ഹോളിവുഡോ ബോളിവുഡോ ആകട്ടെ വിവാഹത്തോടെ ഒരു നടിയെ അവര്‍ എത്രതന്നെ പ്രതിഭാശാലിയാണെങ്കിലും എഴുതിത്തള്ളുക എന്നതാണ് പൊതുനയം. വിവാഹശേഷം ഒരു കൂട്ടിയുടെ അമ്മയായെന്നിരിക്കട്ടെ, ആ നടിയെ പിന്നീട് സിനിമകളില്‍ കാണാനേ കഴിയില്ല. നിലവിലിലെ വ്യവസ്ഥിതി ഇതാണെന്നിരിക്കെ, വിവാഹത്തിനും പ്രസവത്തിനും ശേഷവും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെയും അനേകം പരസ്യപ്രോജക്റ്റുകളുടെ ഭാഗമായും ബോളിവുഡില്‍ മുന്‍നിരയില്‍ത്തന്നെയുണ്ട് കരീന കപൂര്‍. 

വിനോദവ്യവസായത്തിലെ കീഴ്‍വഴക്കങ്ങളെ ലംഘിച്ചുകൊണ്ടു മുന്നേറുന്ന കരീന, വിജയത്തിനും പരാജയത്തിനും താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തന്റെ തീരുമാനങ്ങള്‍ തന്റേതുമാത്രമാണെന്നും ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. സീറോ സൈസിലൂടെ രാജ്യത്തെ അദ്ഭുതപ്പെടുത്തുകയും കരിയറിന്റെ ഉയർച്ചയില്‍നില്‍ക്കെ വിവാഹിതയാകുകയും ഗര്‍ഭിണിയായിരിക്കെ റാംപിലൂടെ നടന്ന് ആരാധകരെ ഞെട്ടിക്കുകയും ചെയ്ത കരീന ആലോചിച്ചുറപ്പിച്ചാണ് താന്‍ ഓരോ തീരുമാനവും എടുക്കുന്നതെന്നു പറയുന്നു. അക്ഷയ് കുമാറിനൊപ്പം ഗുഡ് ന്യൂസ് എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. 

എന്റെ കരിയറിന്റെയും ഇമേജിന്റെയും ഉത്തരവാദി ഞാന്‍ തന്നെയാണ്. സിനിമ, പരസ്യം, സാമൂഹിക ഉത്തരവാദിത്തം. ഇവയെല്ലാമായി ബന്ധപ്പെട്ട ഏതു തീരുമാനവും ഞാന്‍ തന്നെയാണ് എടുക്കുന്നത്. അവയുടെ വിജയവും പരാജയവും അതുകൊണ്ടുതന്നെ എന്റെ മാത്രം ഉത്തരവാദിത്തമാണ്. വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കാന്‍ എനിക്കാരുമില്ല. പരാജയത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താനും ഞാനൊരുക്കമല്ല.

ഉറച്ച സ്വരത്തില്‍ കരീന പറയുന്നു. അഴകളവുകളുടെ പേരില്‍ മാത്രം വിസ്മയിപ്പിക്കുന്ന കേവലം ഒരു നടിയുടെ വാക്കുകളല്ല;  ജീവിതത്തിലെ വഴി സ്വയം വെട്ടിത്തെളിക്കുകയും ധൈര്യപൂര്‍വം നടക്കുകയും ഉത്തരവാദിത്തത്തോടെ ജീവിക്കുകയും ചെയ്യുന്ന ധീരയായ ഒരു വനിതയുടെ വാക്കുകള്‍. സ്വതന്ത്രയായി ജീവിക്കാനുള്ള ആഗ്രഹവും അതിനുള്ള സാഹസികതയുമുണ്ട് കരീനയുടെ വാക്കുകളില്‍. ഒന്നും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും കഠിനമായി പരിശ്രമിച്ചാണ് താന്‍ ഓരോ വിജയവും വെട്ടിപ്പിടിച്ചതെന്നുമുള്ള സത്യവാങ്മൂലം. 

കരീന കപൂർ

എന്റെ സിനിമകളും പരസ്യപ്രോജക്റ്റുകളും വിജയിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്കുപിന്നില്‍ എന്റെ കഠിനമായ അധ്വാനവും പരിശ്രമവുമുണ്ട്. അവയുടെ വിജയത്തിന് ആര്‍ക്കെങ്കിലും ക്രെഡിറ്റ് കൊടുക്കേണ്ടതുണ്ടെങ്കില്‍ അത് സംവിധായകര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്- അഹങ്കാരമില്ലാതെയും അമിത വിനയമില്ലാതെയും കരീന പറയുന്നു. 

മുമ്പും ഞാനിതു പറഞ്ഞിട്ടുണ്ട്; ഞാന്‍ സംവിധായകന്റെ നടിയാണ്. അതുകൊണ്ടുതന്നെ സിനിമകളില്‍ എന്റെ വേഷം നന്നായിട്ടുണ്ടെങ്കില്‍ അതിനുകാരണം ആ സംവിധായകരാണ്. എന്റെ കഴിവുകള്‍ പുറത്തെടുത്ത് അവരാണ്- അടുത്തിടെ സ്വസ്ത് ഇമ്മ്യുനൈസ്ഡ് ഇന്ത്യ ക്യാപെയ്ന്‍ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട കരീന പറയുന്നു. ചെറുപ്പക്കാരും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാം വിഭാഗത്തിന്റെയും സ്നേഹം അവോളം ലഭിച്ച ഞാന്‍ അവര്‍ക്ക് തിരിച്ചെന്തെങ്കിലും കൊടുക്കേണ്ടതുണ്ട്. സാമൂഹിക ഉത്തരവാദിത്തം. ഇപ്പോഴത്തെ എന്റെ റോള്‍ അതിന്റെ ഭാഗമാണ്--കരീന പറയുന്നു. ഒരു അമ്മയെന്ന നിലയിലും രാജ്യത്തെ കുട്ടികളോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് പ്രതിരോധ കുത്തിവയ്പ് വ്യാപകമാക്കി രോഗവിമുക്തമായ ഒരു നല്ല നാളെയെ സൃഷ്ടിക്കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റുമായി സഹരിക്കുന്നത്. 

ഇമേജ് രൂപപ്പെടുത്തിയതിലും തന്റെ തീരുമാനങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നും കരീന അഭിപ്രായപ്പെട്ടു. വിവാഹിതയായ ഒരു നടിയെ എഴുതിത്തള്ളുന്നതാണ് പൊതുവെ കാണുന്ന സമീപനം. അവര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നതിനെപ്പോലും വിമര്‍ശിക്കുകയും ചെയ്യും. ആ സമീപനം പൊളിച്ചെഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വരാനിരിക്കുന്ന തലമുറകള്‍ക്കുവേണ്ടി അതെന്റെ ഉത്തരവാദിത്തമാണ്- വിമര്‍ശനങ്ങളെക്കുറിച്ച് കരീന തുറന്നുപറഞ്ഞു. 

പലപ്പോഴും ജനങ്ങള്‍ അലിയ ഭട്ട് ഉള്‍പ്പെടെ പ്രായം കുറഞ്ഞ താരങ്ങളുമായാണ് തന്നെ താരതമ്യപ്പെടുത്തുന്നതെന്നും നിറഞ്ഞ ചിരിയോടെ കരീന പറയുന്നു. വിവാഹത്തിനും പ്രസവത്തിനും ശേഷം എനിക്ക് പുതിയ പ്രോജക്റ്റുകള്‍ കിട്ടില്ലെന്നു കരുതിയവരുമുണ്ടാകാം. ആ തെറ്റിധാരണകളൊക്കെ ഇതാ പൊളിഞ്ഞുവീഴുകയാണ്. എനിക്കു കൈ നിറയെ സിനിമകളുണ്ട്. പരസ്യ പ്രോജക്റ്റുകളുണ്ട്. ഒപ്പം മകന്‍ തൈമൂറിനെ നോക്കാനും എനിക്കു സമയമുണ്ട്. കുടുംബത്തിനുവേണ്ടി സമയം നീക്കിവയ്ക്കുന്നതിനൊപ്പം ജോലിയും ചെയ്യുന്നു- അഭിമാനത്തോടെ കരീന പറയുന്നു. ചെറുപ്പക്കാര്‍ തന്നെ ഒരു റോള്‍ മോഡലായി കണ്ടാലും അതവരെ വഴി തെറ്റിക്കില്ലെന്നുതന്നെയാണ് കരീന പറയുന്നത്. കരിയര്‍ നോക്കിയാല്‍ അവര്‍ പറയുന്നത് സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും.