അഭിനയിച്ച ആദ്യ പടം തന്നെ ബി ടൗണിൽ ചർച്ചയാകുന്നത് തുടക്കകാരികളായ നടികൾക്കു കിട്ടുന്ന അപൂർവ ഭാഗ്യമാണെന്നും ആ ഭാഗ്യം സാറാ ആലീഖാനുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. സിനിമാ കുടുംബത്തിൽ നിന്നു വന്ന താരപുത്രി പക്ഷേ പെട്ടന്ന് തനിക്കു ലഭിച്ച പേരിലും പ്രശസ്തിയും മതിമറന്നില്ലെന്നും അഭിമാനത്തോടെ അവർ പറയുന്നു.
ബോളിവുഡ് താരമായ സെയ്ഫ് അലീഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകളും, ഷർമിള ടാഗോറിന്റെ കൊച്ചുമകളുമാണ് സാറ. അഭിനയം രക്തത്തിൽക്കലർന്ന ഈ പെൺകുട്ടി കേദാർ നാഥ്, സിംബ എന്നീ ചിത്രങ്ങളിലൂടെയാണ് ബി ടൗണിൽ ചുവടുറപ്പിച്ചത്. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് പെട്ടന്ന് പ്രശസ്ത നടിയായി മാറിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് സാറ നൽകിയ മറുപടിയിങ്ങനെ :-
''സത്യം പറഞ്ഞാൽ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കേദാർ നാഥ് എന്ന ചിത്രത്തിന്റെ സമയത്തു തന്നെ വളരെ ക്രേസിയായാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ അതിന്റെ പ്രമോഷൻ പരിപാടിയുമായി ഞാൻ തിരക്കിലായി. അപ്പോഴേക്കും സിംബ എന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറുകളും പുറത്തു വരാൻ തുടങ്ങിയിരുന്നു. അങ്ങനെ നോക്കുമ്പോൾ എല്ലാം വളരെപ്പെട്ടന്നാണ് നടന്നത്.''- സാറ പറയുന്നു.
''കാര്യങ്ങളിങ്ങനെ വളരെവേഗത്തിൽ മുന്നോട്ടു പോകുമ്പോൾ ചെയ്യാനുള്ള ജോലിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ജീവിതത്തിലെ ഒഴുക്കിലങ്ങനെ പെയ്ക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടുന്നതിനെക്കുറിച്ചൊക്കെ ഉത്തമ ബോധ്യമുണ്ട്.പക്ഷേ ആ ശ്രദ്ധയെ അഭിനന്ദനമായാണ് ഞാൻ കണക്കാക്കുന്നത്. ഒരു ദിവസം അവസാനിപ്പിക്കുമ്പോൾ വീട്ടുകാരുടെയടുത്തേക്ക് ഞാൻ മടങ്ങുന്നത് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായിട്ടാണ്. ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷമുണ്ട്, പക്ഷേ അതൊന്നും തലയിൽക്കയറ്റിവയ്ക്കാതെ സാധാരണക്കാരിയായി ജീവിക്കാനാണ് ശ്രമിക്കുന്നത്.''- സാറ പറയുന്നു.