ജീവിതത്തിൽ മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ച രണ്ടു കൂട്ടുകാരികളെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും മാഡ്‌ലിൻ എന്ന കായിക താരത്തിന്റെ സ്വരം ഇടറും. കണ്ണുകൾ നിറഞ്ഞുകൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത സംഭവത്തെ മാഡ്‌ലിൻ ആഡംസ് എന്ന ക്രോസ് കണ്‍ട്രി താരം ഓർത്തെടുക്കുന്നതിങ്ങനെ :-
''എസിസി വിമന്‍സ് ക്രോസ് കണ്‍ട്രി ചാംച്യന്‍ഷിപ്പാണ് വേദി. മല്‍സരത്തിനിറങ്ങിയത് അപാരമായ ആത്മവിശ്വാസത്തോടെയാണ്. വര്‍ഷങ്ങള്‍ പരിശീലിച്ചതും കഷ്ടപ്പെട്ടതുമെല്ലാം ഈ വേദിയിലെത്താനും വിജയിക്കാനുമാണ്. മുടി ഒരിക്കല്‍ക്കൂടി മുകളിലേക്ക് കെട്ടിവച്ച്, ഷൂ ലേസ് ഒന്നുകൂടി മുറുക്കി, മനസ്സില്‍ ഒരു വലിയ മല്‍സരത്തിനുവേണ്ട ആവശം മുഴുവന്‍ നിറച്ചു. ആദ്യത്തെ കാല്‍ മുന്നോട്ടുവച്ചതുതന്നെ സ്വര്‍ണം സ്വപ്നം കണ്ടാണ്. പക്ഷേ, നിരന്തര വ്യായാമത്താല്‍ ഒരുക്കിയെടുത്ത ശരീരം ചതിച്ചു. മുന്നോട്ടു കുതിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ എന്തോ സംഭവിക്കുന്നതു പോലെ. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തളര്‍ച്ച, ശരീരമാസകലം വേദന, കാലുകള്‍ ഒരടിയനങ്ങുന്നില്ല''.
മനസ്സു പറഞ്ഞു ജീവിതത്തിലെ ഏറ്റവും വലിയ മല്‍സരമാണ്. മുഴുവന്‍ ശക്തിയും സംഭരിച്ച് ഓടണം. ഫിനിഷിങ് ലൈനിനു മുമ്പിലുള്ള കുന്നിന്റെ മുകളില്‍നിന്ന് താഴേക്ക് കുറച്ചു ദൂരം കൂടി ഓടി. പെട്ടെന്നാണ് എന്റെ കാലുകള്‍ തളര്‍ന്നത്. പിന്നെ നിയന്ത്രണം നഷ്ടപ്പെട്ട് കാലുകള്‍ തളര്‍ന്ന് ഭൂമി പിളര്‍ന്ന് താഴേക്കു പോകുന്നതുപോലെ തോന്നി. നിലത്തേക്ക് ഇരുന്നുപോയി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. മനസ്സിനോടു ചോദിച്ചു കൊണ്ടിരുന്നു എന്താണു സംഭവിക്കുന്നത്? എന്തേ നിലത്തിരിക്കുന്നത്? എഴുന്നേല്‍ക്കൂ... ഇല്ല. ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവുന്നില്ല.
താഴേക്കു വീണെങ്കിലും എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കി. അതും പരാജയപ്പെട്ടു. എനിക്ക് പിന്നിലുണ്ടായിരുന്നവര്‍ മിന്നല്‍വേഗത്തില്‍ അരികിലൂടെ പാഞ്ഞുപോകുന്നു. ഫിനിഷിങ് ലൈനിലേക്കാണവര്‍. സ്വര്‍ണം മോഹിച്ച ഞാൻ നിലത്ത് മണ്ണും പൊടിയും ഭക്ഷിച്ച്... പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ട് മണ്ണില്‍ കിടന്നു. അപ്പോഴാണ് ആരോ എന്നെ തൊട്ടത്. എവഡേറ്റ് എന്ന മല്‍സരാര്‍ഥിയായിരുന്നു അത്. മല്‍സരം പൂര്‍ത്തിയാക്കാതെ അവർ വീണുകിടന്ന എനിക്കരുകിലെത്തി. എന്നെ കൈകളില്‍ കോരിയെടുത്ത് ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ഒറ്റയ്ക്ക് എന്നെ ഉയർത്താൻ അവർക്കു കഴിഞ്ഞില്ല. അപ്പോഴാണ് റേച്ചല്‍ പീസ് എന്ന സഹതാരവും സഹായിക്കാനെത്തിയത്. രണ്ടുപേരും കൂടി എന്നെ ഉയര്‍ത്തി. എന്റെ ഇരുകൈകളും തങ്ങളുടെ തോളുകളിലേക്കിട്ട് എന്നെ പിടിച്ചുയര്‍ത്തി. മെഡിക്കൽ സ്റ്റാഫിന്റെ സമീപത്തെത്തിച്ചു''.
മല്‍സരത്തിനിടെയുണ്ടായ പരുക്കിനെത്തുടര്‍ന്നു വിശ്രമിക്കുന്ന മാഡ്‌ലിന്‍ പറയുന്നു: 'ഇപ്പോള്‍ എന്റെ മനസ്സില്‍ മല്‍സരം ഇല്ല. സ്വര്‍ണമോ വെള്ളിയോ ഇല്ല. ബാക്കിനില്‍ക്കുന്നത് രണ്ടു സഹതാരങ്ങളുടെ സ്വാര്‍ഥതയില്ലാത്ത പെരുമാറ്റവും സ്നേഹവും മാത്രം. അവരെ എങ്ങനെയാണ് ഞാന്‍ വിശേഷിപ്പിക്കേണ്ടത്. ഓർമിക്കേണ്ടത്. വിജയം മധുരതരമാണ്. എന്നാല്‍ വിജയത്തേക്കാള്‍ മധുരിക്കും വിജയലഹരി അന്ധമാക്കാത്ത സ്നേഹവും സഹാനുഭൂതിയും.''- ഒളിപിംക്സ് മല്‍സരത്തേക്കാള്‍ വീറും വാശിയുമുള്ള ജീവിതകഥയും അതിന്റെ അതിശയകരമായ ക്ലൈമാക്സും വിവരിച്ചുകൊണ്ട് മാൻഡ്‌ലിൻ പറയുന്നു.