ആസിഡിനേക്കാൾ പൊള്ളിക്കും ഈ ചിത്രങ്ങൾ; ഇത് ലക്ഷ്മിയുടെ ചലഞ്ച്

സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന 10 ഇയർ ചലഞ്ചിൽ അഭിരമിച്ച് സെലിബ്രിറ്റികളും സാധാരണക്കാരും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങൾ കൗതുകവും മറ്റു ചില ചിത്രങ്ങൾ ചിരിയും സമ്മാനിക്കുമ്പോൾ ഉള്ളു നോവിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ലക്ഷ്മി അഗർവാൾ ഈ ചലഞ്ചിന്റെ ഭാഗമായത്.

ആസിഡ് ആക്രമണത്തിലെ ഇര എന്ന പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞ ലക്ഷ്മിയുടെ പേരും മുഖവും ഇന്നും ആരും മറന്നു കാണാനിടയില്ല. 2005 ൽ ആണ് ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ച ദുരനുഭവമുണ്ടായത്. അവളുടെ 16–ാം വയസ്സിൽ‌ പ്രണയാഭ്യർഥന നിരസിച്ചതിനുള്ള പ്രതികാരമായിട്ടാണ് അവളുടെ മുഖത്തേക്ക് ഒരുവൻ ആസിഡ് വീശിയൊഴിച്ചത്.

ഒരുപാട് ശസ്ത്രക്രിയകൾക്കും ചികിൽസകൾക്കും ശേഷമാണ് ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചത്. വിധി സമ്മാനിച്ച അപ്രതീക്ഷിത ദുരന്തത്തിൽ പകച്ചുപോകാതെ പോരാടിയ അവളെ തേടി ഒരു ജീവിത പങ്കാളിയെത്തി. ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ് ലക്ഷ്മി.  ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി. ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി എത്തുന്ന. ‘ഛപാക്' എന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക.

ആസിഡ് ആക്രമണം കൊണ്ട് തന്റെ ജീവിതത്തെ തകർക്കാൻ ശ്രമിച്ചവൻ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുത്തുകൊണ്ടാണ് തന്റെ ജീവിത കഥ പറയുന്ന കുറച്ചു ചിത്രങ്ങൾ ടെൻ ഇയർ ചലഞ്ചിന്റെ ഭാഗമായി ലക്ഷ്മി പങ്കുവച്ചത്.