ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ വേഷമാണ് ദീപിക പദുക്കോൺ ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ദീപിക പങ്കുവച്ചിരുന്നു.

ബോളിവുഡ് സെലിബ്രിറ്റികളും ദീപികയുടെ ആരാധകരുമെല്ലാം നിറഞ്ഞ സ്നേഹത്തോടെയാണ് ദീപിക പങ്കുവച്ച ചിത്രം സ്വീകരിച്ചത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചാപാക് എന്ന ചിത്രത്തെക്കുറിച്ചും ദീപികയെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ബോളിവുഡ് താരം കങ്കണയുടെ സഹോദരി പങ്കുവച്ച ട്വീറ്റും ഇതോടനുബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കങ്കണയുടെ സഹോദരി രംഗോലിയും ആസിഡ് ആക്രണത്തിന്റെ ഇരയാണ്. ദീപികയെ അഭിനന്ദിച്ചുകൊണ്ടും ചിത്രത്തെ പിന്തുണച്ചുകൊണ്ടും രംഗോലിയെഴുതിയ ട്വീറ്റ് ഇങ്ങനെ :-

''ഈ ലോകം എത്രത്തോളം അനീതി നമ്മളോടു കാണിച്ചാലും നമ്മൾ ഒരിക്കലും നമ്മുടെ വെറുപ്പ് പ്രതിഫലിപ്പിക്കരുത്. ദീപികയും മേഘ്നയും വളരെ നല്ലൊരു കാര്യത്തിന്റെ ഭാഗമാണായിരിക്കുന്നത്. ആസിഡ് ആക്രണത്തിന്റെ ഇര എന്ന നിലയിൽ ഇവരുടെ പ്രയത്നത്തിന് ഞാൻ നല്ലൊരു ചീയർ ലീഡർ ആയിരിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു''.

ആസിഡ് ആക്രമണത്തിന് ഇരയായ ശേഷം താൻ കടന്നു പോയ ശാരീരികാവസ്ഥയെക്കുറിച്ചും മാനസീകാവസ്ഥയെ ക്കുറിച്ചും ഒരു അഭിമുഖത്തിൽ രംഗോലി തുറന്നു പറഞ്ഞിരുന്നു. ആക്രമണത്തിൽ ഒരു ചെവിയുടെ കേൾവിയും ഒരു കണ്ണിന്റെ  90 ശതമാനം കാഴ്ചയും തനിക്കു നഷ്ടമായിരുന്നെന്നും സ്തനങ്ങൾക്കും കേടുപാടുകൾ പറ്റിയിരുന്നെന്നും ഒരിക്കലും ഒരു സാധാരണ അപകടം പോലെയല്ല ആസിഡ് ആക്രമണമെന്നും രംഗോലി പറഞ്ഞിരുന്നു.

സഹോദരിയുടെ കഥ എന്നെങ്കിലും സിനിമയാക്കാമെന്ന് അവളോടു പറഞ്ഞിരുന്നുവെന്നും അതിലൂടെ അവൾക്കു നീതി നേടിക്കൊടുക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്നും കങ്കണ പറയുന്നു. എന്നെന്നും എന്നോടൊപ്പം ഈ കഥാപാത്രം  ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടാണ് ചാപാക്കിലെ കഥാപാത്രത്തിന്റെ ആദ്യ പോസ്റ്റർ ദീപിക പങ്കുവച്ചത്.