നടിയും രാഷ്ട്രീയ നേതാവുമായ ജയപ്രദ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു വരെ താൻ ചിന്തിച്ചിട്ടുണ്ടെന്നും അതിന്റെ കാരണങ്ങളെക്കുറിച്ചുമാണ് ജയപ്രദ തുറന്നു പറഞ്ഞത്.

മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു ഘട്ടത്തിൽ മനസ്സു തകർന്ന താൻ ആ സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. തന്റെ ഗോഡ്ഫാദറായ അമർസിങ്ങിനെ ചേർത്തുള്ള വിവാദമാണ് തന്റെ മനസ്സു കലക്കിയ മറ്റൊരു സംഭവമെന്നും ജയപ്രദ തുറന്നു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയപ്രദ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

'' അമർസിങ് ജി ഡയാലിസിസ് ചികിൽസയ്ക്കു വിധേയനായിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു എന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിച്ചത്. അതു കണ്ട് ഞാൻ കുറേ കരഞ്ഞു. എനിക്കിനി ജീവിക്കാൻ ആഗ്രഹമില്ലെന്നു ഞാൻ പറഞ്ഞു. അത്തരമൊരു വിഷമാവസ്ഥയിലൂടെ കടന്നു പോയപ്പോൾ എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല.''- മുംബൈയിൽ നടന്ന ക്വീൻസ് ലൈൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ വച്ച് ഒരു ദേശീയ മാധ്യമത്തോട് അവർ മനസ്സു തുറന്നതിങ്ങനെ.

'' ആളുകൾ എന്നെക്കുറിച്ചും അമർ സിങ്ങിനെക്കുറിച്ചും അപവാദങ്ങൾ മെനഞ്ഞതറിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ കൈയിൽ രാഖികെട്ടി. അദ്ദേഹം ഡയാലിസിസിനു ശേഷം മടങ്ങി വന്നപ്പോഴായിരുന്നു ഇതൊക്കെ. അദ്ദേഹം മാത്രമാണ് അന്ന് എന്റെ ഒപ്പം നിന്നതും പിന്തുണച്ചതും. അങ്ങനെയൊരാൾ ഗോഡ്ഫാദർ അല്ലാതെ മറ്റാരാണ്. അദ്ദേഹത്തെ രാഖിയണിയിച്ചിട്ടുപോലും മോശം സംസാരം നിർത്താൻ ആളുകൾ തയാറായില്ല. ആളുകൾ പറയുന്നതൊന്നും കാര്യമാക്കാതെയിരിക്കാൻ പിന്നീട് ഞാൻ പഠിച്ചു''.

സമാജ്‌ വാദ് പാർട്ടി നേതാവ് അസംഖാനിൽ നിന്ന് ആസിഡ് ആക്രമണ ഭീഷണി നേരിട്ടിട്ടുണ്ടെന്നും ജയപ്രദ വെളിപ്പെടുത്തി. '' നാളെ ജീവനോടെയുണ്ടാകുമോയെന്ന് ഉറപ്പില്ലാതെയാണ് അന്നൊക്കെ ജീവിച്ചത്. വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പില്ല എന്ന് അമ്മയോടു പറഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് രാവിലെ പുറപ്പെട്ടിരുന്നത്''.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ജയപ്രദ പറയുന്നതിങ്ങനെ :- '' മുലായം സിങ് ജിയിൽ നിന്ന് ഒരിയ്ക്കലും പിന്തുണ ലഭിച്ചില്ല. അദ്ദേഹം ഒരിയ്ക്കൽപ്പോലും എന്നെ വിളിച്ചില്ല. പുരുഷാധിപത്യ സമൂഹത്തിൽ നിലനിൽപ്പിനുവേണ്ടിയുള്ള ആ പോരാട്ടത്തെ ശരിക്കും ഒരു യുദ്ധം എന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മണികർണിക എന്ന ബോളിവുഡ് ചിത്രം കണ്ടതിനു ശേഷം എനിക്കു തോന്നിയതിതാണ്. ഓരോ സ്ത്രീയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ദുർഗാദേവിയുടെ അവതാരമെടുക്കണമെന്ന്.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം അമർസിങും ജയപ്രദയും ചേർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പാർട്ടി രൂപീകരിച്ചു.