sections
MORE

വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ നാടകം കളിച്ചു, പിന്നെ പൊളിഞ്ഞു; ട്വിസ്റ്റുകൾ നിറഞ്ഞ ബ്ലാക്ക് ഷീപ്പ്

black-sheep-01
SHARE

പെൺമക്കളുള്ള ഓരോ അമ്മമാരും ഏറെ ചങ്കിടിപ്പോടെ വായിച്ച ഒരു വാർത്തയിൽ നിന്നാണ് ബ്ലാക്ക് ഷീപ് എന്ന ഹ്രസ്വചിത്രത്തിന്റെ പിറവി. ആറുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ശ്വാസമടക്കിപ്പിടിക്കാതെ കണ്ടിരിക്കാനാവില്ല. കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ പെൺവാണിഭ സംഘം നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെയും, തലനാരിഴയ്ക്ക് അവരുടെ പിടിയിൽ നിന്ന് രക്ഷപെടുന്ന പെൺകുട്ടിയുടെയും കഥയാണ് ബ്ലാക്ക് ഷീപ്പ് എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്.

കൊല്ലം ചാത്തന്നൂരിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി  നന്ദു ഉണ്ണികൃഷ്ണനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബസ് കാത്തു നിൽക്കുന്ന ഒരു പെൺകുട്ടിയിൽ നിന്നും തുടങ്ങുന്ന ഹ്രസ്വചിത്രം പറയുന്നത് വലിയൊരു അപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രം അവൾ രക്ഷപെടുന്ന കഥയാണ്.

പെൺകുട്ടിയെ ലക്ഷ്യമിട്ടു വന്ന പെൺവാണിഭ സംഘത്തിലെ സ്ത്രീ ബസ്സിൽ അവളുടെ അടുത്തു തന്നെ ഇരിപ്പുറപ്പിക്കുന്നു. ദൈന്യതയും നിസ്സഹായ ഭാവവും മുഖത്തു നിറച്ച് തന്റെ കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും കഥകൾ പറഞ്ഞ് പെൺകുട്ടിയുടെ സഹതാപം പിടിച്ചു പറ്റുന്നു. ടിക്കറ്റെടുക്കാനുള്ള തുകയുടെ പകുതി മാത്രമേ തന്റെ കൈയിലുള്ളൂവെന്ന് പതം പറഞ്ഞ് അവർ പെൺകുട്ടിയെക്കൊണ്ട് രണ്ടു ടിക്കറ്റെടുപ്പിക്കുന്നു. ഇതിനിടെ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും അവളുടെ പഠനത്തെക്കുറിച്ചുമെല്ലാം അവർ സൂത്രത്തിൽ അന്വേഷിക്കുന്നു.

ഒരു സ്റ്റോപ്പിലെത്തിയപ്പോൾ പെൺകുട്ടിയെ തനിക്കൊപ്പം ബലമായി പിടിച്ചിറക്കാൻ ആ സ്ത്രീ ശ്രമിക്കുകയും പെൺകുട്ടി പ്രതിരോധിക്കുകയും ചെയ്യുന്നു. ബഹളം ശ്രദ്ധിച്ചെത്തിയ മറ്റു യാത്രക്കാരോടും കണ്ടക്ടറോടും പെൺകുട്ടിയുടെ അമ്മയാണ് താനെന്നു പറഞ്ഞ് അവർ വിശ്വസിപ്പിക്കുന്നു. പിടിവലി പുരോഗമിക്കുമ്പോൾ സംഭവിക്കുന്ന ഒരു ട്വിസ്റ്റോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA