപ്രാപ്തിക്കായി വിവാഹം പോലും വേണ്ടെന്നുവച്ച ശോഭയുടെ കഥ പുറം ലോകമറിഞ്ഞത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ്. തന്റെ ജീവിതത്തെക്കുറിച്ച് ശോഭാ മൂർത്തി കുറിച്ചതിങ്ങനെ :-

''എനിക്കോർമയുള്ള വീട്ടിൽ ഞാനും കുടുംബാംഗങ്ങളും മാത്രമായിരുന്നില്ല; ഒരു വീടു നിറയെ കുട്ടികൾ. അമ്മയായിരുന്നു അധ്യാപിക. വൈകിട്ടു കുട്ടികളെത്തും. അമ്മ അവരെ പഠിപ്പിക്കും. അത്താഴത്തിനു സമയമാകുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി അടുക്കളയിലേക്കു കയറും. അത്താഴം പാകം ചെയ്യുന്നത് ഒരുമിച്ച്. എപ്പോഴും ആളും ബഹളവും നിറഞ്ഞ വീട്.എന്റെ സ്വപ്നത്തിലെ വീട്; സന്തോഷമുള്ള വീട്. 

ഞാൻ പഠനത്തിൽ മുന്നോട്ടു പോയി, ചാർട്ടേഡ് അക്കൗണ്ടന്റ് ആയി. എങ്കിലും വീടും വീട്ടുകാരെയും വീട്ടിൽ നിറഞ്ഞുനിന്ന കുട്ടികളെയും മറന്നില്ല. ഒരുദിവസം തിരക്കേറിയ ഓഫിസ് ജോലിക്കിടെ ഉച്ചയൂണിന്റെ ഇടവേള. അപ്പോഴാണെന്റെ ജീവിതം മാറിമറിഞ്ഞത്. വയറു നിറച്ചു ഭക്ഷണം കഴിച്ചതിനുശേഷം ഞാൻ ജോലി ചെയ്യുന്ന ടേബിളിലേക്കു മടങ്ങുകയായിരുന്നു. അപ്പോഴാണ് അസാധാരണമായ ഒരു കാഴ്ച കണ്ടത്. കുറച്ചു കുട്ടികൾ ഭക്ഷണം പങ്കുവയ്ക്കുന്നു. എനിക്ക് എന്തോ അസ്വസ്ഥത തോന്നി. അപ്പോഴെനിക്ക് 30 വയസ്സ്. ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. മുഴുവൻ സമയം ആരുമില്ലാത്തവർക്കുവേണ്ടി ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു. രണ്ടു സഹപ്രവർത്തകരും എനിക്കൊപ്പം കൂടി. ഞങ്ങൾ ഒരു സന്നദ്ധ സംഘടന തുടങ്ങി– ആരംഭ്. 

മുംബൈയിലെ കുട്ടികളെ പഠിപ്പിക്കുന്നതാണ് ഞങ്ങൾ ഏറ്റെടുത്ത ഒന്നാമത്തെ ദൗത്യം. പകൽ സമയത്ത് ഞാൻ പല സ്ഥാപനങ്ങൾക്കുവേണ്ടി അക്കൗണ്ടന്റായി പ്രവർത്തിച്ചു. ജോലി കഴിഞ്ഞതിനുശേഷം രാത്രി 7 മുതൽ 10 വരെ അമ്മ വർഷങ്ങളായി ചെയ്തിരുന്ന ജോലി ഏറ്റെടുത്തു. തെരുവു കുട്ടികളെ പഠിപ്പിക്കുക. രാത്രി ഒരു മണിയാകും കിടക്കാൻ. അതുവരെ ഓരോ കുട്ടികളുടെയും പുരോഗതി ഞാൻ രേഖപ്പെടുത്തും. ഒരു പഴയ ടൈപ് റൈറ്റർ ആയിരുന്നു എന്റെ സഹായി. അതിന്റെ ശബ്ദത്തിനൊപ്പം രാത്രികളിൽ ഉറങ്ങാതിരുന്നു. സമ്പാദിക്കാൻ മെനക്കെട്ടില്ല. എനിക്കു കിട്ടിയ ചില്ലറപൈസകൾ പോലും ആരംഭിനു വേണ്ടി ചെലവഴിച്ചു. അക്കാലത്തു മാതാപിതാക്കളോടു ഞാൻ എന്റെ ഭാവി വെളിപ്പെടുത്തി– വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഒരു ലക്ഷ്യമേയുള്ളൂ– തെരുവുകുട്ടികളെ പഠിപ്പിക്കുക. ആരുമില്ലാത്തവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുക. തീരുമാനം അറിഞ്ഞപ്പോൾ മാതാപിതാക്കൾ ഞെട്ടൽ രേഖപ്പെടുത്തിയില്ല. അവർ എന്നെ പിന്തുണച്ചു. മുന്നോട്ടുതന്നെ പോകാൻ  പ്രചോദിപ്പിച്ചു. 

വർഷങ്ങളായി എനിക്കറിയാവുന്ന മാതാപിതാക്കളെ ഞാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ കൂട്ടികളെയും ഞങ്ങളുടെ സ്കൂളിൽ വിടാൻ. പത്താം ക്ലാസ് വരെ തട്ടിമുട്ടി പഠിക്കുക, പരാജയപ്പെടുക. പിന്നെയൊരു നൂറുകൂട്ടം പരീക്ഷകൾ.എന്തിനു വെറുതെ സമയം മെനക്കെടുത്തണം എന്നാണു രക്ഷിതാക്കളുടെ ചോദ്യം. സ്കൂളിൽ പോകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും,പരീക്ഷകളിൽ ഹാജരാകുന്നതിനെക്കുറിച്ചും വിജയിക്കുന്നതിനെക്കുറിച്ചും. ജോലി നേടി അന്തസ്സായി ജീവിക്കുന്നതിനെക്കുറിച്ചും  ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി. സ്കൂളിൽ ഹാജരാകുന്നതുപോയിട്ട് വീടിനു പുറത്തേക്കിറങ്ങുന്നതുപോലും പലർക്കും പ്രശ്നമായിരുന്നു. ആരോഗ്യമില്ലാത്ത കുട്ടികൾ, പോഷകാഹാരക്കുറവ് അനുഭവപ്പെട്ടവർ പുറത്തേക്കിറങ്ങാൻ വരെ അവർ മടിച്ചു. 

എന്റെ കുട്ടിക്കാലത്ത് അമ്മ വീട്ടിൽവരുന്ന കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്ന ദൃശ്യം ഞാൻ ആലോചിച്ചു. പരിഹാരം പെട്ടെന്നുതന്നെ എന്റെ മനസ്സിൽ ഉദിച്ചു. പല കമ്പനികളുടെയും സഹായം തേടി. കെഎഫ്സിയുമായി കരാറൊപ്പിട്ടു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും വേണ്ട വക അവർ ഞങ്ങൾക്കു തന്നു. അതോടെ കുട്ടികൾക്കും അവരുടെ അമ്മമാർക്കും കുടുംബങ്ങൾക്കും പട്ടിണിയില്ലാതെ കഴിയാമെന്ന അവസ്ഥയായി. എല്ലാ പോഷകാഹാരങ്ങളും ഉൾപ്പെട്ട ഭക്ഷണമായിരുന്നു അത്. നാട്ടിൽ കിട്ടുന്ന കൃത്രിമമില്ലാത്ത ഭക്ഷണം. വീട്ടിൽ തയാറാക്കിയ ഭക്ഷണം കിട്ടുമെന്നതായതോടെ കുട്ടികൾക്കു സ്കൂളിൽ വരാൻ ഉത്സാഹമായി. ആവേശമായി. വിശപ്പ് അതിജീവിക്കാൻ കഴിയുമെന്നത് അവരെ സന്തോഷമുള്ളവരാക്കി. അതോടെ ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടങ്ങി. 21 വർഷം മുമ്പ് ഒരു ചെറിയ ക്ലാസ്സ് മുറിയിൽ ഞങ്ങൾ ഒരുമിച്ചിരുന്നു. ഇപ്പോൾ ആറു കേന്ദ്രങ്ങളിലായി 1760 കുട്ടികൾ. 

ഇനിയും കുട്ടികൾ വർധിക്കുകയും കൂടുതൽ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്യുകയെന്നതല്ല എന്റെ ലക്ഷ്യം. മറിച്ച് ഒരു കുട്ടി പോലും എന്നെ തേടി വരാത്ത ഒരു കാലം. അതായത് എല്ലാ കുട്ടികൾക്കും അവർക്കു വേണ്ടതു ലഭിക്കുന്ന കാലം– അതാണെന്റെ സ്വപ്നം. ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊരു കാലം വരികതന്നെചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ''.