അമേരിക്കയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇന്ത്യൻ വനിതകൾ; ആ 3 പേർ ഇവർ
Mail This Article
അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വനിതകളുടെ വിജയക്കൊടിയേറ്റം. ഫോബ്സ് പ്രസിദ്ധീകരിച്ച സമ്പന്നരും കഠിനാധ്വാനികളും സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്തവരുമായ 80 വനിതകളില്‍ മൂന്നു ഇന്ത്യന്‍ വംശജരുമുണ്ട്. കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത്, വിദേശ രാജ്യത്ത് സമ്പത്തിന്റെ സാമ്രാജ്യം തീര്‍ത്തവര്‍. സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിശയത്തോടെ നോക്കുന്ന അദ്ഭുതങ്ങള്‍.
കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് സ്ഥാപനം അരിസ്റ്റ നെറ്റ്വര്‍ക്ക് പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ ജയശ്രീ ഉള്ളാള്‍, ഐടി കണ്‍സള്‍ട്ടിങ്-ഔട്ട് സോഴ്സിങ് സ്ഥാപനം സിന്റല്‍ സഹസ്ഥാപക നീരജ സേത്തി, സ്ട്രീമിങ് ഡേറ്റ ടെക്നോളജി സ്ഥാപനം കൺഫ്ലുവന്റ് സഹസ്ഥാപക നേഹ നാര്‍ഖഡെ എന്നിവരാണ് 80 സമ്പന്നരായ വനിതകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 72 വയസ്സുകാരി ഡെയ്ന്‍ ഹെന്‍ഡ്രിക്സ് ആണു പട്ടികയില്‍ ഒന്നാമത്. എബിസി സപ്ലൈ എന്ന സ്ഥാപനത്തിന്റെ മേധാവി.
80 സമ്പന്ന വനിതകളില്‍ 18-ാം സ്ഥാനത്താണ് ജയശ്രീ ഉള്ളാള്‍. അരിസ്റ്റയുടെ അഞ്ചു ശതമാനം ഓഹരികളും സ്വന്തമായുള്ള ജയശ്രീക്ക് 58 വയസ്സ്. ലണ്ടനില്‍ ജനിച്ച്, ഇന്ത്യയില്‍ വളര്‍ന്ന്, അമേരിക്കയില്‍ വ്യവസായം കെട്ടിപ്പടുത്ത ജയശ്രീ ഏറ്റവും സമ്പന്നരായ വനിതകളില്‍ ഒരാളാണെന്നാണ് ഫോബ്സ് വിശേഷിപ്പിക്കുന്നത്.
നീരജ സൈത്തിയുടെ സ്ഥാനം 23-ാമത്. വെറും 2000 ഡോളറുമായി ഭര്‍ത്താവ് ഭരത് ദേശായിക്കൊപ്പം 1980-ല്‍ മിഷിഗണ്‍ നഗരത്തിലെ ട്രോയിലുള്ള അപാര്‍ട്മെന്റിലായിരുന്നു നീരജയുടെ സ്ഥാപനത്തിന്റെ എളിയ തുടക്കം. ഫ്രഞ്ച് ഐടി ഭീമന് താല്പര്യം കാണിച്ചതോടെയാണ് സിന്റലിന്റെ നല്ലകാലം തുടങ്ങുന്നത്. ഇന്ന് ഈ മേഖലയിലെ ലോകത്തിലെതന്നെ അറിയപ്പെടുന്ന സ്ഥാപനം.
80 പേരില്‍ അറുപതാമതാണ് നാര്‍ഖഡെ. നെറ്റ് ഫ്ലിക്സും ഊബറും ഒക്കെയാണ് കൺഫ്ലുവന്റിന്റെ ഉപഭോക്താക്കള്‍. 2014 -ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം നാര്‍ഖഡെ ബിസിനസിലേക്ക് ഇറങ്ങിയത്. സോഫ്റ്റ്വെയര് എന്‍ജിനീയറാണ് 34 വയസ്സുകാരിയായ നാര്‍ഖഡെ. ഫോബ്സ് ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ഓപ്ര വിന്ഫിയാണ്.
വനിതകള്‍ സ്വയം പര്യാപ്തതയോടെ, സ്വന്തം സാമ്രാജ്യങ്ങള്‍ കണ്ടെത്തുന്ന അതിശയകരമായ കാഴ്ചയാണ് പുതിയ കാലത്തിന്റെ സവിശേഷതയെന്നു പറയുന്നു ഫോബ്സ്. മുമ്പൊക്കെ 80 വനിതകളെ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ടെങ്കില്‍ വരുമാനത്തിന്റെയും പ്രശസ്തിയുടെയും ഉയരങ്ങള്‍ കീഴടക്കിക്കൊണ്ട് പുതിയ ആളുകള്‍ വമ്പന്‍ സ്ഥാപനങ്ങളുടെ മേധാവികളായി ചരിത്രം രചിക്കുകയാണ്.