ഗ്രാമമുഖ്യയെ വേദിയിൽ നിന്നെഴുന്നേൽപ്പിച്ച് നിലത്തിരുത്തി; വനിതാ എംഎൽഎയ്ക്ക് വിമർശനം
നന്ദി പറയാനുള്ള യാത്രയില്‍ നന്ദികേടിന്റെ കണക്കു കേള്‍ക്കേണ്ടിവന്നിരിക്കുകയാണ് ഒരു എംഎല്‍എയ്ക്ക്. രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ദിവ്യ മഡേനയ്ക്കാണ്, ഒരു വനിതയായിരുന്നിട്ടും വനിതാവിവേചനത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. ഒരു ഗ്രാമമുഖ്യയെ തന്റെ സമീപം കസേരയില്‍ ഇരിക്കാന്‍ അനുവദിക്കുന്നതിനുപകരം, നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് വിവാദമായത്. സംഭവത്തിന്റെ പേരില്‍ എംഎല്‍എ മാപ്പുപറയണമെന്നാണ് രാജസ്ഥാനിലെ സര്‍പഞ്ച് ബോഡി ആവശ്യപ്പെടുന്നത്.
ജോധ്പൂര്‍ ജില്ലയില്‍ ഓസിയാന്‍ ഏരിയയില്‍ ഖെതാസര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദസംഭവം അരങ്ങേറിയത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് എംഎല്‍എയുടെ പെരുമാറ്റം വിമര്‍ശന വിധേയമായത്. ഒരു വനിതാ ഗ്രാമമുഖ്യയെയാണ് ദിവ്യ അപമാനിച്ചിരിക്കുന്നത്. മാപ്പു പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ രോഷം നേരിടേണ്ടിവരും: രാജസ്ഥാന് സര്‍പഞ്ച് സംഗ് പ്രസിഡന്റ് ഭന്‍വര്‍ലാല്‍ രോഷം അടക്കാതെ പറയുന്നു. ഗ്രാമമുഖ്യ ചന്ദു ദേവിക്കാണ് എംഎല്‍എയില്‍ നിന്നു മോശം പെരുമാറ്റം ഏറ്റുവാങ്ങേണ്ടിവന്നത്.
എംഎല്‍എയുടെ പെരുമാറ്റം വളരെ മോശമായിപ്പോയി. ഞാന്‍ അങ്ങേയറ്റത്തെ നിരാശയിലാണ്. ഗ്രാമീണര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഞാന്‍ യോഗത്തിനു പോയത്. എംഎല്‍എയുടെ സമീപം കസേരയില്‍ ഇരിക്കാന്‍ നാട്ടുകാരാണ് എന്നോട് ആവശ്യപ്പെട്ടതും. പക്ഷേ, എംഎല്‍എ എന്നെ അപമാനിക്കുകയാണുണ്ടായത്- ചന്ദു ദേവി പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു അതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത നാട്ടുകാര്‍ക്ക് നന്ദി പറയാന്‍ വേണ്ടിയായിരുന്നു ചടങ്ങ്. ചന്ദു ദേവി ബിജെപി അംഗമാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ ഒരു ബിജെപി അംഗത്തിനെ വേദിയില്‍ ഇരുത്താന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നു.
ദേവി തലയിലൂടെ ഒരു തുണി ഇട്ടിരുന്നെന്നും അതുകൊണ്ട് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന വാദവും എംഎല്‍എ ഉയര്‍ത്തുന്നുണ്ട്. പരാതി നല്കാന് വന്ന നാട്ടുകാരിയാണെന്ന ധാരണയിലാണ് വേദിയില്‍നിന്ന് ഇറങ്ങി താഴെ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ വിശദീകരിക്കുന്നു.
ചന്ദു ദേവിയെ എംഎല്‍എ അഭിവാദ്യം ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമായിക്കാണാം. ദേവി എംഎല്‍എയ്ക്കു സമീപം കസേരയില്‍ ഏതാണ്ട് ഇരുന്നതുമാണ്. അപ്പോഴേക്കും എംഎല്‍എ ദേവിയോട് എഴുന്നേല്‍ക്കാനും വേദിയില്‍നിന്ന് ഇറങ്ങി ഗ്രാമീണര്‍ക്കൊപ്പം ഇരിക്കാനും ആവശ്യപ്പെടുന്നു.