ഇവൾ മഹിമ; ഇന്ത്യൻ മീ ടൂ വിന്റെ മുന്നണിപ്പോരാളി

മഹിമ കുകെർജ എന്ന ഇരുപത്തെട്ടുകാരിക്ക് മീ ടൂ പോരാട്ടത്തിന്റെ മുൻനിരയിൽ എത്തണം എന്ന ആഗ്രഹം ഒരിക്കൽപോലും ഉണ്ടായിട്ടില്ല. പക്ഷേ, യാദൃശ്ചികമായി കണ്ട ഒരു ട്വിറ്റർ സന്ദേശം അവരെ ഇപ്പോൾ രാജ്യത്തെ പിടിച്ചുകുലുക്കുന്ന മീ ടൂ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിമാറ്റി. 

ഒരു പരസ്യസ്ഥാപത്തിലായിരുന്നു മഹിമ ജോലി ചെയ്യുന്നത്. ഒക്ടോബർ നാലാം തീയതി അവർ പതിവുപോയെ ജോലിക്കു പോകുകയായിരുന്നു. അപ്പോഴാണ് പ്രശസ്ത ഹാസ്യതാരം ഉത്സവ് ചക്രവർത്തി ഒരു കപ്പലിൽവച്ച് ചിലർ മോശമായി പെരുമാറിയതിനെക്കുറിച്ച് ഒരു സന്ദേശം പോസ്റ്റ് ചെയ്യുന്നതു കാണുന്നത്. 

അറിയപ്പെടുന്ന ഹാസ്യതാരമാണ് ഉത്സവ്. അരലക്ഷത്തിലധികം പേർ ട്വിറ്ററിൽ പിന്തുടരുന്നയാൾ. ഇതേ ഉത്സവ് തന്നെയാണല്ലോ തനിക്ക് ഒരു അശ്ലീല ചിത്രം അയച്ചതെന്ന് മഹിമ പെട്ടെന്ന് ഓർമിച്ചു. പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രം അയച്ച അതേ ആൾ. തന്നെ ഒരിക്കൽ അസ്വസ്ഥയാക്കിയ അതേ മനുഷ്യൻ ഇപ്പോൾ ധാർമികതയുടെ കാവൽഭടനായി മാറിയിരിക്കുന്നു– മഹിമയ്ക്ക് ആ മാറ്റം ഉൾക്കൊള്ളാനായില്ല. ആ നിമിഷത്തിൽ പ്രത്യാഘാതങ്ങളെക്കുറിച്ച് മഹിമ ചിന്തിച്ചില്ല. എന്റെ നിമിഷമെത്തിയിരിക്കുന്നു. ഞാനിതാ എല്ലാം തുറന്നുപറയാൻപോകുന്നു– ആ നിമിഷത്തിൽ മഹിത തന്റെ തീരുമാനം എടുത്തു. 

ഉത്സവിന്റെ ട്വീറ്റിനു മറുപടിയായി തനിക്കു മോശം ചിത്രം അയച്ച സംഭവം ഓർമിപ്പിച്ചുകൊണ്ട് മഹിമ മറുപടി അയിച്ചു. നിഷേധിക്കാൻപോലുമാകാതെ ഉത്സവ് ക്ഷമാപണം അയച്ചു. വിടാതെ പിന്തുടർന്ന ഒരു അസുഖത്തെ നിയന്ത്രിക്കാൻ കഴിച്ച മരുന്നുകളുടെ മയക്കത്തിലാണ് താൻ മോശം ചിത്രങ്ങൾ അയച്ചതെന്നും അയാൾ വിശദീകരിച്ചു. അന്നുമുതൽ മഹിമ ഒരു പുതിയ ജോലി കൂടി ഏറ്റെടുത്തു. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുടെ സന്ദേശങ്ങൾ പരസ്യപ്പെടുത്തുക. വീടുകളിലും പൊതുസ്ഥലങ്ങളിലും ഉണ്ടായ അസഭ്യ പെരുമാറ്റം. അപമര്യാദയുള്ള സ്പർശനങ്ങൾ. തുടർച്ചയായുള്ള പീഡനം. എല്ലാം മഹിമ രേഖപ്പെടുത്തി. പരസ്യപ്പെടുത്തി. തുണയില്ലാത്തവർക്ക് സഹായവും ആവേശവുമായി. 

അമേരിക്കയിലാണ് മീ ടൂ പ്രസ്ഥാനം ഉദയം ചെയ്തതെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. ജോലിസ്ഥലത്തെ പീഡനമായിരുന്നു അമേരിക്കയിലെ പ്രധാനപ്രശ്നമെങ്കിൽ ഇന്ത്യയിൽ അതിനു പല മാനങ്ങളുണ്ടായി. വ്യത്യസ്ത സാഹചര്യങ്ങളിലെ വിവിധ പീഡനാനുഭവങ്ങൾ. അവയെ ഒരുമിപ്പിക്കുകയും ഒരു പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുകയും ചെയ്യാൻ ആരെങ്കിലും മുന്നോട്ടുവരേണ്ടിയിരുന്നു– ആ റോളാണ് മഹിമ ഏറ്റെടുത്തത്. 

അമേരിക്കയിൽ ഉദിച്ച് ജപ്പാനിലേക്കും സ്വീഡനിലേക്കും വ്യാപിച്ച മീ ടൂ ശക്തിയും സ്വാധീനവുമുള്ള ഏറെപ്പേരുടെ കസേര തെറിപ്പിച്ചെങ്കിൽ ഇന്ത്യയിൽ അതേ പ്രസ്ഥാനം ശക്തിയാർജിക്കുന്നത് ആഴ്ചകൾക്കുമുമ്പ്. സിനിമാ വ്യവസായത്തിൽ തുടങ്ങി മാധ്യമമേഖലയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിനൊടുവിൽ ഒരു കേന്ദ്രമന്ത്രിക്കു രാജി സമർപ്പിക്കേണ്ടിവന്നു. ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് ആരോപണങ്ങൾ പുറത്തുവന്നതെങ്കിൽ അമേരിക്കയിൽ പ്രശസ്ത വർത്തമാനപത്രങ്ങളിലൂടെയാണ് ആരോപണങ്ങൾ പുറത്തുവന്നതും വിവാദം സൃഷ്ടിക്കപ്പെട്ടതും. മഹിമ ഉത്സവിനെതിരെ വിവാദം സൃഷ്ടിക്കുമ്പോൾ ബെംഗളൂരുവിൽ സന്ധ്യാ മേനോൻ എന്ന സ്വതന്ത്ര പത്രപ്രവർത്തക സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കുന്ന വിവാദം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കരിയറിലും ജീവിതത്തിലും താൻ എത്രയോ സന്ദർഭങ്ങളിൽ സമാനമായ അനുഭവങ്ങൾക്ക് വിധേയയായിട്ടുണ്ടെന്ന് സന്ധ്യ ചിന്തിച്ചു. അതോടെ തനിക്കും പ്രതികരിക്കാനുള്ള സമയമായെന്ന് സന്ധ്യ തിരിച്ചറിഞ്ഞു. 

മഹിമ, സന്ധ്യാ മേനോൻ എന്നിവർ ഇപ്പോൾ ഇന്ത്യയിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവർത്തിക്കുന്നു. ആരുമില്ലാത്തവർക്കുവേണ്ടി പോരാട്ടം ഏറ്റെടുക്കുന്നു. മൂടിവച്ച കഥകൾ പരസ്യമാക്കുന്നു. ഉന്നതങ്ങളിൽ എത്തിപ്പെട്ട പലരുടെയും മുഖംമൂടികൾ പിച്ചിച്ചീന്തുന്നു. സുപ്രീം കോടതി അഭിഭാഷകയായ ഇന്ദിര ജയ്സിങ്ങും ഇവർക്കൊപ്പമുണ്ട്. പക്ഷേ അപ്രതീക്ഷിതമായ പോരാട്ടം ഏറ്റെടുത്തതോടെ ജീവിതം തകിടം മറിഞ്ഞ അവസ്ഥയിലാണ് സന്ധ്യാ മേനോൻ. പ്രത്യേകിച്ച് ഒരു പ്രോജക്റ്റിൽ ശ്രദ്ധിക്കാനാവാത്ത അവസ്ഥ. മഹിമയ്ക്കും ഇതേ പ്രശ്നമുണ്ട്. പക്ഷേ ജോലി സ്ഥലത്തുനിന്ന് പിന്തുണ ലഭിക്കുന്നതിനാൽ വലിയതോതിലുള്ള സംഘർഷം അനുഭവിക്കേണ്ടിവന്നിട്ടില്ല. 

തങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന പ്രസ്ഥാനം ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉളവാക്കുന്നിതിൽ മഹിമയും സന്ധ്യയും സന്തുഷ്ടരുമാണ്. അടുത്തിടെ ഒരു ചെറിയ പെൺകുട്ടി സൂഹൃത്തിൽനിന്നു നേരിടേണ്ടിവന്ന മോശമായ പെരുമാറ്റത്തെക്കുറിച്ച് പിതാവിനോടു പറഞ്ഞ് പ്രശ്നം പരിഹരിച്ചു. മീ ടൂവാണ് തുറന്നുപറയാൻ തനിക്കു ധൈര്യം നൽകിയതെന്ന് ആ കുട്ടി മഹിമയോടു പറയുകയുണ്ടായി. 

തുറന്നുപറയുക എന്നത് ആദ്യഘട്ടം മാത്രമാണ്. നിയമനടപടികളുടേത് രണ്ടാം ഘട്ടമാണ്. ആ രംഗത്തേക്കും ഇന്ത്യൻ സ്ത്രീകൾ എത്തേണ്ടതുണ്ടെന്നാണ് മഹിമയുടെ ധീരമായ അഭിപ്രായം.