ബി ടൗൺ ഏറെ കാത്തിരുന്നൊരു അരങ്ങേറ്റമായിരുന്നു സെയ്ഫ് അലീഖാന്റെയും മുൻ ഭാര്യ അമൃത സിങ്ങിന്റെയും മകൾ സാറാ അലീഖാന്റേത്. സാറയുടെ കന്നിച്ചിത്രമായ കേദാർ നാഥ് ബോളിവുഡിൽ വലിയ തരംഗമൊന്നും സൃഷ്ടിച്ചിരുന്നില്ലെങ്കിലും സാറയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സാറയുടെ ഓരോ ചലനങ്ങളും ആരാധകരും വിമർശകരും സസൂഷ്മം നിരീക്ഷിക്കാറുണ്ടിപ്പോൾ. പക്വതയുള്ള പ്രകൃതവും ഊർജ്ജസ്വലമായ പെരുമാറ്റവും കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ സാറ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അച്ഛനമ്മമാരുടെ വേർപിരിയലിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ്.
അച്ഛനമ്മമാർ വേർപിരിയാൻ പോകുന്നു എന്ന വാർത്തയെ സാറ എങ്ങനെയാണ് നേരിട്ടതെന്നും ആ സമയങ്ങളിൽ മനസ്സിൽ എന്തൊക്കെയായിരുന്നു എന്നുമുള്ള ചോദ്യത്തിന് സാറ നൽകിയ മറുപടിയിങ്ങനെ:-
''ആ വേർപിരിയൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ജീവിതത്തിലുണ്ടാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെയും സഹോദരന്റെയും കാര്യങ്ങൾ നോക്കാൻ അമ്മയുണ്ടായിരുന്നു. ഒരു ഫോൺകോളിനപ്പുറത്ത് ഞങ്ങളെ കേൾക്കാൻ അച്ഛനുമുണ്ടായിരുന്നു. അതുകൊണ്ട് ഇരുവരും ഞങ്ങൾക്കൊപ്പമില്ലെന്ന ചിന്തയൊന്നും ഉണ്ടായിട്ടില്ല.
''ഒരുപാടു കാര്യങ്ങളെടുത്തു നോക്കിയാൽ അവർ പിരിഞ്ഞതിൽ സന്തോഷമേ തോന്നുന്നൂള്ളൂ. ഒരുമിച്ചുള്ളപ്പോൾ അവർക്ക് സന്തോഷത്തോടെയിരിക്കാനാവില്ലെന്ന് എനിക്കറിയാം. അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾക്കും സന്തോഷത്തോടെയിരിക്കാൻ കഴിയില്ല. അസന്തുഷ്ടരായ മാതാപിതാക്കൾ ഒരു കൂരയ്ക്കു കീഴിൽ ഒരുമിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത്. രണ്ടു വീട്ടിൽ അവരിരുവരും സന്തോഷത്തോടെയിരിക്കുന്നതാണ്.''- സാറ പറയുന്നു.
ബോളിവുഡിലെ പുതിയ താരോദയമായതിനെക്കുറിച്ച് എന്താണഭിപ്രായം എന്ന ചോദ്യത്തിന് ലഭിക്കുന്ന ജോലികൾ കഠിനാധ്വാനത്തോടെ ചെയ്യുന്നു എന്നല്ലാതെ താരപദവിയെക്കുറിച്ചൊന്നും താൻ ചിന്തിക്കുന്നില്ലെന്നായിരുന്നു സാറയുടെ മറുപടി. അച്ഛൻ സെയ്ഫിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് '' ദൈവമനുവദിച്ചാൽ ഒരുമിച്ചഭിനയിക്കാനാകും. അങ്ങനെ അടിക്കടി സംഭവിക്കണമെന്നില്ല, പക്ഷേ ഞങ്ങളുടെ സാന്നിധ്യത്തെ സാധൂകരിക്കാനാകുന്ന ഒരു സ്ക്രിപ്റ്റ് കിട്ടുകയാണെങ്കിൽ തീർച്ചയായും ഒരുമിച്ചഭിനയിക്കും''.- സാറ പറയുന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സാറ ബി ടൗണിലെത്തിയത്. കേദാർ നാഥ്, സിംബ എന്നീ ചിത്രങ്ങളിലാണ് സാറ അഭിനയിച്ചത്.