കുഞ്ഞുങ്ങൾ ആദ്യമായി തനിച്ചു പുറത്തു പോയിത്തുടങ്ങുമ്പോൾ എല്ലാ മാതാപിതാക്കളും എപ്പോഴും നൽകുന്ന ഒരു ഉപദേശമുണ്ട്. പരിചയമില്ലാത്തവർ നൽകുന്ന മധുര പലഹാരങ്ങളോ സമ്മാനങ്ങളോ കൈ നീട്ടി വാങ്ങരുത്. മാന്യമായ രീതിയിൽ അത്തരം സൽക്കാരങ്ങളോട് നോ പറയുക. സുരക്ഷയുടെ കാര്യമെടുക്കുമ്പോൾ കേരളപൊലീസിനും ജനങ്ങൾക്ക് നൽകാനുള്ളത് അത്തരമൊരു ഉപദേശമാണ്. അപരിചിതരോട് ബുദ്ധിപരമായ അകലം സൂക്ഷിക്കുക.
ബി വെയർ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ട്രെയിൻ യാത്രയ്ക്കൊരുങ്ങുമ്പോഴെടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കേരള പൊലീസ് ജനങ്ങളെ ഓർമ്മിപ്പിക്കുന്നത്. കേരള റെയിൽവേ പൊലീസിനു വേണ്ടി കേരള പൊലീസ് സോഷ്യൽ മീഡിയ വിഭാഗമാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് മിനിറ്റ് 37 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ കോൺസപ്റ്റ് റെയിൽവേ പൊലീസ് എസ്.പിയായ മെറിൻ ജോസഫ് ഐപിഎസിന്റേതാണ്.
ട്രെയിൻ യാത്രക്കിടയിൽ പണവും ആഭരണവും, അങ്ങനെ സ്വന്തമായുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നഷ്ടപ്പെട്ട ഒരു യുവാവിന്റെ കഥയാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. അപരിചിതനുമായുണ്ടായ സൗഹൃദം എത്ര വലിയ നഷ്ടമാണ് അയാൾക്കുണ്ടാക്കിയതെന്നും ഹ്രസ്വചിത്രം പറഞ്ഞു വയ്ക്കുന്നു. നിങ്ങളുടെ ജാഗ്രതയാണ് നിങ്ങളുടെ സ്വത്തുക്കളുടെ ഏറ്റവും വലിയ കാവൽക്കാരൻ എന്ന അറിവു നൽകിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.