സിനിമാ താരങ്ങളെക്കുറിച്ച് എന്തും പറയാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്ന അഹങ്കാരത്തോടെയാണ് പലരും അഭിനേത്രികളുടെ ശരീരത്തെക്കുറിച്ച് അറപ്പുളവാക്കുന്ന രീതിയിൽ സംസാരിക്കുന്നത്. അവരും അവരുടെ ശരീരവും പൊതുസ്വത്താണ് എന്ന നിലയിലാണ് പലരുടെയും അഭിപ്രായപ്രകടനം. അഭിനയം എന്ന തൊഴിൽ വൃത്തിയായി ചെയ്യാൻ മാത്രമല്ല. തങ്ങൾക്കെതിരെ ഉയരുന്ന അതിക്രമണങ്ങൾക്കെതിരെ കൃത്യമായ നിലപാടെടുക്കാനും അറിയാമെന്നു വ്യക്തമാക്കുകയാണ് ബി ടൗണിലെ താരസുന്ദരികൾ.

സൗഹൃദത്തിൽ പൊതിഞ്ഞുള്ള നിർദേശങ്ങൾ മുതൽ അശ്ലീലം കലർന്ന വിമർശനങ്ങൾ വരെ

സമൂഹം കൽപ്പിച്ചിരിക്കുന്ന അഴകളവുകളിൽ നിന്ന് തെല്ലൊന്ന് മാറിപ്പോയാൽ അപ്പോൾ പിന്നാലെ വരും നിർദേശങ്ങളും ഉപദേശങ്ങളും. സൗഹൃദത്തിന്റെ പേരിലുള്ള ഉപദേശങ്ങളെ ഒഴിച്ചു നിർത്തിയാൽ പിന്നെ കാത്തിരിക്കുന്നത് നിശിതമായ വിമർശനങ്ങളും അശ്ലീലം കലർന്ന ആക്ഷേപങ്ങളുമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് അവർ നിലപാടുകൾ വ്യക്തമാക്കുന്നു.

വിദ്യാബാലൻ

ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബി ടൗണിൽ തന്റെ ചുവടുറപ്പിച്ച വിദ്യ ബോഡിഷെയ്മിങ്ങിന് പലവട്ടം ഇടയായിട്ടുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്തതിനു പിന്നിലുള്ള ആരോഗ്യകരമായ കാരണങ്ങളെക്കുറിച്ചും അവർ തുറന്നു പറഞ്ഞിരുന്നു. കഹാനി, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച താൻ ജീവിതത്തിൽ തന്നെ അംഗീകരിക്കാൻ പഠിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു.

മറ്റുള്ളവരുടെ അഭിപ്രായത്തെ ഭയന്ന് താൻ അതികഠിനമായ വ്യായാമങ്ങളും ഡയറ്റുകളും പിന്തുടർന്നിരുന്നുവെന്നും ആരോഗ്യപരമായ മറ്റു ചില കാരണങ്ങൾ കൊണ്ടാണ് എത്ര ശ്രമിച്ചിട്ടും തന്റെ ശരീരഭാരം കുറയാത്തതെന്ന് മനസ്സിലായപ്പോൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ അംഗീകരിക്കാൻ താൻ പഠിച്ചുവെന്നും അവർ പറയുന്നു. ഷൂട്ട് ചെയ്തു കഴിഞ്ഞ സീനുകൾ മോണിറ്ററിൽ കണ്ടു വിലയിരുത്താൻ ഭയപ്പെട്ടിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നെന്നും അവർ പറയുന്നു.

എന്നാലിപ്പോൾ ബോഡിഷെയിമിങ്ങിനെക്കുറിച്ച് പൊതുവേദികളിൽ വിദ്യ തുറന്നു സംസാരിക്കാറുണ്ട്. അടുത്തിടെ ബോഡിഷെയിമിങ്ങിന്റെ പരിണിത ഫലങ്ങളെക്കുറിച്ചുള്ള ഒരു പാട്ടുപാടി സമൂഹമാധ്യമത്തിൽ വിദ്യ അപ്‌ലോഡ് ചെയ്തിരുന്നു. പരിഹാസം കൊണ്ട് മറ്റുള്ളവരെ തളർത്തുന്ന പ്രവണത അവസാനിപ്പിക്കാനും വിദ്യ ആളുകളോട് പറയാറുണ്ട്.

സലോണി ചോപ്ര

ഫ്രീ ദി നിപ്പിൾ മൂവ്മെന്റ്, ആർത്തവം ആഘോഷമാക്കുന്നതിലുള്ള ഇരട്ടത്താപ്പുകളെ ചോദ്യംചെയ്യൽ, എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലൂടെ എന്നും ട്രോളന്മാരുടെ ഇഷ്ട 'ഇര'യാണ് ബോളിവുഡ് താരവും ബ്ലോഗറുമായ സലോണി ചോപ്ര. ഇന്ത്യയിൽ മീ റ്റൂ മൂവ്മെന്റ് തരംഗമായ സമയത്ത് സിനിമാമേഖലയിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു ഈ 28കാരി. സാജിദ് ഖാൻ, സിയാൻ ദുരാനി, നിർമാതാവ് വികാസ് ബഹി എന്നിവരിൽ നിന്നാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ അവർ വെളിപ്പെടുത്തിയത്.

മീ ടൂ വെളിപ്പെടുത്തലോടെ സൈബർ ആക്രമണങ്ങളും ബോഡിഷെയിമിങ്ങും വർധിച്ചപ്പോഴും ധീരമായ നിലപാടുകളിൽ ഉറച്ചു നിന്നു അവർ. ആ പ്രതിരോധം അവർക്കു നൽകിയത് സ്യൂഡോ ഫെമിനിസ്റ്റ് എന്ന വിശേഷണമാണ്.

സൊനാക്‌ഷി സിൻഹ

2010 ൽ ദബാങ് എന്ന ചിത്രത്തിലൂടെ ബി ടൗണിൽ അരങ്ങേറ്റം കുറിച്ച സൊനാക്‌ഷി അമിത ഭാരത്തിന്റെ പേരിൽ പലതവണ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ബി ടൗണിൽ ചുവടുറപ്പിക്കാനായി പാടുപെടുന്ന ഒരു പുതുമുഖ താരത്തെ തടിച്ചിയെന്ന പരിഹാസം തെല്ലൊന്നുമല്ല ഉലച്ചത്. അടുത്തിടെ നടൻ അർബാസ്ഖാനുമായി നടന്ന അഭിമുഖത്തിൽ കരിയറിന്റെ തന്റെ തുടക്കകാലത്തെക്കുറിച്ചും ആളുകളുടെ മോശം പെരുമാറ്റത്തെക്കുറിച്ചു മൊക്കെ നടി തുറന്നു പറഞ്ഞിരുന്നു. യാതൊരു ധാരണയുമില്ലാത്ത വിഷയങ്ങളെക്കുറിച്ചൊക്കെ ആളുകൾ എത്ര ആധികാരികമായിട്ടാണ് സംസാരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ഇത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇപ്പോൾ ഇത്തരം കാര്യങ്ങൾക്കു മുന്നിൽ പതറില്ലെന്നും അവർ പറയുന്നു.

പ്രിയങ്ക ചോപ്ര

ബോളിവുഡ് താരവും രാജ്യാന്തര സാന്നിധ്യവുമായ പ്രിയങ്ക ചോപ്ര മാനസികാരോഗ്യത്തെക്കുറിച്ചും സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെക്കുറിച്ചും പലപ്പോഴും സംസാരിക്കാറുണ്ട്. താൻ ആദ്യമായി ബോഡിഷെയിമിങ്ങിന് ഇരയായതിനെക്കുറിച്ച് 2016 ൽ നടന്ന ഒരു അമേരിക്കൻ ടോക്ക്ഷോയിൽ അവർ വെളിപ്പെടുത്തിയതിങ്ങനെ :-

''എന്റെ കൗമാരപ്രായത്തിലാണ് ഞാൻ ആദ്യമായി ബോഡിഷെയിമിങ്ങിന് ഇരയായത്. കാണാൻ വ്യത്യസ്തയായിരിക്കുന്നു എന്നു പറഞ്ഞാണ് ആളുകൾ എന്നെ പരിഹസിച്ചത്. എല്ലാവരും ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഇത്തരം പരിഹാസങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കുന്നതു കൊണ്ടോ, കാണാൻ വ്യത്യസ്തയായിരിക്കുന്നതുകൊണ്ടോ ഒക്കെ അങ്ങനെ സംഭവിക്കാം. ചുറ്റുമുള്ള ആളുകൾ നമ്മിൽ വല്ലാതെ സമ്മർദ്ദം ചെലുത്തിയേക്കാം. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ഉള്ളിലുള്ള ശക്തിയെ തിരിച്ചറിഞ്ഞ് അതിൽ മാത്രം ലക്ഷ്യമൂന്നി പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമായും നമുക്കു തന്നെയാകും''.

സോനം കപൂർ

സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സോനം കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റം. താൻ ട്രോളുകൾക്കിരയാകുന്നതിനെക്കുറിച്ചും തന്റെ ശരീരത്തെ സ്വയം സ്നേഹിക്കാതിരുന്ന കാലത്തെക്കുറിച്ചും സോനം കപൂർ എഴുതിയതിങ്ങനെ. :-

പൊതുജനങ്ങൾക്കു മുന്നിൽ വരുന്നതിനു മുൻപ് മണിക്കൂറുകൾ ചിലവഴിച്ചാണ് ഒരുങ്ങിക്കൊണ്ടിരുന്നത്. ആത്മവശ്വാസം തിരികെ കിട്ടിയത് ഇൻഡസ്ട്രിയിലെ സഹഅഭിനേത്രികളുടെ പിന്തുണ കൊണ്ടാണ്.

ഇലിയാന ഡിക്രൂസ്

ഹിന്ദി– തെലുങ്ക് അഭിനേത്രിയായ ഇല്യാന ബോഡിഷെയിമിങ് മൂലം തന്റെ ജീവിതത്തിലുണ്ടായ ദുരിതങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത് 2017ലാണ്. ബോഡിഷെയിമിങ് വിഷാദത്തിലേക്ക് നയിച്ചതിനെക്കുറിച്ചും അതിൽ നിന്ന് കരകയറിയതിനെക്കുറിച്ചും അവർ പറയുന്നതിങ്ങനെ :- 

'' എന്റെ തിരിച്ചു വരവിനെ അദ്ഭുതമെന്നു വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. വ്യക്തികളുടെ അപൂർണതയിൽ സൗന്ദര്യം കണ്ടെത്താനാണെനിക്കിഷ്ടം. അതാണ് മനുഷത്വമെന്നാണ് ഞാൻ വിശ്വസിക്കുന്നത്''.