ഒരേ വസ്ത്രങ്ങൾ ആവർത്തിച്ച് ധരിക്കുന്നു; പരിഹാസത്തിന് ജാൻവിയുടെ മറുപടി
സെലിബ്രിറ്റികളെ മാത്രമല്ല പലപ്പോഴും അവരുടെ കുടുംബാംഗങ്ങളെയും വെറുതെ വിടാറില്ല ട്രോളന്മാർ. മക്കൾക്കു പിന്നാലെ പാപ്പരാസിക്കണ്ണുമായി പായുന്നവരെ തടയാൻ അജയ് ദേവ്ഗൺ ഉൾപ്പടെയുള്ള സെലിബ്രിറ്റി അച്ഛൻന്മാർ പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് ട്രോളന്മാരുടെ വായടിപ്പിക്കുന്ന തരത്തിലൊരു മറുപടി നൽകിക്കൊണ്ട് ബോളിവുഡ് താരം ജാൻവി കപൂർ താരമായത്.
ബോളിവുഡ് താരമായിരുന്ന ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ ജാൻവി ബോൾഡായ മറുപടികൊണ്ടാണ് വിമർശകരെ നേരിട്ടത്. ജാൻവിയുടെ വസ്ത്രധാരണത്തെക്കുറിച്ചും അതിനു ലഭിക്കുന്ന വിമർശനത്തെക്കുറിച്ചും ഒരു ചാറ്റ്ഷോയിൽ ചോദ്യമുയർന്നപ്പോഴാണ് ജാൻവി പ്രതികരിച്ചത്. ഒരേ വേഷങ്ങൾ തന്നെ ജാൻവി ആവർത്തിച്ചു ധരിക്കുന്ന എന്ന പരിഹാസത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചോദ്യം.
'എല്ലാദിവസവും പുതിയവേഷം ധരിക്കാൻ മാത്രമുള്ള പണം ഞാൻ സമ്പാദിച്ചിട്ടില്ല. ഇത്തരം ട്രോളുകളൊന്നും എന്റെ മനസ്സിനെ മോശമായി ബാധിക്കില്ല. എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ എനിക്ക് കഴിയില്ല. എന്റെ ജോലിയെക്കുറിച്ച് വിമർശനം നേരിടേണ്ടി വന്നാൽ ഞാൻ അതിനെ ഗൗരവമായിട്ടെടുക്കും. പക്ഷേ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം പ്രതികരണങ്ങൾക്ക് മറുപടി പറയുന്നത് എന്റെ ജോലിയല്ല'.– ജാൻവി പറയുന്നു.
ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഐഎഫ്എസ് പൈലറ്റായ ഗുഞ്ചൻ സക്സേനയുടെ ബയോപിക് ആയ കാർഗിൽ ഗേൾ എന്ന ചിത്രമാണ് ജാൻവി കപൂറിന്റെ അടുത്ത ചിത്രം. 1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ പരുക്കേറ്റ സുരക്ഷാ ഭടന്മാരെ കാശ്മീര്‍ വഴി വിമാനമാര്‍ഗം രക്ഷപെടുത്തുക എന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കിയ വനിതാ പൈലറ്റാണ് ഗുഞ്ചൻ സക്സേന.
1999ലെ മിലിട്ടറി ഓപ്പറേഷനിലൂടെ സ്തുത്യർഹമായ സേവനമാണ് അവർ കാഴ്ചവച്ചത്.
കാർഗിൽ ഗേൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാർച്ചിൽ ലക്നൗവിലായിരുന്നു ജാൻവി. പിറന്നാൾ ദിവസമായിരുന്ന മാർച്ച് ആറിന് തലേന്ന് വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബോളിവുഡിലെ വൻതാരനിര ഒന്നിച്ചെത്തുന്ന കരൺജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈ വർഷം അവസാനം ജാൻവി അഭിനയിക്കും. മറാത്തി ചിത്രമായ ശരിഅത്തിന്റെ റീമേക്കായ ധടക് എന്ന കന്നിച്ചിത്രത്തിൽ ഒപ്പം അഭിനയിച്ച ഇഷാൻ ഖാട്ടറിനെ ചേർത്ത് വരുന്ന ഗോസിപ്പുകളോടും ജാൻവി ശക്തമായിത്തന്നെ പ്രതികരിക്കുന്നുണ്ട്.