പുരസ്കാരത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ ഉറക്കമില്ലായിരുന്നു ടീജന്‍ ബായിക്ക്. അവര്‍ കാത്തിരിക്കുകയായിരുന്നു. രാജ്യാന്തര പുരസ്കാരമാണ്. ജപ്പാനില്‍നിന്ന്. കലാകാരന്‍മാര്‍ക്കു സമ്മാനിക്കുന്ന സമുന്നത അംഗീകാരം. ഫുക്കുവോക്കുവ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അവാര്‍ഡ്.
അറുപത്തിയൊന്നുവയസ്സുകാരി ടീജന്‍ ബായിക്ക് പുരസ്കാരങ്ങള്‍ പുതുമയല്ല. പക്ഷേ, തന്റെ പാട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച, ശബ്ദത്തെ ഞെരിച്ചമര്‍ത്താന്‍ ശ്രമിച്ച ശക്തികളെ ചെറുത്തുതോല്‍പിച്ച് നേടിയ ലോക പുരസ്കാരത്തിന് മാധുര്യമേറെയാണ്. ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ സന്ധ്യകളിലും രാത്രികളിലും ഇടതടവില്ലാതെ പാടിയും ആടിയും നേടിയ അംഗീകാരം. ലോകം അവസാനം ആ കലയെ തിരിച്ചറിഞ്ഞിരിക്കുന്നു. കലാകാരിയെ അംഗീകരിക്കുന്നു. ഉറങ്ങുന്നതെങ്ങനെ,ആനന്ദിക്കാതിരിക്കുന്നതെങ്ങനെ. സന്തോഷം പ്രകടമാക്കാതിരിക്കാന്‍ പറ്റുമോ. സമകാലിക ഇന്ത്യയിലെ ഒരു ചരിത്രം തന്നെയാണ് ജപ്പാനില്‍നിന്ന് ഉന്നതപുരസ്കാരം നേടിയ ടീജന്‍ ബായി. അറിഞ്ഞിരിക്കേണ്ട ഇതിഹാസം ചരിത്രം.
ടീജന്‍ ബായി ജനിക്കുന്നത് ഭിലായില്‍നിന്നു 15 കിലോമീര്‍ അകലെ ഒരു കൊച്ചുഗ്രാമത്തില്‍. അഞ്ചുമക്കളില്‍ മൂത്ത കുട്ടി. ഗ്രാമത്തിലെ മറ്റെല്ലാ കുട്ടികളെയും പോലെ ടീജന്‍ ബായിക്കും ചുമതലയുണ്ടായിരുന്നു. വീട്ടു ജോലി ചെയ്യുക,താഴെയുള്ള കുട്ടികളെ നോക്കുക. പക്ഷേ, ടീജന്‍ ബായി ആഗ്രഹിച്ചതു പാടാനും ആടാനും. ആ ആഗ്രഹം ഒരു ഉന്‍മാദം തന്നെയായിരുന്നു.
വിട്ടുപോകാത്ത, വര്‍ധിച്ചുകൊണ്ടിരുന്ന ഉന്‍മാദം. പാട്ടു പാടുമ്പോള്‍ അന്ന് ഏറ്റവും കൂടുതല്‍ എതിര്‍ത്തത് അമ്മ. കൊച്ചു ടീജനെ അമ്മ മുറിയില്‍ പൂട്ടിയിടും. ചിലപ്പോള്‍ കഴുത്തിനുചുറ്റും കൈ ചേര്‍ത്തുവച്ച് പുറത്തുവരുന്ന ശബ്ദം തടയാന്‍ ശ്രമിക്കും. പക്ഷേ, ഒരു പക്ഷിയെപ്പോലെ പാടാന്‍ ജനിച്ച കുട്ടിയായിരുന്നു ടീജന്‍. ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും ആ ശബ്ത്തെ അടിച്ചമര്‍ത്താന്‍ ആവില്ലായിരുന്നു.
പില്‍ക്കാലത്ത് പാണ്ഡവാണി എന്ന കലാരൂപത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായി ടീജന്‍ ബായി മാറി; ഇന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര തലത്തിലും. സംഗീതോപകരണങ്ങളുടെ അകമ്പടിയില്‍ മഹാഭാരതത്തില്‍നിന്നുള്ള കഥകള്‍ ആകര്‍ഷകമായി പാടിയാടുന്നതാണ് ടീജന്‍ ബായി പ്രശസ്തമാക്കിയ കലാരൂപം. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ജനകീയ കലാരൂപം.
രാജ്യത്തിനകത്തുനിന്നും ഒട്ടേറെ പുരസ്കാരങ്ങള്‍ ടീജന്‍ ബായിയെ തേടിയെത്തിയിട്ടുണ്ട്. 1987-ല്‍ പത്മശ്രീ. 2003-ല്‍ പദ്മഭൂഷന്‍. 1995-ല്‍ സംഗീത നാടക അക്കാദമി പുരസ്കാരവും ഈ ഗ്രാമീണ കലാകാരിയെ തേടിയെത്തി.
മുത്തച്ഛനില്‍നിന്നുമാണ് ടീജന്‍ ചെറുപ്പകാലം മുതലേ പാണ്ഡവാണി കലാരൂപം പഠിച്ചെടുക്കുന്നത്. കൊച്ചുമകളെ ചീത്തയാക്കിയതിന്റെ പേരില്‍ അക്കാലത്ത് മുത്തഛനും പഴി കേട്ടിരുന്നു. പക്ഷേ ടീജന്‍ അതീവ ശ്രദ്ധയോടെ മുത്തഛന്റെ അടുത്തിരുന്ന് കഥകള്‍ കേട്ടു. പാട്ടുകള്‍ പാടി. പിന്നീട് ഉമുദ് സിങ് ദേശ്മുഖ് എന്ന ഗുരുവില്‍നിന്നു നേരിട്ടു പഠിക്കുകയും ചെയ്തു. നാട്ടുനടപ്പനുസരിച്ച് 12-ാം വയസ്സില്‍ വിവാഹിതയാകേണ്ടിവന്നു ടീജന്. പക്ഷേ, പെണ്‍കുട്ടിയായിരുന്നിട്ടും പാട്ടുപാടി നടന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും, സമുദായത്തില്‍നിന്നു പുറത്താക്കപ്പെട്ടു. ഒരു കൊച്ചുകൂര അവര്‍ സ്വന്തമായുണ്ടാക്കി. അയല്‍വക്കത്തുനിന്നു കടം വാങ്ങിയ അടുക്കള ഉപകരണങ്ങളുമായി സ്വന്തമായി ജീവിക്കാന്‍ ആരംഭിച്ചു: പാടാനും.പുറത്താക്കപ്പെട്ടതിനുശേഷം ഒരിക്കല്‍പ്പോലും ഭര്‍ത്താവിന്റെ വീട്ടിലേക്കു തിരിച്ചുചെന്നിട്ടുമില്ല.
13-ാം വയസ്സില്‍ 10 രൂപ പ്രതിഫലം വാങ്ങിക്കൊണ്ടായിരുന്നു ടീജന്റെ ആദ്യത്തെ പൊതുചടങ്ങ്. അയല്‍ഗ്രാമമായ ചന്ദ്രഖുറിയില്‍. അതുവരെ സ്റ്റേജില്‍ ഇരുന്നുകൊണ്ടായിരുന്നു കലാകാരന്‍മാര്‍ പാടിത്തിമിര്‍ത്തിരുന്നത്. 13-ാം വയസ്സില്‍ ആദ്യചടങ്ങില്‍ത്തന്നെ പാരമ്പര്യം ടീജന്‍ പൊളിച്ചെഴുതി. നിന്നുകൊണ്ടുതന്നെ അവര്‍ പാട്ടുകള്‍ പാടി. ഗ്രാമത്തിനും ഗ്രാമീണര്‍ക്കും മുഴുവന്‍ പാടുന്ന കലാകാരിയെ കാണാന്‍ സാധിച്ചു. കല ആസ്വദിക്കാനും.
പൊതുസദസ്സില്‍ പാടുന്ന പെണ്‍കുട്ടികളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു അക്കാലത്ത്. ജീവിതത്തില്‍ ഒന്നിലധികം പ്രാവശ്യം അപമാനത്തിന് ഇരയായിട്ടുണ്ട് ടീജന്‍. സ്റ്റേജില്‍ കയറിയാല്‍ കഥാപാത്രങ്ങളായി ഭാവം പകരുന്നതാണ് ടീജന്റെ മിടുക്ക്. ഭീമനായും കര്‍ണനായും എല്ലാം നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും. അവസാനമാകുമ്പേഴേക്കും തളര്‍ന്നുപോകും. ഇടയ്ക്കു വീല്‍ചെയര്‍ ഉപയോഗിക്കേണ്ടിവന്നിട്ടുമുണ്ട് ഗ്രാമത്തില്‍നിന്നും ലോകത്തിന്റെ വിദൂരമായ കോണുവരെയെത്തിയ ഈ കലാകാരിക്ക്.
സ്കൂളില്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ എഴുത്തും വായനയും ടീജന് അറിയില്ല. ദേവനാഗരി ലിപിയില്‍ സ്വന്തം പേര് എഴുതാന്‍ മാത്രമറിയാം. എന്നിട്ടും ജപ്പാനിലെ വിവധ ചടങ്ങുകളില്‍ ഡോക്ടര്‍ എന്നാണ് ടീജനെ പരിചയപ്പെടുത്തിയത്. ഒന്നിലധികം സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചിട്ടുണ്ട് അവര്‍ക്ക്. കയ്യില്‍ സ്വന്തം പേര് അവര്‍ പച്ചകുത്തിയിട്ടുണ്ട്. ആ ടാറ്റൂ നോക്കിയിട്ടാണ് ചെക്കുകളില്‍ ഒപ്പിടുന്നത്.
ജപ്പാനില്‍ ടീജന്‍ നടത്തിയതു വിജയകരമായ ലോകപര്യടനം. ഒരു ഇന്ത്യന്‍ കലാകാരിയുടെ ഇതിഹാസ പര്യടനം.