ടെലിവിഷന്‍ വാര്‍ത്തയ്ക്കു ജീവന്‍ നല്‍കുന്നതില്‍ വാര്‍ത്താ അവതാരകയ്ക്കും പങ്കുണ്ട്. ഒരേ വാര്‍ത്ത തന്നെ പല അവതാരകര്‍ അവതരിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലും. ഇന്നിപ്പോള്‍ വാര്‍ത്തയുടെ അവതരണം വിശകലനത്തിലേക്കും ചര്‍ച്ചകള്‍ നയിക്കുന്നതിലേക്കുമൊക്കെ കടന്നിരിക്കുന്നു. അതോടെ അവതാരകയുടെ ജോലിയും ഉത്തരവാദിത്തവും കൂടി. അവതാരകയുടെ പ്രാധാന്യം എത്ര തന്നെ കൂടിക്കോട്ടെ, നിര്‍മിത ബുദ്ധി ഉപയോഗിച്ച് വാര്‍ത്ത വായിക്കുന്ന ആദ്യത്തെ അവതാരകയെ സൃഷ്ടിച്ചിരിക്കുന്നു ചൈന. ഒരിക്കല്‍ അസാധ്യമെന്നു കരുതിയ കണ്ടുപിടിത്തം. ചൈനയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ അവതാരകയെ അവതരിപ്പിച്ചത്. പേര് ഷിന്‍ ഷൗമെങ്.

കഴിഞ്ഞയിടെയാണ് ലോകത്തെ വിവര സാങ്കേതിക വിദ്യാലോകത്ത് അദ്ഭുതം വിതറി ചൈന പുതിയ പ്രഖ്യാപനം നടത്തിയത്. യഥാര്‍ഥ അവതാരക വാര്‍ത്ത വിശകലനം ചെയ്യുകയും നിര്‍മിത ബുദ്ധിയുടെ സൃഷ്ടിയായ അവതാരക വായിക്കുകയും ചെയ്യുകയാണെന്നു കരുതിയെങ്കില്‍ തെറ്റി; വിശകലനം ചെയ്തു സംസാരിക്കാനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സാഹചര്യത്തിനനുസരിച്ച് അവതരണരീതി മാറ്റാനുമൊക്കെ ഷിന്‍ ഷൗമെങ്ങിനും കഴിയും. ചൈനീസ് ദേശീയ അസംബ്ലി നേതാക്കന്‍മാരുമായും രാഷ്ട്രീയക്കാരുമായുമൊക്കെ ചര്‍ച്ച നടത്തി ടെലിവിഷനില്‍ ഔദ്യോഗികമായി അരങ്ങേറാന്‍ ഒരുക്കുകയാണ് ഷിന്‍ ഷൗമെങ്. മാര്‍ച്ചിലായിരിക്കും അരങ്ങേറ്റം. ആ മാസം നടക്കുന്ന രണ്ടു പൊളിറ്റിക്കല്‍ സെഷനുകളുടെ വാര്‍ത്ത പ്രേക്ഷകരിലെത്തിക്കും ഷിന്‍. 

സിന്‍ഹുവ വാര്‍ത്താ ഏജിന്‍സിയില്‍ത്തന്നെയുള്ള ച്യു മെങ് എന്ന മാധ്യമപ്രവര്‍ത്തകയെ മോഡലാക്കിയാണ് ഷിന്‍ ഷൗമെങിനെ സൃഷ്ടിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ രണ്ടു പേരും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല, അഥവാ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വാഭാവിക വ്യത്യാസങ്ങള്‍ മാത്രം. 

ച്യുയ് ഹാവോ എന്ന പുരുഷ വാര്‍ത്താ അവതാരകനിലൂടെ ലോകത്തെ ആദ്യത്തെ വാര്‍ത്താ അവതാരകനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചതും സിന്‍ഹുവ തന്നെയാണ്. ച്യുയ് ഹാവോയുടെ മാറ്റങ്ങള്‍ വരുത്തിയ, കൂറേക്കൂടി സ്വാഭാവികമായി വാര്‍ത്ത അവതരിപ്പിക്കുന്ന രൂപത്തെയും ഉടന്‍തന്നെ പുറത്തെത്തിക്കും. അതോടെ ഒരേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ രണ്ടു സൃഷ്ടികള്‍ വാര്‍ത്തകളുടെ നേരിയ വിശദാംശങ്ങള്‍പോലും പ്രേക്ഷകരിലെത്തിക്കുന്ന വിസ്മയത്തിലും ലോകം സാക്ഷ്യം വഹിക്കും. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട, പ്രശസ്ത അവതാരകര്‍ അരങ്ങൊഴിഞ്ഞാലും അവരുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ള റൊബോട്ടുകള്‍ ടെലിവിഷന്‍ സ്ക്രീനില്‍ തുടരുന്ന അദ്ഭുതത്തിനും ഇനി സാക്ഷ്യം വഹിക്കേണ്ടിവരും.