അബോധാവസ്ഥയിൽ മാനഭംഗം, ഭർത്താവ് പകർത്തിയ ദൃശ്യങ്ങളിൽ കുഞ്ഞിന്റെ മുഖം
ഒരു ഭാര്യ എന്ന നിലയിൽ വഞ്ചനയ്ക്കിരയായിട്ടും മാനഭംഗ ദൃശ്യങ്ങളിൽ മകന്റെ മുഖം കൂടി കണ്ടതോടെയാണ് ഒരു അമ്മ എന്ന നിലയിൽ ജെന്നി ടീസൺ തകർന്നു പോയത്. വിവാഹാനന്തര മാനഭംഗം അത്ര ചെറിയ തെറ്റല്ലെന്ന് മനസ്സിലാക്കാൻ ഒരുപാടു വർഷങ്ങൾ വേണ്ടി വന്നു ജെന്നിക്ക്. പിന്നെ ഒട്ടും മടിച്ചില്ല പൊറുക്കാനാവാത്ത ഒരു മഹാപാപത്തിലേക്ക് പിഞ്ചു കുഞ്ഞിനെക്കൂടി ഉൾപ്പെടുത്തിയ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ അവൾ തീരുമാനിച്ചു.
ആ തീരുമാനത്തിനൊപ്പം മറ്റൊരു കാര്യവും ജെന്നി നിശ്ചയിച്ചുറപ്പിച്ചു വിവാഹാനന്തര മാനഭംഗം ചെയ്യുന്ന കുറ്റവാളികളെ ശിക്ഷിക്കാൻ പഴുതുകളില്ലാത്ത നിയമം കൂടി വേണം. അതിനായുള്ള പോരാട്ടമായിരുന്നു അവളുടെ പിന്നീടുള്ള ജീവിതം.
വിവാഹജീവിതം തുടങ്ങിയപ്പോൾ മുതൽ ഭർത്താവിൽ നിന്ന് വളരെ മോശമായ സമീപനങ്ങളാണ് ജെന്നിക്ക് നേരിടേണ്ടി വന്നത്. ശാരീരികമായി സുഖമില്ലാത്തപ്പോഴും ഒട്ടും താൽപര്യമില്ലാത്തപ്പോഴുമൊക്കെ ഭർത്താവ് അവളെ നിർബന്ധിക്കുകയും ബലപ്രയോഗത്തിലൂടെ കീഴടക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അയാൾ ഒളിപ്പിച്ച ഒരു ഹാർഡ് ഡിസ്ക്ക് കണ്ടെടുക്കും വരെ ഇതൊക്കെ എല്ലാ വിവാഹത്തിലും നടക്കുന്ന കാര്യങ്ങളായിരുന്നു എന്നായിരുന്നു ജെന്നിയുടെ ധാരണ. എന്നാൽ ഹാർഡ് ഡിസിക്കിലെ ദൃശ്യങ്ങൾ കണ്ടതോടെയാണ് ഇതുവരെ വിവാഹാനന്തര മാനഭംഗത്തിന് താൻ വിധേയായായിക്കൊണ്ടിരിക്കുകയായിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയത്.
ബോധമറ്റു കിടക്കുന്ന തന്നെ പലപ്പോഴായി ഭർത്താവ് മാനഭംഗം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു ആ ഹാർഡ് ഡിസ്ക്കിലുണ്ടായിരുന്നത്. പക്ഷേ അതിൽ ഒരു ദൃശ്യത്തിലുണ്ടായിരുന്ന കാഴ്ച ഏതൊരമ്മയുടെയും ഹൃദയം നിലച്ചു പോകാൻ പാകത്തിലുള്ളതായിരുന്നു. തന്റെ മുഖം ഭർത്താവ് സൂം ചെയ്യുന്ന ഒരു ദൃശ്യത്തിൽ തന്റെ ഇളയ മകൻ തനിക്കരുകിൽക്കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നുവെന്ന് വിങ്ങുന്ന ഹൃദയത്തോടെയാണ് അവൾ ഓർക്കുന്നത്.
അതോടെയാണ് താൻ അനുഭവിച്ചുകൊണ്ടിരുന്ന ക്രൂരതയുടെ ആഴത്തെക്കുറിച്ച് അവർക്ക് ബോധ്യം വന്നതും ഭർത്താവിനെ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചതും. ജെന്നിയെ മയക്കു മരുന്നു നൽകി ബോധംകെടുത്തിയ ശേഷമായിരുന്നു അയാളുടെ ഇത്തരം ക്രൂര വിനോദങ്ങൾ. അയാളോടൊപ്പം ഇനിയും തുടർന്നാൽ തന്നോടു ചെയ്ത ക്രൂരതകൾ അയാൾ മക്കളോടും ചെയ്തേക്കാം എന്ന ചിന്തയാണ് വിവാഹമോചനത്തിന് ജെന്നിയെ പ്രേരിപ്പിച്ചത്.
തനിക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് മിനസൊട്ടയിലെ നിയമപാലകർക്കു മുന്നിൽ ജെന്നി അനുഭവം തുറന്നു പറഞ്ഞത്. പങ്കാളികളാൽ മാനഭംഗം ചെയ്യപ്പെടുന്നവർക്ക് രക്ഷപെടാൻ നിരവധി പഴുതുകളുള്ള നിയമം പൊളിച്ചെഴുതണമെന്ന് മീ ടൂ മൂവ്മെന്റ് ചർച്ചയായ സമയത്തു തന്നെ ജനാധിപത്യവാദികൾ ആവശ്യപ്പെട്ടതാണ്. ഇതേ അപേക്ഷ തന്നെയാണ് തന്റെ ജീവിതം തുറന്നു പറഞ്ഞുകൊണ്ട് ജിന്നിയും ആവശ്യപ്പെട്ടത്.
മാനഭംഗം കുറ്റകരമാണെങ്കിലും വിവാഹാനന്തര മാനഭംഗം കുറ്റകരമാണോ അല്ലയോ എന്ന കാര്യത്തിൽ പല രാജ്യങ്ങൾക്കും വലിയ തീർച്ചയൊന്നുമില്ല. ഒരുമിച്ചു കഴിയുന്ന ദമ്പതികളിലൊരാൾ പങ്കാളിയുടെ സമ്മതമില്ലാതെ നിർബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചാൽ അതിനെ വിവാഹനന്തര മാനഭംഗം എന്നു വിളിക്കാമോ. അകന്നു കഴിയുന്ന ദമ്പതികളാണെങ്കിൽ അവരിലൊരാൾ മറ്റൊരാളിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചാൽ അതിനെ വിവാഹാന്തര മാനഭംഗമായി കണക്കാക്കാം എന്നൊക്കെയുള്ള ചർച്ചകളാണ് അന്ന് നടന്നത്.1979 ലെ നിയമമനുസരിച്ച് വിവാഹാനന്തരമാനഭംഗം ചെയ്യുന്ന കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതുകൾ നിയമത്തിൽ തന്നെയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ മസാച്യുസെറ്റ്സിലെ ഒരു ബാർടെൻഡർ അകന്നു കഴിയുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ മാനഭംഗപ്പെടുത്തിയ സംഭവമാണ് ഈ വിഷയത്തിൽ ദേശീയ തലത്തിൽ ആദ്യമായി പുറത്തു വന്ന കേസ്.
തുടർന്ന് രാജ്യമെമ്പാടുമുള്ള വുമൺ റൈറ്റ്സ് ഗ്രൂപ്പുകൾ ക്യാംപെയിനുകൾ നടത്തുകയും ഓരോ സംസ്ഥാനത്തെയും നിയമപാലകരെ കണ്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. അങ്ങനെ 1993 ഓടെ 50 സംസ്ഥാനങ്ങളിൽ വിവാഹാന്തര മാനഭംഗം നിയമവിരുദ്ധമാണെന്ന് നിയമം വന്നു. പക്ഷേ അപ്പോഴും കുറ്റവാളികൾക്ക് രക്ഷപെടാനുള്ള പഴുതുകൾ അവിടെയുണ്ടായിരുന്നു.
ഭാര്യാഭർത്താക്കന്മാർ നിയമപരമായി വേർപിരിയാത്തിടത്തോളം കാലം വിവാഹാനന്തര മാനഭംഗത്തെപ്പറ്റി പരാതികൾ ലഭിച്ചാൽ അത് പരിഗണിക്കുന്ന പതിവുണ്ടായിരുന്നില്ല. എന്നാൽ ദമ്പതികളിലൊരാൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലോ ഇരുവരും പിരിഞ്ഞു കഴിയുകയോ ആണെങ്കിൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ മാത്രം നിയമ നടപടികളുമായി മുന്നോട്ടു പോകാൻ നിയമം അനുവദിക്കും.
ഭർത്താവിനെ ഭാര്യയുടെ ഉടമസ്ഥനായാണ് പണ്ട് പലരും കണക്കാക്കിയിരുന്നത്. അതുകൊണ്ടാണ് വിവാഹാനന്തര മാനഭംഗം പണ്ടൊന്നു കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാതിരുന്നതെന്നാണ് പ്രോസിക്യൂട്ടർമാർ പോലും പറയുന്നത്.
തന്നെ ഭർത്താവ് മാനഭംഗം ചെയ്തതിന്റെ ദൃശ്യങ്ങൾ തെളിവായി നൽകിക്കൊണ്ടാണ് ഭർത്താവിനെതിരെ ജെന്നി പരാതി നൽകിയത്. നിയമത്തിനുള്ളിലെ ചില പഴുതുകൾ അയാൾക്ക് രക്ഷപെടാനുള്ള പഴുത് നൽകുമെന്നതിനാൽ ലൈംഗിക പീഡനം എന്നതിനു പകരം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന കുറ്റത്തിനാണ് അയാൾക്ക് ശിക്ഷ ലഭിച്ചത്. കേവലം 45 ദിവസത്തെ ജയിൽ ശിക്ഷയാണ് അയാൾക്ക് ലഭിച്ചത്.
വിവാഹാനന്തര പീഡനത്തിലെ കുറ്റവാളികളെ രക്ഷപെടുത്താൻ സഹായിക്കുന്ന പഴുതുകൾ നിയമ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്യാനായി ജെന്നി കയറിയിറങ്ങാത്ത പടികളില്ല. ഒടുവിൽ വിഷയവുമായി ബന്ധപ്പെട്ട ബിൽ വോട്ടിങ്ങിനിടുകയും ജെനിക്ക് അനുകൂലമായ തരത്തിൽ ബിൽ പാസാകുകയും ചെയ്തു. ഒറ്റപ്പെട്ട ശബ്ദങ്ങൾക്കും ഈ ലോകത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയും എന്നാണ് സന്തോഷക്കണ്ണീരോടെ ജെന്നി പറയുന്നത്. ഒരായുസ്സിന്റെ പോരാട്ടത്തിന് അറുതി വന്നതിന്റെ ആശ്വാസത്തിലാണ് ജെന്നിയിപ്പോൾ.