മേജറിന്റെ വിധവ ജോലി രാജിവച്ച് സേനയിൽ ചേർന്നു; കാരണം വെളിപ്പെടുത്തി ഗൗരി
രണ്ടു വര്‍ഷം മുൻപ് രക്തസാക്ഷിയായ പ്രസാദ് മഹാദിക്കിന്റെ പേര് സേനയില്‍ ഇനിയും മുഴങ്ങും; അദ്ദേഹത്തിന്റെ പ്രിയപത്നി ഗൗരി മഹാദിക്കിലൂടെ. 32 വയസ്സുകാരിയായ മഹാരാഷ്ട്ര വിരാര്‍ സ്വദേശി ഗൗരിയും ഇനി സേനയുടെ ഭാഗം. ചെന്നൈ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിലെ പരിശീലനത്തിനുശേഷമായിരിക്കും ഗൗരി ലഫ്റ്റനന്റായി ചേരുന്നത്. രക്തസാക്ഷിയായ ഭര്‍ത്താവിന് ഭാര്യ നല്കുന്ന ആദരാഞ്ജലി.
അരുണാചല്‍ പ്രദേശില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയായ തവാങ്ങില്‍ 2017 ഡിസംബറില്‍ തീപിടിത്തത്തിലാണ് പ്രസാദ് രക്തസാക്ഷിയാകുന്നത്. അന്നുമുതല്‍ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവച്ച് ഗൗരി ഒരു സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു. ഭര്‍ത്താവിനോടുള്ള കടപ്പാടായി സൈന്യത്തില്‍ ചേരുക എന്ന സ്വപ്നം. രണ്ടുവര്‍ഷത്തിനുശേഷം തന്റെ പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഗൗരി.
കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കുവേണ്ടിയുള്ള നോണ്‍ ടെക്നിക്കല്‍ കാറ്റഗറിയില്‍ ലഫ്റ്റനന്റായിട്ടായിരിക്കും ഗൗരിയുടെ നിയമം. ഭോപ്പാലില്‍ സര്‍വീസ് സെലക്ഷന് ബോര്‍ഡിനു മുന്നില്‍ അഭിമുഖത്തിനു ഹാജരായ 16 ഉദ്യോഗാര്‍ഥികളില്‍ ഒരാളായിരുന്നു ഗൗരി. അഭിമുഖ പരീക്ഷയില്‍ ഒന്നാമത്തെത്തിയതും ഗൗരി തന്നെ. പരിശീലനത്തിനുള്ള യോഗ്യതയാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയായാല്‍ ഔദ്യോഗിക നിയമനം ലഭിക്കും. വരുന്ന ഏപ്രില്‍ മാസം മുതല്‍ 49 ആഴ്ചകളിലായിട്ടായിരിക്കും പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ അടുത്ത വര്‍ഷം സൈന്യത്തില്‍ ചേരാം.
സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്കുവേണ്ടിയാണ് സര്‍വീസ് സെലക്ഷന് ബോര്‍ഡ് പരീക്ഷ നടത്തുന്നത്. ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ് എന്നീ മുന്നു കേന്ദ്രങ്ങളിലായി കഴിഞ്ഞ നവംബറില്‍ നടത്തിയ പരീക്ഷയില്‍ 16 പേര് പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു- ആഹ്ലാദത്തോടെ ഗൗരി പറയുന്നു.
കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് സൈനികരുടെ നിയമനം നടത്തുന്നത്. പക്ഷേ, സൈനികരുടെ വിധവകളെ എഴുത്തുപരീക്ഷയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭോപ്പാലില്‍ പരീക്ഷാ സെന്ററില്‍ ചെന്നപ്പോഴും ഗൗരിയെ ഒരു അദ്ഭുതം കാത്തിരുന്നു- യാദൃഛികത എന്നും പറയാം. 28 എന്ന ചെസ്റ്റ് നമ്പറാണ് ഗൗരിക്ക് അലോട്ട് ചെയ്തത്. ഇതേ നമ്പര്‍ തന്നെയായിരുന്നു സൈന്യത്തില്‍ ചേരാന്‍ ചെന്നപ്പോള്‍ പ്രസാദിനും ലഭിച്ചിരുന്നത്.
അഭിഭാഷകയായ ഗൗരി കമ്പനി സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പ്രസാദിനെ വിവാഹം കഴിച്ചത്; 2015-ല്‍. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ജോലി രാജിവച്ചു. സൈന്യത്തില്‍ ചേരാനുള്ള ഒരുക്കം തുടങ്ങി. സൈനിക സേവനത്തിന് സന്നദ്ധയാകുന്നതിലൂടെ മാത്രമേ തനിക്ക് ഭര്‍ത്താവിനോടുള്ള കടപ്പാട് വീട്ടാന്‍ കഴിയൂ എന്നായിരുന്നു അവരുടെ നിലപാട്.
ഇപ്പോള്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടതോടെ സ്വപ്നസാഫല്യത്തിന്റെ ഒരു പടി കൂടി പിന്നിട്ടിരിക്കുന്നു. ചൈന്നൈയില്‍ പരിശീലനത്തിനുശേഷം 2012 ലാണ് പ്രസാദ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ബിഹാര്‍ റെജിമെന്റിലെ ഏഴാം ബറ്റാലിയന് അംഗമായിരുന്ന അദ്ദേഹം കഴിവുറ്റ ഒരു ഓഫിസര്‍ എന്ന പദവി വളരെച്ചുരുങ്ങിയ കാലം കൊണ്ടുതന്നെ നേടിയെടുത്തു. സംഗീതത്തിലും കായികമല്‍സരങ്ങളിലും അഭിരുചിയുണ്ടായിരുന്ന പ്രസാദിനെ സമര്‍പ്പണത്തിന്റെ പ്രതിരൂപമായാണ് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നത്.