'കൂറ്റന്‍ ചിറകുകളുള്ള ഒരു വെള്ളപ്പക്ഷിയുടെ പുറത്തിരുന്നത് യാത്ര പോകുന്നതുപോലെ തോന്നി ആകാശത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുമ്പോള്‍. താഴെ അനന്തവിസ്തൃതിയാര്‍ന്ന കടല്‍. മുകളില്‍ ആകാശം. ഇടയ്ക്ക് പറന്നു പറന്നു ഞാനും'.... ഒരിക്കലും മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചു പറയുമ്പോള്‍ ആരോഹിയുടെ വാക്കുകളില്‍ ആവേശം. കുതിപ്പിന്റെ സന്തോഷം. 

വെറുമൊരു യാത്രയായിരുന്നില്ല. ലോക റെക്കോര്‍ഡിലേക്കാണ് ആരോഹി കുതിച്ചത് അഥവാ പറന്നത്. മുംബൈയില്‍നിന്നുള്ള 23 വയസ്സുകാരി ആരോഹി പണ്ഡിറ്റ്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ഒറ്റയ്ക്ക് ഒറ്റ എന്‍ജിനുള്ള ചെറു വിമാനത്തില്‍ യാത്ര പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ടു. സാഹസികമായ ഈ യാത്ര റെക്കോര്‍ഡിനുവേണ്ടിയായിരുന്നു എന്നു കരുതിയെങ്കില്‍ തെറ്റി. ഒരു പാഠം പഠിപ്പിക്കാനായിരുന്നു. 

ഇന്ത്യയിലെ മാത്രമല്ല, ലോകത്താകെയുള്ള സ്ത്രീകളെ. പാഠം ഇതാണ്- സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിങ്ങള്‍ക്കും കഴിയും. തുനിഞ്ഞിറങ്ങുകയാണെങ്കില്‍. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പുരുഷന്‍മാര്‍ പലവട്ടം വിവിധ വലുപ്പത്തിലുള്ള വിമാനങ്ങളിലൂടെ ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്തിട്ടുണ്ട്. 

പുരുഷന്‍മാര്‍ക്ക് ആകുമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്കും ആയിക്കൂടാ. പുരുഷന്‍മാര്‍ ചെയ്യുന്നതെന്തും സ്ത്രീകള്‍ക്കു കഴിയുമെന്നു ലോകത്തെ കാണിക്കാന്‍ വേണ്ടിയായിരുന്നു ആരോഹിയുടെ യാത്ര. വിജയകരമായ യാത്ര. ലോക്റെക്കോര്‍ഡ് സ്ഥാപിച്ച യാത്ര. കാനഡ‍യുടെ വടക്ക് ഒരു വിമാനത്താവളത്തില്‍ അള്‍ട്ര ലൈറ്റ് എയര്‍ക്രാഫ്റ്റില്‍ ആരോഹി ഇറങ്ങുമ്പോള്‍ ലോകം കയ്യടിച്ചു. മുംബൈയില്‍നിന്നുള്ള യുവതിയായ ആരോഹിയുടെ അതിശയനേട്ടത്തില്‍. 

17-ാം വയസ്സു മുതല്‍ വിമാനം പറപ്പിക്കുന്നത് പതിവാക്കിയ ആരോഹി കഴിഞ്ഞ തിങ്കളാഴ്ചയാണ് യാത്ര തുടങ്ങിയത്-ഗ്രീന്‍ലാന്‍ഡില്‍നിന്ന്. 3000 കിലോമീറ്ററുകളാണ് ആരോഹി ഒറ്റയ്ക്കു പന്നിട്ടത്. അതും പ്രതികൂലമായ കാലാവസ്ഥയില്‍. കാറ്റ് വീശിയടിക്കുകയായിരുന്നു. എന്നിട്ടും പതറാത്ത മനസ്സും ഉറച്ച നിശ്ചയദാര്‍ഡ്യവുമായി ആരോഹി ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി. തീരെച്ചെറിയ വിമാനത്തിലായിരുന്നു യാത്ര. 

മഹിയെന്നായിരുന്നു വിമാനത്തിന്റെ പേര്. 400 കിലോയില്‍ അല്‍പം കൂടുതല്‍ മാത്രം തൂക്കം. ഒറ്റഎന്‍ജിന്‍. പ്രതികൂല കാലാവസ്ഥയിലും യാത്ര പൂര്‍ത്തിയാക്കുകതന്നെ ചെയ്തു ആരോഹി. ഇന്ത്യയില്‍നിന്നു തുടങ്ങി, പാക്കിസ്ഥാന്‍, ഇറാന്‍ , തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കാനഡയുടെ മണ്ണില്‍. ലോകറെക്കോര്‍ഡ് നേടിയെങ്കിലും ആരോഹിയുടെ യാത്രകള്‍ ഇവിടെ തീരുന്നില്ല. ഇനി അലാസ്കയിലേക്ക്. പിന്നെ റഷ്യ. പിന്നെ വീണ്ടും തിരിച്ച് ഇന്ത്യയിലേക്ക്..വീട്ടിലേക്ക്.