ഒരുകൂട്ടം പെണ്ണുങ്ങൾ തമ്മിൽ വഴക്കിടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ന്യൂഡൽഹിയിലാണ് സംഭവം. ഒരു ചേരിയിൽ മധ്യവയസ്കയും മറുചേരിയിൽ യുവതികളുമാണുള്ളത്. അവർ തമ്മിലുള്ള വഴക്കിന്റെ കാരണമാണ് അമ്പരപ്പിക്കുന്നത്. ന്യൂ ഡൽഹിയിലെ ഒരു റസ്റ്ററന്റിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം. റസ്റ്ററിന്റിലെത്തിയ യുവതികളുടെ സംഘത്തിലൊരാൾ ധരിച്ച ഇറക്കം കുറഞ്ഞ വസ്ത്രത്തെക്കുറിച്ച് മധ്യവയസ്ക മോശമായ കമന്റ് പറഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്.

റസ്റ്ററന്റിൽ വച്ചുണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് ശിവാനി ഗുപ്ത എന്ന യുവതി പങ്കുവച്ച ദൃശ്യങ്ങളും കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സംഭവത്തെക്കുറിച്ച് ശിവാനി പറയുന്നതിങ്ങനെ :-

'സുഹൃത്തുക്കൾക്കൊപ്പം റസ്റ്ററന്റിലിരിക്കുമ്പോഴാണ് ഇറക്കം കുറഞ്ഞ എന്റെ വസ്ത്രത്തെക്കുറിച്ച് മധ്യവയസ്കയായ ഒരു സ്ത്രീ മോശമായി സംസാരിച്ചത്. അതിനു പുറമേ റസ്റ്ററന്റിലുണ്ടായ പുരുഷന്മാരോട് ഞങ്ങളെ മാനഭംഗം ചെയ്യാനും അവർ ആവശ്യപ്പെട്ടു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാവരും മാനഭംഗം ചെയ്യപ്പെടേണ്ടതാണ് എന്ന ചിന്തയാണ് അവർ വച്ചു പുലർത്തിയിരുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കാൻ ശ്രമിച്ച അവരെ ചോദ്യം ചെയ്ത് അവരെക്കൊണ്ട് മാപ്പു പറയിപ്പിക്കാനായി പെൺകുട്ടികളുടെ അടുത്ത ശ്രമം. അതിനായി ശ്രമിച്ചപ്പോൾ അവർ റസ്റ്ററന്റിനടുത്തുള്ള ഷോപ്പിൽ കയറി. അവരെ പിന്തുടർന്ന് പെൺകുട്ടികൾ ഷോപ്പിലെത്തിയപ്പോൾ പൊലീസിനെ വിളിക്കുമെന്നായി മധ്യവയസ്ക. ഇതിനിടെ പെൺകുട്ടികളും മധ്യവയസ്കയും തമ്മിലുള്ള വാഗ്‍വാദം ശക്തമാകുകയും സംഭവത്തിൽ മറ്റൊരു യുവതി ഇടപെടുകയും ചെയ്തു. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ അപമാനിക്കുകയും അവരെ മാനഭംഗം ചെയ്യാൻ ആക്രോശിക്കുകയും ചെയ്തതിന് അവരോട് ക്ഷമചോദിക്കാൻ ആ സ്ത്രീ മധ്യവയസ്കയോട് നിർദേശിച്ചു. എന്നാൽ ആ നിർദേശം സ്വീകരിക്കാതെ വീണ്ടും തർക്കം തുടരുകയാണ് മധ്യവയസ്ക ചെയ്തത്. താനും ഒരു പെൺകുട്ടിയുടെ അമ്മയാണെന്നും മാനഭംഗം ചെയ്യപ്പെടുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് എന്തെങ്കിലും അറിയാമോയെന്നും ആ സ്ത്രീ മധ്യവയസ്കയോടു ചോദിക്കുന്നു. പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാൻ മധ്യവയസ്ക അവളുടെ അമ്മയൊന്നും അല്ലല്ലോയെന്നും അവർ ചോദിക്കുന്നു. 

എന്നാൽ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കാനാണ് മധ്യവയസ്ക ശ്രമിച്ചത്. ഇതിനിടെ മധ്യവയസ്കയ്ക്കു നേരെ മറ്റൊരു ചോദ്യവുമായി സംഘത്തിലെ മറ്റൊരു പെൺകുട്ടിയെത്തി. രണ്ടും മൂന്നും വയസ്സുള്ള പി‍ഞ്ചു കുഞ്ഞുങ്ങൾ മാനഭംഗം ചെയ്യപ്പെടുന്നത് അവരുടെ വസ്ത്രധാരണത്തിലെ പിഴവു കൊണ്ടാണോയെന്നായിരുന്നു അവളുടെ ചോദ്യം. ആ ചോദ്യത്തിനു മുന്നിൽ ഒന്നു പതറിയ ശേഷം അല്ല, അവരെ മാനഭംഗം ചെയ്യുന്നവർ എന്തെങ്കിലും തരത്തിലുള്ള മനോരോഗമുള്ളവർ ആയിരിക്കുമെന്നായിരുന്നു മധ്യവയസ്കയുടെ മറുപടി. ഞങ്ങൾക്കാവശ്യമായ ഉത്തരം കിട്ടിയെന്നായിരുന്നു പെൺകൂട്ടത്തിന്റെ പ്രതികരണം.

പെൺകുട്ടികൾ വിഡിയോയെടുക്കുന്നുണ്ടെന്നു മനസ്സിലാക്കിയ മധ്യവയസ്ക ഒടുവിൽ പറഞ്ഞതിങ്ങനെ:- '' മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഈ പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു. വളരെ നല്ലകാര്യം തന്നെ. ഈ പെൺകുട്ടികളുടെ പെരുമാറ്റം നോക്കൂവെന്നു പറഞ്ഞ് പെൺകുട്ടികളെ കുറ്റപ്പെടുത്താനും അവർ മറന്നില്ല. പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ലോകം മുഴുവൻ കാണട്ടെയെന്നു പറഞ്ഞുകൊണ്ടാണ് മധ്യവയസ്ക പിൻവാങ്ങുന്നത്. താൻ പൊലീസിനെ വിളിക്കുമെന്നും പെൺകുട്ടികളെയും അവരെ പിന്തുണയ്ക്കാനെത്തിയ സ്ത്രീയെയും പൊലീസിലേൽപ്പിക്കുമെന്നും അവർ പറഞ്ഞു.

വസ്ത്രധാരണം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ ആവശ്യമില്ലാതെ ഇടപെട്ട ഒരാൾക്ക് നൽകാവുന്ന വ്യക്തമായ മറുപടിയാണിതെന്നും പറഞ്ഞുകൊണ്ടാണ് ആളുകൾ പെൺകുട്ടികളെ പിന്തുണയ്ക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT