ഒരു കൈയിൽ കത്തിച്ചു പിടിച്ച സിഗരറ്റും മറുകൈയിൽ വൈൻ ഗ്ലാസുമായുള്ള ചിത്രം പ്രചരിച്ചതോടെയാണ് ടെലിവിഷൻ താരവും മോഡലുമായ ശ്വേതാ സാൽവെ ആരാധകരുടെ കണ്ണിലെ കരടായി മാറിയത്. മകൾക്ക് മോശം ഉദാഹരണം കാണിച്ചു കൊടുക്കുന്ന അമ്മ എന്നാണ് ചിത്രം കണ്ട് ചിലർ താരത്തിന് നേരിട്ട് സന്ദേശങ്ങളയച്ചത്.
ഗോവയിൽ അവധിക്കാലമാഘോഷിക്കാൻ പോയപ്പോഴെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ തന്റെ ചിത്രം കണ്ട് താൻ ഒരു മോശം അമ്മയാണെന്ന് വിധിച്ചവരോട് ക്ഷമിക്കാനോ, അവരുടെ പ്രതികരണങ്ങൾക്ക് മറുപടി നൽകാതിരിക്കാനോ ശ്വേതയ്ക്കു കഴിഞ്ഞില്ല.
ട്രോളുകൾക്ക് അവർ മറുപടി നൽകിയതിങ്ങനെ :- 'അതേ, ഞാൻ കുടിക്കും വലിക്കും. യഥാർഥത്തിൽ ഞാനങ്ങനെയാണ്, സത്യസന്ധയാണ്, അടിസ്ഥാനപരമായി അങ്ങനെയാണ്. അതുകൊണ്ട് ഞാനെന്ന വ്യക്തിയെയും എന്നിലെ അമ്മയെയും ആരെങ്കിലുമൊക്കെ വിധിക്കുന്നതെന്തിനാണ്?. അങ്ങനെ ചെയ്യുന്ന ആരെയെങ്കിലും ഞാൻ ചോദ്യം ചെയ്യുകയോ, അവരെക്കുറിച്ച് എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്യാറുണ്ടോ? അപ്പോൾ തിരിച്ചും ആ മാന്യത പ്രതീക്ഷിക്കുന്നുണ്ട്'.
'മദ്യപാനവും പുകവലിയും എങ്ങനെയാണ് എന്നെയൊരു മോശം വ്യക്തിയും മോശം അമ്മയുമാക്കുന്നത്. ഞാനെന്റെ ജീവിതം പാഴാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ജോലിയില്ലാതെയോ,ജോലിക്കു പോകാതിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്റെ കുഞ്ഞിനെ ഞാൻ അവഗണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻജോലി ചെയ്യുന്നുണ്ട്... ഒരുപാട് ജോലി. ഞാൻ ഒരു അവതാരകയാണ്, നർത്തകിയാണ്, വ്യവസായ സംരംഭകയാണ്. രാജ്യത്തെ രണ്ടു നഗരങ്ങളിലായി വിജയകരമായി ഞാൻ ജീവിക്കുന്നുണ്ട്. എന്റെ സംസാരം ആക്രമണോത്സുകമാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ ഒരിക്കലുമെന്റെ കഴിവുകളെ ചോദ്യം ചെയ്യുകയോ ഞാനെന്റെ കുഞ്ഞിന് മോശം ഉദാഹരണമാണ് നൽകുന്നതെന്നോ പറയരുത്'. - വൈൻ നുണയുന്ന മറ്റൊരു ചിത്രം പങ്കുവച്ച് ശ്വേത കുറിച്ചതിങ്ങനെ.