ബോളിവുഡിലും ഹോളിവുഡിലും അലയൊലികൾ സൃഷ്ടിച്ച മീ ടൂ മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. എപ്പോഴെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടായിരുന്നോ എന്നായിരുന്നു ആ ചോദ്യം. വുമൺ ഇൻ വേൾഡ് സമ്മിറ്റ് 2019 ൽ പങ്കെടുക്കുമ്പോഴാണ് പ്രിയങ്കയ്ക്ക് ഇത്തരത്തിലൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്.

വിമെൻ ഇൻ ദ് വേൾഡിന്റെ സ്ഥാപകയായ റ്റിന ബ്രൗണുമായി സംസാരിക്കവേയാണ് മീ ടൂ മുന്നേറ്റത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭർത്താവ് നിക്ക് ജൊനാസുമായുള്ള ബന്ധത്തെക്കുറിച്ചും പ്രിയങ്ക മനസ്സു തുറന്നത്. മീ ടൂ മുന്നേറ്റം ഹോളിവുഡിലും ബോളിവുഡിലും വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പരസ്പരമുള്ള പിന്തുണകൊണ്ടാണ് പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ കഴിയുന്നതെന്നും. അതു പറയുന്നവരുടെ വായ മൂടാൻ മറ്റുള്ളവർ ശ്രമിക്കാത്തതെന്നും പ്രിയങ്ക പറയുന്നു.

സ്വന്തം അനുഭവങ്ങൾ തുറന്നു പറയാൻ മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം തന്നെയാണ് മീ ടൂ മുന്നേറ്റത്തിന്റെ ശക്തിയെന്നും സ്വയം ആർജ്ജിച്ചെടുത്ത കഴിവുകൾ കൊണ്ട് അപകടങ്ങളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ പറയുന്നു. 'എല്ലായ്പ്പോഴും നമുക്ക് ശബ്ദമുണ്ടായിരുന്നു. പക്ഷേ അന്നൊന്നും നമ്മളെ ആരും കേട്ടില്ല. പക്ഷേ, ഇന്ന് നമ്മൾ പരസ്പരം പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ആർക്കും നമ്മുടെ വായമൂടിക്കെട്ടാനാവില്ല. അതൊരു അവിശ്വസനീയമായ ശക്തി തന്നെയാണ്'.– പ്രിയങ്ക പറയുന്നു.

'ഇപ്പോൾ, എനിക്കൊരു അനുഭവം പറയാനുണ്ടെങ്കിൽ, അതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല' എന്ന് പ്രിയങ്ക പറഞ്ഞപ്പോഴാണ് ജീവിതത്തിൽ എപ്പോഴെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന ചോദ്യം അവർക്ക് നേരിടേണ്ടി വന്നത്.

'ഒരിയ്ക്കലെങ്കിലും അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോകാത്ത ഒരാൾ പോലും ഇവിടെയില്ലെന്നാണ് ഞാൻ കരുതുന്നത്' എന്നായിരുന്നു ഉയർത്തിപ്പിടിച്ച കൈകളോടെ പ്രിയങ്ക പറഞ്ഞ മറുപടി.

കരിയറിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒപ്പം ജോലിചെയ്ത ആളുകളിൽ പലർക്കും പാശ്ചാത്യ സിനിമാ രംഗത്തേക്കു വരാൻ വളരെ മടിയാണെന്നും, സുരക്ഷിതമായ ഒരിടംവിട്ട് മറ്റൊരു സാഹചര്യത്തിലേക്കു വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അവർ അവിടെത്തന്നെ ഒതുങ്ങിക്കൂടുന്നതെന്നും അവർ പറയുന്നു. സൗന്ദര്യ മൽസരങ്ങളിൽ വിജയിയായതിനെക്കുറിച്ചും ആ അവസരങ്ങൾ വ്യക്തിത്വവികസനത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുമൊക്കെ പ്രിയങ്ക വാചാലയായി.

കരിയറും ജീവിതവും ഒരുമിച്ചു മുന്നോട്ടുകൊണ്ടു പോകാൻ ഭർത്താവ് നിക്ക് സഹായിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക വാചാലയായതിങ്ങനെ :-

'' ഞാനൊരു വന്യസ്വഭാവമുള്ള കുട്ടിയാണ്. എനിക്കിഷ്ടമുള്ളതെല്ലാം എവിടെവച്ചും ചെയ്യാൻ മടിയില്ലാത്ത കുട്ടി. നിക്ക് എപ്പോഴും എനിക്ക് പിന്തുണ നൽകി ഒപ്പം നിൽക്കുന്നയാളാണ്. തന്റെ കരിയർ മുന്നോട്ടുകൊണ്ടു പോകാൻ നിക്ക് എത്രമാത്രം പിന്തുണയ്ക്കുന്നുണ്ടെന്നു പ്രിയങ്ക വ്യക്തമാക്കിയതിങ്ങനെ :-

''ഞങ്ങൾ ഡേറ്റിങ്ങിലായിരുന്ന സമയത്ത്, ഞാനും നിക്കും സുഹൃത്തുക്കളുമൊരുമിച്ച് പുറത്തു പോയി. പക്ഷേ അതേസമയം എനിക്കൊരു മീറ്റിങ്ങുമുണ്ടായിരുന്നു. ആ മീറ്റിങ് കാൻസൽ ചെയ്യാനായി ഞാൻ സുഹൃത്തുക്കളോട് പോംവഴികൾ തേടി. മീറ്റിങ് റദ്ദാക്കാനാണ് എന്റെ തീരുമാനമെന്ന് സൂചനകിട്ടിയ നിക്ക് അപ്പോൾത്തന്നെ എന്നെ വിളിച്ചുകൊണ്ട് പുറത്തേക്കു പോയി''. എന്നിട്ടിങ്ങനെ പറഞ്ഞു.:- '' നോക്കൂ, ഞാനൊരു വിഡ്ഢിയൊന്നുമല്ല, നീ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ആ വർക്ക് കാൻസൽ ചെയ്യണമെന്ന് ഞാനൊരിക്കലും നിന്നോടു പറയില്ല. കാരണം എനിക്കറിയാം എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് നീ ഇന്നു കാണുന്ന നീ ആയതെന്ന്''.

ജീവിതത്തിൽ ആദ്യമായിട്ടാണ് തന്നോട് ഒരാൾ ഇങ്ങനെ പറഞ്ഞതെന്നും താൻ ചെയ്ത ജോലികൾക്ക് ഇത്രയും മതിപ്പ് നൽകിയതെന്നും പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ജീവിതത്തിലെ മറക്കാനാകാത്ത ആ സംഭവത്തെ ഓർത്തെടുത്തത്.