ഒൻപത് വർഷം മുമ്പ് പിണങ്ങിപ്പിരിഞ്ഞ അതേവേദിയിൽവച്ചാണ് വന്നവഴി മറക്കരുതെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ കരീന കപൂർ ഓർമ്മപ്പെടുത്തിയത്.  ബിടൗണിലെ തിരക്കുള്ള നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ എന്ന ഹിറ്റ് ചാറ്റ് ഷോയ്ക്കിടെയാണ്  കരീന പ്രിയങ്കയെ ഉപദേശിച്ചത്.

ചാറ്റ്ഷോയുടെ പ്രമോ വിഡിയോ പുറത്തു വന്നതോടെയാണ് താരറാണിമാരായ കരീനയുടെയും പ്രിയങ്കയുടെയും പിണക്കത്തെക്കുറിച്ച് വീണ്ടും ബിടൗൺ ചർച്ച ചെയ്തു തുടങ്ങിയത്. വരുൺ ധവാന്റെ കാമുകിയുടെ പേരെന്താണ്? എന്നുള്ള കരണിന്റെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്താണ് അക്കാര്യം അറിയാത്തതെന്നും, നിങ്ങൾക്കിപ്പോൾ ഹോളിവുഡ് താരങ്ങളുടെ കാര്യം മാത്രമേ അറിയുകയുള്ളോ എന്നു ചോദിച്ചുകൊണ്ടാണ് വന്ന വഴി മറക്കരുതെന്ന് കരീന പ്രിയങ്കയെ ഓർമ്മിപ്പിച്ചത്.

കരീനയുടെ ആ ഉപദേശത്തെ ഒരു പൊട്ടിച്ചിരികൊണ്ടാണ് പ്രിയങ്ക നേരിട്ടത്. വർഷങ്ങൾക്ക് മുൻപ് കരീനയും പ്രിയങ്കയും പിണക്കത്തിലാകാൻ കാരണം കരണിന്റെ ചാറ്റ്ഷോ ആയിരുന്നു. 2010 ൽ സെയ്ഫ് അലീഖാനൊപ്പമാണ് കോഫിവിത്ത് കരണിൽ പങ്കെടുക്കാൻ കരീനയെത്തിയത്. ഷോയിൽ വച്ച് പ്രിയങ്കയുടെ ഉച്ചാരണത്തെക്കുറിച്ച് കരീന സംസാരിച്ചിരുന്നു. പ്രിയങ്കയ്ക്ക് ഇത്തരത്തിലുള്ള ഉച്ചാരണം എവിടെ നിന്നാണ് ലഭിച്ചത് എന്നായിരുന്നു കരീന ചോദിച്ചിരുന്നത്. അതിനു ശേഷം രണ്ട് എപ്പിസോഡുകൾ കൂടി കഴിഞ്ഞാണ് ചാറ്റ്ഷോയിൽ കരീനയുടെ മുൻ കാമുകൻ ഷാഹിദ് കപൂറിനൊപ്പം പ്രിയങ്ക കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തിയത്. അപ്പോൾ കരീനയുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകാനും പ്രിയങ്ക മറന്നില്ല. കരീനയുടെ മുൻകാമുകന് ആ ഉച്ചാരണം എവിടെ നിന്നു ലഭിച്ചോ അവിടെ നിന്നാണ് തനിക്കും ലഭിച്ചതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതോടെയാണ് താരറാണിമാർ തമ്മിൽ പിണക്കത്തിലായത്. അതിനുശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരുവേദി പങ്കിടാനെത്തിയത്.

അടുത്തിടെയാണ് പ്രശസ്ത അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം നടന്നത്. ജൊനാസിന്റെ സഹോദരന്റെ ആദ്യത്തെ മ്യൂസിക് ആൽബത്തിന്റെ പേരെന്താണെന്ന കരണിന്റെ ചോദ്യത്തിനും അറിയില്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്താണ് ഇക്കാര്യങ്ങളൊന്നും അറിയാത്തതെന്നുള്ള കരീനയുടെ ചോദ്യത്തിന് പ്രിയങ്ക ഉത്തരം നൽകിയതിങ്ങനെ. '  കാരണം ജൊനാസിനെ വിവാഹം ചെയ്യുന്നതിനു മുൻപ് അദ്ദേഹത്തെക്കുറിച്ച് ഞാൻ‌ ഗൂഗിളിൽ തിരഞ്ഞില്ല'.

അമേരിക്കൻ ടെലിവിഷൻ ഷോ ആയ ക്വന്റികോയിൽ അഭിനേതാവായി അവസരം ലഭിച്ചതിൽ പിന്നെ ഇന്ത്യയിലും അമേരിക്കയിലുമായി യാത്രചെയ്യുകയാണ് പ്രിയങ്ക. 2016 ൽ പുറത്തിറങ്ങിയ ജയ്ഗംഗാജൽ എന്ന ചിത്രമാണ് പ്രിയങ്ക ഒടുവിൽ  അഭിനയിച്ച ബോളിവുഡ് ചിത്രം. ഹോളിവുഡിൽ താരം ഇതിനകം തന്നെ മൂന്നോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

വർഷങ്ങൾ നീണ്ട സൗന്ദര്യപ്പിണക്കം മറന്ന് താരറാണിമാർ ഒന്നിച്ചതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ഒന്നിച്ചെത്തിയ ചാറ്റ്ഷോയുടെ പ്രമോഷൻ വിഡിയോ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.