തല മുതൽ കാൽ വരെ മറയ്ക്കുന്ന കറുത്ത പുറം കുപ്പായം യുവതി ഊരിയെടുത്തത് ആവേശത്തോടെ. നിലത്തേയ്ക്കിട്ട വസ്ത്രത്തില്‍ തീ കൊളുത്തിയപ്പോള്‍ അഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായി അവര്‍ ചിരിച്ചു. ആശ്വാസത്തോടെ നിശ്വസിച്ചു. ആളിക്കത്തുന്ന കറുത്ത വസ്ത്രം നോക്കി അവര്‍ പറഞ്ഞു: ഈ വസ്ത്രങ്ങള്‍ പോലെ അവരെയും ചുട്ടെരിക്കാന്‍ ആയെങ്കില്‍ ! 

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് അവര്‍ ചുട്ടെരിക്കാന്‍ ആഗ്രഹിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഇറാഖിലെ സിന്‍ജാറില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ട ആയിരക്കണക്കിനു യുവതികളിലൊരാളാ ണവര്‍. യസീദി മതവിശ്വാസികള്‍. അഞ്ചുവര്‍ഷം മുമ്പ് ഇറാഖില്‍ നടത്തിയ ആക്രമണത്തില്‍ ഐഎസ് തീവ്രവാദികള്‍ പ്രായമുള്ള പുരുഷന്‍മാരെ കൊലക്കത്തിക്ക് ഇരയാക്കി. ചെറുപ്പക്കാരെ ഐഎസിനുവേണ്ടി പോരാടുന്ന യോദ്ധാക്കളാക്കി. കൊച്ചുകുട്ടികളെ കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്ക് വളര്‍ത്താന്‍ കൊടുത്തു. കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക അടിമകളാക്കി വില്‍ക്കുകയും ചെയ്തു

സിറിയയില്‍ കഴിഞ്ഞ ദിവസം ഐഎസിന്റെ അവസാന ശക്തികേന്ദ്രവും തകര്‍ക്കപ്പെട്ടതോടെയാണ് യുവതികളുള്‍പ്പെ ടെയുള്ളവര്‍ മോചിപ്പിക്കപ്പെട്ടത്. രക്ഷപ്പെട്ട സ്ത്രീകള്‍ തടവുകേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന് ആദ്യം ചെയ്തത് ശരീരം മൂടുന്ന കറുത്ത വസ്ത്രം ഊരി കത്തിക്കുകയായിരുന്നു. ഇതിന്റെ വിഡിയോകള്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

ഇസ്രാ എന്ന യുവതിക്ക് 20 വയസ്സ്. കഴിഞ്ഞയാഴ്ച ബാഗോസ് എന്ന ഐഎസ് പട്ടണത്തില്‍നിന്ന് രക്ഷപ്പെട്ട യുവതി. പരാജയം സമ്മതിച്ച് പലായനം ചെയ്യുന്നതിനുമുമ്പ് തങ്ങളുടെ അധീനതയിലുണ്ടായിരുന്ന യുവതികളെ ഐഎസുകാര്‍ മോചിപ്പിച്ചുരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്നു ഇസ്രായും. മോചിപ്പിക്കപ്പെട്ട യുവതികള്‍, ഇസ്രാ ഉള്‍പ്പെടെ, മരുഭൂമിയില്‍ സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പം നിരന്നുനിന്നാണ് അഞ്ചുവര്‍ഷമായി അടിമത്തത്തിന്റെ പ്രതീകമായിരുന്ന കറുത്ത വസ്ത്രം ഊരിമാറ്റിയത്. 

ആദ്യം ഈ വസ്ത്രം അവര്‍ എന്നെ അണിയിക്കുമ്പോള്‍ എനിക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി- ഇസ്രാ പറയുന്നു. എനിക്കിതു സഹിക്കാനേ ആവുന്നില്ലായിരുന്നു. എതിര്‍ത്തെങ്കിലും അവര്‍ എന്നെ ഇത് ധരിക്കാന്‍ നിര്‍ബന്ധിച്ചു. അനുസരിക്കാതെ മര്‍ഗമില്ലായിരുന്നു.എല്ലാ സ്ത്രീകളും ഈ വസ്ത്രം ധരിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു.  ഒറ്റയ്ക്കാകുമ്പോഴൊക്കെ ഞാന്‍ ഈ വസ്ത്രം ഊരിമാറ്റം. ഇതില്ലാതെ പുറത്തേക്ക് പോകരുതെന്ന് അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇനി ഇത് കത്തിച്ചിട്ടുതന്നെ കാര്യം- ഇസ്രാ ആവേശത്തോടെ കറുത്ത പുറംകുപ്പായത്തിനു തീ കൊടുക്കുന്നു. ചുറ്റും നില്‍ക്കുന്ന സുരക്ഷാ ഭടന്‍മാര്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. 

സാത്താനെ അരാധിക്കുന്നവരായാണ് യസീദികളെ ഐഎസുകാര്‍ കണ്ടിരുന്നത്. അത്തരക്കാരെ കൊല്ലാനും തീ വയ്ക്കാനും മാനഭംഗപ്പെടുത്താനും കുഴിച്ചുമൂടാനും തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു. ആയിര ക്കണക്കിനു പുരുഷന്‍മാരെ അവര്‍ ഇറഖിന്റെ മണ്ണില്‍ കൂട്ടത്തോടെ കുഴിച്ചുമൂടി. അനാഥകളാക്കപ്പെട്ട, അടിമകളാക്കപ്പെട്ട യുവതികള്‍ ഒട്ടേറെ. 

അമേരിക്കന്‍ പിന്തുണയോടെ സിറിയയിലെ ഡെമോക്രറ്റിക് സഖ്യം ഐഎസിനെതിരെ നടത്തുന്ന പോരാട്ടം എതാണ്ട് പൂര്‍ണമായിരിക്കുകയാണ്. ബാഗോസ് എന്ന നഗരമായിരുന്നു ഐഎസിന്റെ അവസാത്തെ ശക്തികേന്ദ്രം. ആ നഗരവും സിറിയന്‍ സേന ഐഎസില്‍നിന്ന് സ്വതന്ത്രമാക്കിക്കഴിഞ്ഞു. ഒരാഴ്ച വെടിനിര്‍ത്തല്‍ അനുവദിച്ച് സാധാരണ പൗരന്‍മാര്‍ക്ക് രക്ഷപ്പെടാന്‍ സമയം നല്‍കിയതിനുശേഷമായിരുന്നു സിറിയന്‍ സേനയുടെ അവസാനത്തെ ആക്രമണം. മൂവായിരത്തോളം ഐഎസ് തീവ്രവാദികളെ അവര്‍ തടവിലാക്കി.