മീടൂ: നാനാ പടേക്കർക്ക് ക്ലീൻചിറ്റ്; മോദിയോടു ചോദ്യവുമായി തനുശ്രീ ദത്ത
ബോളിവുഡ് താരവും മോഡലുമായ തനുശ്രീദത്ത നൽകിയ ലൈംഗിക അതിക്രമക്കേസിൽ നടൻ നാനാപടേക്കറിനു മുംബൈ പൊലീസ് ക്ലീൻചിറ്റ് നൽകിയതിൽ പ്രതിഷേധിച്ചും അതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യമുയർത്തിയും തനുശ്രീ ദത്ത. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് ശക്തമായ ഭാഷയിൽ തനുശ്രീയുടെ പ്രതികരണം.
പടേക്കറിനെതിരെ തെളിവില്ലെന്നാണ് മുംബൈ പൊലീസ് കോടതിയെ അറിയിച്ചത്. കുറ്റാരോപിതനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് തനുശ്രീ ആരോപിക്കുന്നു. ‘സ്ത്രീകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന ഇടമാണോ താങ്കളുടെ രാമരാജ്യം?’ എന്ന ചോദ്യം പ്രധാനമന്ത്രിയോട് ഉന്നയിക്കുകയും ചെയ്യുന്നു.
കുറ്റപത്രം സമർപ്പിച്ചു വിചാരണ നടത്താൻ തെളിവുകൾ നാനാ പടേക്കർക്കെതിരെ ഇല്ലെന്നാണ് മുംബൈ ഡപ്യൂട്ടി കമ്മിഷണർ അന്ധേരി മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ടിനു സമർപ്പിച്ച ബി- സമ്മറി റിപ്പോർട്ട്. നാനാപടേക്കറോടുള്ള പകപോക്കാനാണ് തനുശ്രീ കേസ് റജിസ്റ്റർ ചെയ്തതെന്നും അത് കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറയുന്നു.
2008ൽ 'ഹോൺ ഒകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റിൽ പടേക്കർ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ഒക്‌ടോബറിലാണു തനുശ്രീ പരാതി നൽകിയത്. ഗാനചിത്രീകരണത്തിനിടയിൽ പടേക്കർ അപമര്യാദയായി സ്പർശിച്ചെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ പടേക്കർ നിഷേധിച്ചിരുന്നു. ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തെക്കുറിച്ച് സ്ത്രീകൾ തുറന്നു പറയുന്ന മീ ടൂ മൂവ്മെന്റിന്റെ ഭാഗമായാണ് തനുശ്രീ സിനിമാ മേഖലയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നത്. പിന്നീടാണ് നാനാപടേക്കറിനെതിരെ നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതും കേസ് രജിസ്റ്റർ ചെയ്തതും.
തനുശ്രീദത്തയുടെ പ്രസ്താവനയിൽനിന്ന്:
‘മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷനിൽ ഞാൻ നൽകിയ പരാതിയിൽ ലൈംഗിക അതിക്രമമില്ല എന്നാണ്. 2008 ൽ നൽകിയ കേസിൽ എഫ് ഐ ആർ എഴുതാൻ പോലും പൊലീസ് ആദ്യം തയാറായിരുന്നില്ല. പ്രതികളെ സംരക്ഷിക്കാനാണ് അന്നവർ ശ്രമിച്ചത്. എന്റെ പരാതിയെ അഡ്രസ്സ് ചെയ്യാതിരുന്നതിന് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ അന്ന് മാപ്പെഴുതി നൽകിയത് എല്ലാവരും ഓർക്കുന്നുണ്ടാകും. അന്ന് മാധ്യമങ്ങളിൽ ആ മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു കോപ്പി പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
ഇത് അഴിമതിയുടെ അങ്ങേയറ്റമാണ്. തെളിവുകളെല്ലാം എനിക്കെതിരെയും ആരോപണവിധേയനായ ആൾക്ക് അനുകൂലവുമാക്കാൻ അവർ എന്തൊക്കെ തിരിമറികളാണ് നടത്തിയത്. ആരോപണ വിധേയനായ പ്രതിക്കൊപ്പം നിൽക്കുമ്പോഴും ഈ കേസ് വളരെ ശക്തമാണെന്നും അറസ്റ്റ് പെട്ടെന്നു നടക്കുമെന്നുമൊക്കെ പൊലീസ് ഞങ്ങൾക്കു പ്രതീക്ഷ നൽകിയിരുന്നു. അതേ ആളുകൾ തന്നെയാണ് ഞാൻ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്നു പറഞ്ഞുകൊണ്ട് പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്.
ഞാനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും തെളിവായി നൽകിയിരുന്നു. അതിനു സാക്ഷികളുമുണ്ട്. ഇതിലൊക്കെ ഉപരിയായി എന്തു തെളിവുകളാണ് ഞാൻ നൽകേണ്ടത്?. അന്വേഷണം വഴിതെറ്റിക്കാൻ, പ്രതിസ്ഥാനത്തു നിൽക്കുന്നവരുമായി ചേർന്ന് കള്ളസാക്ഷികളെ സൃഷ്ടിച്ചെടുക്കുകയാണവർ. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഞങ്ങളോട് ഒന്നുംതന്നെ പറഞ്ഞിട്ടുമില്ല.
എന്നെ ഒരു നുണച്ചിയായി ചിത്രീകരിക്കാൻ നാനാ പടേക്കറും അയാളുടെ ആളുകളും നിങ്ങൾക്ക് എത്രത്തോളം പണം നൽകിയിട്ടുണ്ട്?. പൊലീസിന്റെ കള്ളറിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേട്ടിനോടും എനിക്കിതു തന്നെയാണ് ചോദിക്കാനുള്ളത്. തനിക്ക് ക്ലീൻ ചിറ്റ് ലഭിക്കാൻ എവിടെയൊക്കെ നാനാ പടേക്കർ കൈക്കൂലി കൊടുത്തു കാണും?.
ഈ പീഡനം എന്റെ ജോലിയും ജീവിതമാർഗ്ഗവും ഇല്ലാതാക്കി. മറ്റൊരു രാജ്യത്തു പോയി എല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ട അവസ്ഥയാണെനിക്ക്. കാരണം ഇന്ത്യയിൽ നീതിയും നിയമവുമൊക്കെ കോടികൾ കൈക്കൂലികൊടുക്കുന്നവർക്കു വേണ്ടിയുള്ളതാണ്. പീഡനത്തിനും ഉപദ്രവങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾ കേസുമായി മുന്നോട്ടു പോകാനുള്ള ധൈര്യം കാണിച്ചാൽ അവർ പറയുന്നതെല്ലാം കെട്ടിച്ചമച്ച കള്ളക്കഥകളായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. എന്റെ കേസിൽ ഇത്തരമൊരു റിപ്പോർട്ടുണ്ടാക്കിയവർ എത്രത്തോളം കാശുണ്ടാക്കിക്കാണും. പൊലീസിൽ നിന്നും കോടതിയിൽ നിന്നും ക്ലീൻചിറ്റ് ലഭിക്കണമെങ്കിൽ നിങ്ങൾ നിഷ്കളങ്കരാകണമെന്നൊന്നുമില്ല.
മോദിജീ, ഈ രാജ്യത്തിന്റെ മകൾ തുടർച്ചയായി ലൈംഗിക അതിക്രമണങ്ങൾക്ക് വിധേയയാകുന്നു, പൊതുസ്ഥലത്തു വച്ച് ആക്രമിക്കപ്പെടുന്നു, അവൾക്ക് വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുന്നു, അവളുടെ ജോലിയും ജീവിതവും ആകെ താറുമാറാകുന്നു,അവളുടേത് കള്ളക്കേസ് ആണെന്ന് നിങ്ങളുടെ പൊലീസ് പറയുന്നു... ഇതാണോ താങ്കളുടെ കാഴ്ചപ്പാടിൽ രാമരാജ്യം. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ കേട്ടുവളർന്നത്. രാമന്റെ നാമം സത്യമാണെന്നാണ്. എന്നാൽ എന്തുകൊണ്ടാണ് ഈ രാജ്യത്ത് അസത്യവും അധർമവും മാത്രം വിജയിക്കുന്നത്? എനിക്കുത്തരം തരൂ’.
രാജ്യത്തു മീടൂ തരംഗത്തിനു തുടക്കമിട്ടത് തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ നൽകിയ പരാതിയാണ്. എന്നാൽ നാനാ പടേക്കറും കുടുംബവും ആരോപണം നിഷേധിച്ചിരുന്നു. അമ്പതോളം ആളുകളുള്ള സെറ്റിൽ വച്ച് എങ്ങനെയാണ് നാനാപടേക്കറിന് തനുശ്രീയോട് മോശമായി പെരുമാറാൻ കഴിയുക എന്നതായിരുന്നു അവരുടെ ചോദ്യം.
തനുശ്രീയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒട്ടേറെ സ്ത്രീകൾ തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമത്തിന് ഇരയായതായി തുറന്നു പറഞ്ഞിരുന്നു.