അവർ കൂടെക്കൂട്ടിയത് സ്നേഹം കൊണ്ടല്ലെന്ന് അന്നെനിക്കു മനസ്സിലായി : ദീപിക പദുക്കോൺ
ബി ടൗണിലെ ഏറ്റവും സ്വാധീനശേഷിയുള്ള നടി, 2018 ലെ ഏറ്റവും മൂല്യമുള്ള താരം അങ്ങനെ വിശേഷങ്ങൾ ഏറെയാണ് ബോളിവുഡ് താരം ദീപിക പദുക്കോണിന്. കരിയറിൽ ഉയരങ്ങൾ താണ്ടി സഞ്ചരിക്കുമ്പോഴും വ്യക്തിയെന്ന നിലയിൽ സമൂഹത്തിനുവേണ്ടി ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ദീപിക എപ്പോഴും ശ്രദ്ധ കാട്ടാറുണ്ട്.
അടുത്തിടെ നടന്ന ഒരു അവാർഡ്ദാനച്ചടങ്ങിൽ ദീപികയുടെ രാഷ്ട്രീയ താൽപര്യത്തെക്കുറിച്ചും മന്ത്രിയാകാൻ അവസരം ലഭിച്ചാൽ ഏതു മേഖല തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. മറുപടിയായി ദീപിക പറഞ്ഞതിങ്ങനെ. 'രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലാത്തതിനാൽ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ല. ഇനി ഏതെങ്കിലും കാലത്ത് അങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തിയാൽ സ്വച്ഛ് ഭാരത് മന്ത്രിയാകാനാണ് താൽപര്യം'.
ആ താൽപര്യത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞതിങ്ങനെ :-
'കുട്ടിക്കാലത്തൊക്കെ സുഹൃത്തുക്കൾക്ക് എന്നെ അവരുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോകാൻ വളരെ താൽപര്യമായിരുന്നു. അവർ ഉറങ്ങുമ്പോൾ ഞാൻ അവരുടെ മുറി വൃത്തിയാക്കുകയും അലമാര അടുക്കിപ്പെറുക്കി വയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാൽ മുതിർന്നപ്പോഴാണ് എനിക്കൊരു കാര്യം വ്യക്തമായത്. ശരിക്കുമുള്ള സ്നേഹം കൊണ്ടല്ല അവരൊക്കെ എന്നെ കൂടെക്കൂട്ടിയിരുന്നത്. എന്റെ വൃത്തിഭ്രാന്തിനെക്കുറിച്ച് നന്നായി അറിയാവുന്ന അവർ അവരുടെ മുറിയും അലമാരയുമൊക്കെ വൃത്തിയാക്കി വയ്ക്കാൻ വേണ്ടിയാണ് എന്നെ സ്നേഹത്തോടെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചിരുന്നത്'.
കരിയറിൽ ആദ്യമായി ഒരു ചിത്രം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ദീപികയിപ്പോൾ. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മേഘ്ന ഗുൽസാറാണ്.