ഭർത്താവ് പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ച ഭൂതകാലത്തിന്റെ ഓർമ്മയിലാണ് അവൾ സംസാരിച്ചു തുടങ്ങിയത്. ഇത്രയും കാലം അനുഭവിച്ച ക്രൂരതകളെയും പീഡനങ്ങളെയും ഗാർഹിക പീഡനം എന്നൊരു പേരിൽമാത്രം ഒതുക്കി വിളിച്ച അവൾ സുഹൃത്തിന്റെ വെളിപ്പെടുത്തൽ കേട്ട ഞെട്ടലോടെയാണ് ആ സത്യം തിരിച്ചറിഞ്ഞത്. താൻ ഇത്രയും നാൾ ഇരയായത് മാനഭംഗത്തിനാണെന്ന്. ഇത് സോയി പാഴ്സൺന്റെ കഥ. ഇരയുടെ ഇരുണ്ട ഭൂതകാലത്തിൽ നിന്നും പുറത്തുവന്ന് ലൈഫ്കോച്ച് ആയി ജീവിതം കരുപ്പിടിപ്പിച്ച് തന്നെപ്പോലെ ദുരിതമനുഭവിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണിപ്പോൾ സോയി.

തന്നെപ്പോലെ അജ്ഞത കൊണ്ട് പ്രതികരണശേഷിയില്ലാതെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവർക്ക് വഴികാട്ടിയായ സോയി ഭൂതകാലം ഓർത്തെടുക്കുന്നതിങ്ങനെ.

'' എഡിസൺ പെർട്ട് എന്ന മനുഷ്യനെ 10 വർഷമായി എനിക്ക് പരിചയമുണ്ടായിരുന്നു. അതിലുപരി അയാൾ എന്റെ സഹോദരിയുടെ സുഹൃത്തുമായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ ജമൈക്കയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെയൊപ്പം യുകെയിലേക്ക് വരുന്നതുവരെ എല്ലാം സാധാരണപോലെയായിരുന്നു. ആഴ്ചകൾ പിന്നിടും മുമ്പേ അയാളുടെ സ്വഭാവത്തിലുള്ള മാറ്റം ഞാൻ അമ്പരപ്പോടെ തിരിച്ചറിയുകയായിരുന്നു. അയാൾ ആവശ്യപ്പെടുമ്പോഴൊക്കെ ലൈംഗിക ബന്ധത്തിന് തയാറാകണം. അല്ലാത്തപക്ഷം അയൾ ബലമായി മാനഭംഗം ചെയ്യും. ഏകദേശം മൂന്നുവർഷക്കാലം അതു തുടർന്നു. എല്ലാ ആഴ്ചയിലും അയാൾ ബലപ്രയോഗത്തിലൂടെ എന്നെ കീഴടക്കും.

കൊടിയ പീഡനം അരങ്ങേറുന്നതിനിടയിലാണ് ഗർഭിണിയാണെന്ന സത്യം മനസ്സിലാക്കുന്നത്. കുഞ്ഞു പിറന്നാലെങ്കിലും അയാളുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ കൂട്ടുകാരുമായി കുടിച്ചുമദിച്ചെത്തിയ ദിവസം അയാൾ എന്നോട് ലൈംഗിബന്ധം പുലർത്താൻ ആവശ്യപ്പെട്ടു. കുഞ്ഞിനൊപ്പമായതിനാൽ ഞാൻ വിസമ്മതിച്ചു. 2012 ൽ ആയിരുന്നു ആ സംഭവം. പുലർച്ചെ 2 മണി ആയിക്കാണും. കുഞ്ഞുമായിരുന്ന എന്റെ അരികിലെത്തി എന്നെ വലിച്ചു താഴെയിട്ട് അടിച്ച് എന്റെ ചെവി പൊട്ടിച്ച ശേഷം അയാൾ എന്നെ മാനഭംഗം ചെയ്തു. 

അയാളോടുള്ള പേടികൊണ്ട് നടന്നതൊന്നും ഞാൻ ആരോടും പറഞ്ഞില്ല. പിറ്റേന്ന് പതിവു പോലെ ഞാൻ ജോലിക്കുപോയി. ശരീരത്തിലെ പാടുകൾ കണ്ട് സഹപ്രവർത്തക ഒരുപാട് നിർബന്ധിച്ചു ചോദിച്ചപ്പോൾ നടന്ന കാര്യങ്ങളെല്ലാം ഞാൻ തുറന്നു പറഞ്ഞു. ' സോയി അതിന്റെ പേരാണ് മാനഭംഗം' എന്ന് അവളാണ് എന്നോടു പറഞ്ഞത്. ഗാർഹിക പീഡനം മാത്രമല്ല വിവാഹശേഷമുള്ള മാനഭംഗവും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ അന്നാണ് മനസ്സിലാക്കിയത്.

അവളുടെ ആ വാക്കുകൾ കുതിച്ചുപായുന്ന ഒരു തീവണ്ടിയുടെ തീവ്രതയോടെ എന്നെ മദിച്ചു. എത്രകൊടിയ പീഡനത്തിനാണ് എഡിസൺ എന്നെ ഇരയാക്കിയിരുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞത്. അപ്പോൾ മാത്രമാണ്. ആ വിവാഹം ഒരു ട്രാപ്പ് ആണെന്നും അതിൽ നിന്നും പുറത്തു കടക്കണമെന്നും ഞാൻ ആഗ്രഹിച്ചു. വിവാഹമോചനം വേണമെന്ന് എഡിസണോട് പറഞ്ഞപ്പോഴൊക്കെ അയാൾ കരഞ്ഞുകൊണ്ട് എന്റെ കാലുപിടിച്ചു. എന്റെ തീരുമാനത്തിൽ മാറ്റം വരാൻവേണ്ടി അയാളുടെ മോശം സ്വഭാവങ്ങളൊക്കെ മാറ്റാമെന്ന് അയാൾ ഉറപ്പു നൽകി.

പക്ഷേ അയാൾ ഒരിക്കലും നേരയാവില്ലെന്നുറപ്പായപ്പോൾ 2015 ൽ വിവാഹമോചനത്തിനായി ശ്രമിച്ചു. ഫോൺകോളുകളായും മെസേജുകളായും ഭീഷണികൾ ഒരുപാടെത്തി. ഒരിയ്ക്കൽ ഒരു സുഹൃത്ത് എന്നെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. അയാളും ഞാനും വീടുവരെ നടന്നു. അയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും അയാൾക്കു കുടിക്കാനായി എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് വീടിന്റെ മുൻവാതിലിൽ അതിശക്തമായ ശബ്ദം കേട്ടത്. ഉടൻ തന്നെ സുഹൃത്തിനോട് പൊലീസിനെ വിളിക്കാൻ പറഞ്ഞു അപ്പോഴേക്കും വാതിൽ തകർത്ത് അകത്തെത്തിയ എഡിസൺ എന്നെയും സുഹൃത്തിനെയും ഉപദ്രവിക്കാൻ തുടങ്ങി. സുഹൃത്തിനെ ഉപദ്രവിക്കുന്നതിൽ നിന്ന് എഡിസനെ തടയാൻ ശ്രമിച്ച എന്റെ തലയിൽ അയാൾ ശക്തിയായി പ്രഹരിച്ചു. അയാൾ എന്നെ കൊല്ലുമെന്നു തന്നെ ഞാൻ ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്തു.

തലയിൽ 12 സ്റ്റിച്ചുമായി ആശുപത്രിയിൽ ഞാൻ സുഖംപ്രാപിച്ചു വരുന്ന സമയത്ത് അയാൾ ജയിലിലായിക്കഴിഞ്ഞിരുന്നു. എട്ടരവർഷമാണ് അയാളുടെ ശിക്ഷാകാലാവധി. ഞാൻ തകർന്നുപോയി എന്ന തോന്നലിലായിരിക്കും അയാൾ ജയിലിലേക്ക് പോയത്. പക്ഷേ അയാളുടെ പീഡനങ്ങൾ എന്നെ കൂടുതൽ കരുത്തയാക്കി. ഞാൻ കൗൺസിലിങ് പഠിച്ചു. ഇപ്പോൾ ഞാനൊരു ലൈഫ് കോച്ച് ആണ്. എന്നെപ്പോലെ ക്രൂരപീഡനങ്ങൾക്കിരയായവർക്ക് കൗൺസിലിങ് നൽകി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ഞാനിപ്പോൾ. ജീവിതത്തിലെ നെഗറ്റീവ് അനുഭവങ്ങളിൽ തളരാതെ മറ്റുള്ളവരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കുകയാണ് ഞാനിപ്പോൾ.