ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ പെൺകുട്ടികൾ അപമാനിക്കപ്പെടുന്ന വാർത്തകൾ പുറത്തു വരുന്നതിനിടയിലാണ് തന്റെ അനുഭവം തുറന്നു പറയാൻ ഒരു യുവതി തയാറായത്. അവരുടെ പേര് ക്ലുവെയ് ഹോർട്ടൺ. 34000 ൽ അധികം ഇൻസ്റ്റഗ്രാം ഫോളേവേഴ്സുള്ള ആളാണ് കക്ഷി.

സമൂഹമാധ്യമത്തിൽ ഒരു ബിക്കിനി ചിത്രം പങ്കുവച്ചതോടെയാണ് ഇവർ ബോഡിഷെയിമിങ്ങിന് ഇരയായത്.

പുരുഷന്മാർ മാത്രമല്ല സ്ത്രീകൾ പോലും തന്റെ ശരീരത്തെ അപമാനിക്കുന്ന തരത്തിലാണ് കമന്റുകൾ പങ്കുവച്ചത് എന്നാണ് ക്ലുവെയ്‌യുടെ പരാതി. തടിച്ചിയെന്നും, ഗുസ്തിക്കാരിയെന്നും ക്യാറ്റ് ഫിഷെന്നുമൊക്കെ വിളിച്ചാണ് അവർ യുവതിയെ അപമാനിച്ചത്.

പബ്ലിക് കമന്റിനു പുറമേ ചാറ്റ്ബോക്സിലും പരിഹസിക്കുന്ന സന്ദേശം ലഭിച്ചപ്പോൾ നിശ്ശബ്ദയായിരിക്കാൻ അവർക്കായില്ല. തന്നെ അപമാനിക്കുന്ന തരത്തിൽ പേഴ്സണൽ മെസേജ് അയച്ചവരുടെ ചാറ്റ് പുറത്തുവിട്ടുകൊണ്ടാണ് ക്ലുവെയ് പ്രതികരിച്ചത്.

തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ യുവതിയെ പിന്തുണയ്ക്കാനും ഒരുപാടാളുകളെത്തി. സ്വന്തം സൗന്ദര്യം കാണാൻ കഴിവില്ലാത്തവരാണ് മറ്റുള്ളവർ നന്നായി നടക്കുമ്പോൾ അസൂയമൂത്ത് അവരെ ശല്യം ചെയ്യാൻ ശ്രമിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് അവർ യുവതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിക്കിനിയിൽ ക്ലുവെയ്  അതിസുന്ദരിയാണെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.

അസൂയയ്ക്ക് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലെന്നും അതുകൊണ്ട് മറ്റുള്ളവരുടെ മോശം കമന്റുകളിൽ മനസ്സു തളരാതെ സുന്ദരമായ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കാനുമാണ് മറ്റുചിലർ യുവതിയെ ഉപദേശിച്ചത്.