ആർത്തവ അന്ധവിശ്വാസത്തിന്റെ കഥയ്ക്ക് ഓസ്കർ; വനിതകൾക്ക് കൈയടിച്ച് ലോകം
ഓസ്കര്‍ നിശയില്‍ ഉയര്‍ന്ന ഒരുകൂട്ടം സ്ത്രീകളുടെ ആഹ്ലാദവും ആരവവും സന്തോഷം നല്‍കുന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കു കൂടി. ഷോര്‍ട്ട് സബ്ജക്റ്റ് വിഭാഗത്തില്‍ പുരസ്കാരത്തിനര്‍ഹമായ ‘പീരിയഡ്–എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററിയുടെ ശില്‍പികളായ വനിതകളുടെ സന്തോഷമാണ് രാജ്യത്തിനും ആഹ്ലാദം നല്‍കുന്നത്. ഇന്ത്യയില്‍നിന്നുള്ള ചിത്രങ്ങളൊന്നും ഓസ്കറില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെങ്കിലും റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത പീരിയഡ്–എൻഡ് ഓഫ് സെന്റൻസ് പുരസ്കാരത്തിനർഹമായ സന്തോഷത്തിലാണ് അവർ. ഇന്ത്യയുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ ദുരിതങ്ങളുടെയും ശുചിത്വജീവിതത്തിനുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടത്തിന്റെയും കഥ.
ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയാണ് റയ്ക സെഹ്റ്റച്ബച്ചി. ഡെക്യുമെന്ററി സാക്ഷാത്കരിക്കാന്‍ റയ്കയ്ക്ക് കൂട്ടായതും കരുത്തായതും ഒരു കൂട്ടം വനിതകള്‍. ഒരു ഡോക്യുമെന്ററിയെന്നതിലുപരി അതീവപ്രാധാന്യമുള്ള ഒരു സവിശേഷ സാമൂഹിക സാഹചര്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു റയ്ക. ഓസ്കറില്‍ അംഗീകരിക്കപ്പെട്ടതോടെ ലോകം കയ്യടിക്കുന്നത് റയ്കയുടെ നേതൃത്വത്തിലുള്ള വനിതാ മുന്നേറ്റത്തിന്. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും അഭിമാനിക്കാവുന്ന നിമിഷം. പുരസ്കാര വാര്‍ത്തയെത്തിയതോടെ സമൂഹമാധ്യമങ്ങളിലും റയ്കയ്ക്കും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഇതാണു നിമിഷം...ഈ നിമിഷത്തിനുവേണ്ടിയാണ് കാത്തിരുന്നത്...വനിതകളേ....അഭിനന്ദനങ്ങള്‍.....എന്ന ട്വിറ്റര്‍ സന്ദേശത്തില്‍ ലോകത്തിനു പ്രിയപ്പെട്ട വനിതാ കൂട്ടായ്മയോടുള്ള സനേഹവും ആദരവുമുണ്ട്.
ഡല്‍ഹിയുടെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം. ഗ്രാമത്തിൽ ഒരു പാഡ് മെഷീൻ സ്ഥാപിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങള്‍. സാനിറ്ററി പാഡ് നിർമിക്കുന്ന ഒരു യന്ത്രം നാട്ടില്‍ സ്ഥാപിക്കുന്നു. ആര്‍ത്തവകാലത്ത് ശുചിയായ വസ്ത്രങ്ങളില്ലാതെയും പുറത്തിറങ്ങാനാവാതെയും കഷ്ടപ്പാടുകളില്‍ കഴിഞ്ഞിരുന്ന ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം അതോടെ മാറുകയാണ്.
ഗ്രാമത്തില്‍തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപോയഗിച്ചാണ് പാഡ് നിര്‍മിക്കുന്നതും. പാഡ് മെഷീന്‍ സ്ത്രീകള്‍ക്ക് ഒരു ജീവനോപാധി കൂടിയാകുകയാണ്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കപ്പെടുന്ന പാഡുകള്‍ നൂറുകണക്കിനു സ്ത്രീകള്‍ക്ക് ആശ്രയവുമാകുന്നു. പാഡ്‍മാൻ എന്ന പേരില്‍ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിലും റയ്കയുടെ ഡോക്യുമെന്ററി പൂര്‍ണമായും യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമായ ഒരു ബോധവത്കരണചിത്രമാണ്. പാഡ്‍മാൻ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ യഥാർഥ ജീവിതവും ഡോക്യുമെന്ററി പരാമര്‍ശിക്കുന്നുണ്ട്.
ലൊസാഞ്ചലസിൽ ഓക്‌വുഡ് സ്കൂളിലെ ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപിക മെലീസ്സ ബെർട്ടനും ചേർന്നു രൂപം കൊടുത്ത സംഘടനയായ ദ് പാഡ് പ്രോജക്റ്റാണ് ഡോക്യുമെന്ററിക്കു പിന്നിൽ. പുരസ്കാരങ്ങൾ മുമ്പും നേടിയിട്ടുള്ള റെയ്കയ്ക്ക് ഓസ്കര്‍ ആദ്യാമായാണ് ലഭിക്കുന്നത്. പീരിയഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗൂനീത് മോംഗ.