ലോകത്തെല്ലായിടത്തും ഒരു പുതിയ യുഗത്തിനു തുടക്കം കുറിച്ച പ്രസ്ഥാനമാണ് മീ ടൂ മുന്നേറ്റം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചതും ലോകത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചതും. പക്ഷേ, അടുത്തിടെ നടത്തിയ ഒരു പഠനം മീ ടൂ മുന്നേറ്റം സ്ത്രീകളുടെ കരിയറില്‍ വീഴ്ത്തിയ കരിനിഴലിലേക്കാണ് വെളിച്ചം വീശുന്നത്. 

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന മോശം പെരുമാറ്റത്തെ ഒതുക്കിത്തീര്‍ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അല്ലെങ്കില്‍ അവഗണിക്കുകയായിരുന്നു പതിവ്. മീ ടൂ തുറന്നുപറച്ചിലുകള്‍ ഉണ്ടായതോടെ ഇരകള്‍ മുന്നോട്ടുവന്നു. അക്രമികളെ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങി. അവര്‍ക്ക് ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവന്നു. ഇത് ജോലിസ്ഥലത്തെ സംസ്കാരത്തിനും മാറ്റമുണ്ടാക്കി. 

ഒരുപക്ഷേ സ്ത്രീകളും പുരുഷന്‍മാരും ആഗ്രഹിക്കാത്ത രീതിയിലും ആനാരോഗ്യകരമായ നിലയിലും. ഇന്ന് ഓഫിസിലെ ഒരു സഹപ്രവര്‍ത്തകയോടു സംസാരിക്കുമ്പോള്‍ പോലും മിക്ക പുരുഷന്‍മാരും ശ്രദ്ധാലുക്കളാണ്. അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്ന ഒരു വാക്കോ വാചകമോ തന്നെ കുരുക്കിലാക്കുമെന്ന ആറിവോടെയാണ് അവര്‍ സംസാരിക്കുന്നത്, പെരുമാറുന്നത്. ഇതേത്തുടര്‍ന്ന് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകള്‍ക്കും പല ഓഫിസുകളിലും മാനേജര്‍ തലത്തിലുള്ള പുരുഷന്‍മാര്‍ മടിക്കുകയാണത്രേ. 

മിക്ക ജോലിസ്ഥലങ്ങളിലും ഉയര്‍ന്ന പോസ്റ്റുകള്‍ കയ്യാളുന്നത് പുരുഷന്‍മാര്‍ ആയിരിക്കും. അവരാണ് താഴെയുള്ള സഹപ്രവര്‍ത്തകരായ സ്ത്രീപുരുഷന്‍മാര്‍ക്ക് ജോലി വീതിച്ചു നല്‍കുന്നന്നത്. അവസരങ്ങള്‍ ലഭിക്കുന്നവരാണ് തിളങ്ങുന്നത്. മുകളിലേക്ക് , ഉയര്‍ന്ന പോസ്റ്റുകളിലേക്ക് കയറിപ്പോകുന്നതും. മീ ടൂവിനെ തുടര്‍ന്നുള്ള അസുഖകരമായ അന്തരീക്ഷത്തില്‍ മാനേജര്‍മാരായ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്നത് കുറഞ്ഞിരിക്കുന്നു.

ഒറ്റയ്ക്ക് ഒരു സഹപ്രവര്‍ത്തകയുമായി സംസാരിക്കുന്നതു തന്നെ പലര്‍ക്കും പേടിയാണ്. പുറത്തുപോകുന്നത്, യാത്രകള്‍ ചെയ്യുന്നത് ഒക്കെ പലരും പേടിക്കുന്നു. അതിന്റെ ഫലമായി സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും കുറയുന്നു. പ്രതിഭയില്ലാത്തതുകൊണ്ടോ ശേഷിയില്ലാത്തതുകൊണ്ടോ അല്ല, അവഗണന മൂലം. അവഗണന സംഭവിക്കുന്നതോ, അനാവശ്യമായ പേടി മൂലവും. 

ജോലിസ്ഥലത്ത് സ്ത്രീകളുമായി ഓഫിസ്കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും മടിയാണെന്നു പറയുന്നു 60 ശതമാനത്തോളം മാനേജര്‍മാര്‍. സ്ത്രീകളുമായി ഒറ്റയ്ക്കിരുന്നു ജോലിവ ചെയ്യാനും സംസാരിക്കാനുമൊക്കെ യുള്ള വിസമ്മതവും ഇതില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുമായി സജീവമായി ഇടപെട്ടാല്‍ തനിക്കെതിരെ നാളെ ആരോപണം വരുമോ എന്നതാണവരെ പേടിപ്പിക്കുന്നത്.  ഒരു വര്‍ഷം മുമ്പ് ഇങ്ങനെ ചിന്തിക്കുന്ന പുരുഷന്‍മാരുടെ എണ്ണം 46 ശതമാനം മാത്രമായിരുന്നു. 

ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ കീഴ്ജീവനക്കാരായ സ്ത്രീകളെ അവഗണിക്കാന്‍ തുടങ്ങിയതോടെ തിരിച്ചറിയപ്പെടാതെയും ഉപയോഗിക്കപ്പെടാതെയും നശിക്കുന്നത് സ്ത്രീകളുടെ കഴിവുകള്‍ തന്നെ. സമൂഹത്തിന്റെ സുസ്ഥിരമായ പുരോഗതിക്കും ഇതു തടസ്സം സൃഷ്ടിക്കുകയാണ്. പുതിയൊരു പഠനം ജോലിസ്ഥലത്തെ ഈ അനാരോഗ്യപ്രവണതകള്‍ പുറത്തുകൊണ്ടുവന്നതോടെ പുതിയ മാര്‍ഗങ്ങള്‍ എന്താണെന്ന് ആലോചിക്കുകയാണ് സാമൂഹിക നിരീക്ഷകര്‍. 

സ്ത്രീകളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കാന്‍ മടിയാണെങ്കില്‍ ഒരു ഗ്രൂപ്പായി കൂടിക്കാഴ്ചകള്‍ ഒരുക്കാവുന്നതേയുള്ളൂ. ഓഫിസിലെ അടച്ചിട്ട മുറിയില്‍ ഒരു സ്ത്രീയുമായി ഒറ്റയ്ക്കു സംസാരിക്കുന്നത് ഭയമാണെങ്കില്‍ ഒരു കോഫിഷോപ് തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ വാതിലുകള്‍ പൂര്‍ണമായി തുറന്നിട്ട മുറിയില്‍ ഇരുന്ന് സംസാരിക്കുകയുമാവാം. സംസാരം എന്തുമായിക്കോട്ടെ അത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രായോഗികമാക്കൂ. കീഴ്‍ജീവനക്കാരായ പുരുഷന്‍മാരോട് എങ്ങനെയാണോ പെരുമാറുന്നത് അതേ രീതിയില്‍ത്തന്നെ സ്ത്രീകളോടും പെരുമാറുക. ആരോപണങ്ങള്‍ ഉണ്ടാകില്ല. മികച്ച മാനേജര്‍ എന്ന പേര് നേടിയെടുക്കുകയും ചെയ്യാം. 

ഇതിനൊപ്പം മികച്ച ഒരു ബോസ്, അല്ലെങ്കില്‍ മികച്ച സഹപ്രവര്‍ത്തകന്‍ ആകണമെങ്കില്‍ എന്തു ചെയ്യണം എന്നും ആലോചിക്കണം. സ്ത്രീകളോടു മോശമായി പെരുമാറുന്നതു മാത്രമല്ല പ്രശ്നം. അവരെ പരിഗണിക്കേണ്ടിയിരിക്കുന്നു. കേള്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. ഒപ്പം അവരെ പിന്തുണയ്ക്കുകയും അവസരങ്ങള്‍ കൊടുക്കുകയും വേണം. ആക്രമിക്കാതിരിക്കുന്നു എന്നതുകൊണ്ടു മാത്രം ആരും നല്ല ഒരു പുരുഷനോ സഹപ്രവര്‍ത്തകനോ ആകുന്നില്ല എന്ന തിരിച്ചറിവാണ് പ്രധാനം. 

ഫെയ്സ്ബുക്കില്‍ ചീഫ് ഓപറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്ബര്‍ഗും മാര്‍ക് പ്രിച്ചാര്‍ഡുമാണ് ജോലി സ്ഥലത്തെ പുതിയ പ്രവണതകളെക്കുറിച്ചും മീ ടൂ പ്രസ്ഥാനത്തിനുശേഷമുണ്ടായിരിക്കുന്ന സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും പഠനം നടത്തുകയും ആരോഗ്യകരമായ സമൂഹനിര്‍മിതിക്കുവേണ്ട പാഠങ്ങളുമായി എത്തിയിരിക്കുന്നതും.