ആരാധകരുടെ ഇഷ്ടവും വിരോധവും ഒരേ മനസ്സോടെയാണ് സ്വീകരിക്കാറുള്ളതെന്ന് പല പ്രശസ്തരും പറയുന്നത്. എങ്കിലും ചിലപ്പോഴൊക്കെ വിമർശകരുടെ ചില പ്രതികരണങ്ങൾ അവരുടെ മനസ്സിൽ മായാത്ത മുറിവായി അവശേഷിക്കാറുമുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് അത്തരമൊരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
അഭിമുഖത്തിന്റെ ഭാഗമായി നടന്ന റാപിഡ് ഫയർ റൗണ്ടിലാണ് ഐശ്വര്യ മനസ്സു തുറന്നത്. തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ് കാപട്യക്കാരി, പ്ലാസ്റ്റിക് (fake and plastic) എന്നീ വിളികളാണെന്ന് താരം പറഞ്ഞു. ഐശ്വര്യയുടെ ആ പ്രസ്താവന പുറത്തു വന്നപ്പോഴാണ് ആരാധകർ ഐശ്വര്യയുടെ ആ ഉത്തരത്തിനു പിന്നിലെ കാരണം തേടിപോയത്. കോഫി വിത്ത് കരൺ എന്ന ഷോയുടെ 4–ാം സീസണിൽ അതിഥിയായെത്തിയ ഇമ്രാൻ ഹാഷ്മി ഐശ്വര്യയെക്കുറിച്ചു സംസാരിക്കുകയും പ്ലാസ്റ്റിക് എന്ന് വിളിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിളിച്ചത് ഒരു നേരമ്പോക്കിനു വേണ്ടിയാണെന്നും പരിപാടിയിൽ രസകരമായ ഉത്തരം നൽകുന്നവർക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാൻ വേണ്ടിയാണെന്നും പറഞ്ഞുകൊണ്ട് പിന്നീട് ഇമ്രാൻ ഹാഷ്മി താരത്തോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഐശ്വര്യയുടെ പുതിയ അഭിമുഖം പുറത്തു വന്നതോടെ ഇമ്രാനു നേരെയുള്ള ഐശ്വര്യയുടെ ഒളിയമ്പാണോ ഈ ഉത്തരങ്ങൾ എന്ന സംശയത്തിലാണ് ആരാധകർ.