ബോളിവുഡ്താരമായിരുന്ന ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണികപൂർ, ഉർവശി റൗട്ടല്ലെ എന്ന നടിയെ മോശമായി സ്പർശിച്ചുവെന്ന തരത്തിൽ പുറത്തു വന്ന ദൃശ്യങ്ങൾ അമ്പരപ്പോടെയാണ് ആളുകൾ കണ്ടത്. താൻ ഇരയാക്കപ്പെട്ട രീതിയിൽ പ്രചരിച്ച വാർത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉർവശി.

ഒരു മാധ്യമത്തിൽ വന്ന വിഡിയോയുടെ സ്ക്രീൻഷോട്ട് സഹിതം പങ്കുവച്ചുകൊണ്ടാണ് നടി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. താൻ ഏറെ ബഹുമാനിക്കുന്ന ബോണികപൂറിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോ പങ്കുവച്ചതിനെ ട്വിറ്ററിലൂടെയാണ് നടി ചോദ്യം ചെയ്തത്.

നിർമാതാവ് ജയന്തി ലാലിന്റെ മകൻ അക്ഷയ്‌യുടെ വിവാഹവിരുന്നിനിടെയെടുത്ത ദൃശ്യങ്ങളാണ് മോശമായ രീതിയിൽ പ്രചരിക്കപ്പെട്ടത്. ബോളിവുഡിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിരുന്നിൽ എല്ലാവരും തന്നെ ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. അക്കൂട്ടത്തിൽ ബോണികപൂറിന്റെയും ഉർവശിയുടെയും ചിത്രങ്ങളും പാപ്പരാസികൾ പകർത്തിയിരുന്നു. പിന്നീടാണ് ബോണികപൂർ ഉർവശിയെ മോശമായി സ്പർശിക്കാൻ ശ്രമിച്ചു എന്ന കുറിപ്പോടെ ചില ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബോണികപൂറിന്റെ സ്വഭാവം മോശമാണെന്ന തരത്തിൽ കമന്റുകൾ പ്രചരിക്കാൻ തുടങ്ങി. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ അമ്പരന്നു പോയെന്നും, താൻ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയായ ബോണികപൂറിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് ഈ വ്യാജവാർത്തയെന്നും അവർ ആരോപിച്ചു.

വികാരവിക്ഷോഭത്തോടെ അവർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ :- '' ഇതാണോ വാർത്ത.  സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നറിയാത്ത നിങ്ങൾ ദയവായി നിങ്ങൾ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചോ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചോ ഒന്നും സംസാരിക്കരുത്''.