സെലിബ്രിറ്റി ലൈഫിന്റെ സൗകര്യങ്ങളിൽ അസൂയപ്പെടുന്നവർ പലപ്പോഴും ആ പൊസിഷനിൽ നിൽക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പല അസൗകര്യങ്ങളെക്കുറിച്ചും ഓർക്കാറില്ല. വ്യക്തിജീവിതത്തിലെ അത്തരം സ്വാതന്ത്ര്യക്കുറവുകളെക്കുറിച്ച് തുറന്നു കാട്ടിക്കൊണ്ടാണ് രണ്ട് സെലിബ്രിറ്റി വനിതാ താരങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ദീപിക പദുക്കോണും കജോളും.

പൊതുവെ ചിത്രങ്ങളോടും സെൽഫികളോടും നോ പറയാത്ത ആളാണ് കജോൾ. എന്നാൽ അടുത്തിടെ സുഹൃത്തിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോൾ കാറിൽ നിന്നിറങ്ങിയ കജോളിനോട് ഒരു ചിത്രത്തിന് പോസ് ചെയ്യാൻ ഫൊട്ടോഗ്രാഫർ ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം കേട്ടതായി ഭാവിക്കുകയോ അയാളുടെ മുഖത്തു നോക്കാൻ തയാറാവുകയോ പോലും ചെയ്യാതെ കജോൾ നടന്നു നീങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അതിനു തൊട്ടുപിറകേയാണ് ദീപികയും ആരാധകന് ചിത്രങ്ങൾ നിഷേധിച്ചുവെന്ന നിലയിൽ വാർത്തകൾ പുറത്തു വന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് ഒരു ആരാധകൻ ദീപികയെ സമീപിച്ച് ഒരു സെൽഫിക്ക് പോസ് ചെയ്യാമോയെന്നു ചോദിച്ചത്. എന്നാൽ താൻ സെൽഫിയെടുക്കാറില്ലെ എന്നു വ്യക്തമായ മറുപടി നൽകിയാണ് ആരാധകനോട് ദീപിക തന്റെ വിസമ്മതമറിയിച്ചത്. ദീപിക നല്ല തിരക്കിലായിരുന്നുവെന്നും ഒരു പക്ഷേ അതുകൊണ്ടായിരിക്കാം അവർ ആരാധകന്റെ അഭ്യാർഥന നിഷേധിച്ചത് എന്നുമാണ് സംഭവങ്ങൾ കണ്ടുകൊണ്ടിരുന്ന ദീപികയുടെ ആരാധകർ പറഞ്ഞത്.

പൊതുചടങ്ങുകളിലോ സ്വകാര്യചടങ്ങുകളിലോ പങ്കെടുക്കാനായി സെലിബ്രിറ്റികളെത്തുമ്പോൾ ചടങ്ങുകളെന്തുമായിക്കൊള്ളട്ടെ ഞങ്ങൾക്കു രണ്ടു ഫോട്ടോ കിട്ടിയാൽ മതി എന്ന ഭാവത്തോടെയാണ് പലരും അവരെ സമീപിക്കുന്നത്. താരങ്ങളുടെ മാനസികാവസ്ഥയോ തിരക്കോ ഒന്നും  പ്രശ്നമല്ല എന്ന രീതിയിലാണ് പലരുടെയും പെരുമാറ്റമെന്ന് പല താരങ്ങളും പരാതി പറയാറുണ്ട്.

സെലിബ്രിറ്റി എന്ന ലേബൽ വീണാൽ ഇത്തരം സംഗതികളെ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമായി കാണാൻ ഭൂരിപക്ഷം പേരും ശ്രമിക്കാറുണ്ട്. അപൂർവം ചിലർ ചിത്രം പകർത്തുന്നതിനോട് നോ പറയാറുമുണ്ട്. അനുവാദം ചോദിക്കാതെ ചിത്രം പകർത്തുന്നതിനെ പൊതുവേ താരങ്ങൾ ആരും തന്നെ പ്രോത്സാഹിപ്പിക്കാറില്ല. ചിലർ അതിന്റെ പേരിൽ ആരാധകരോട് കലഹിക്കാറുണ്ട്.

ജയാബച്ചൻ അത്തരത്തിൽപ്പെട്ട ഒരാളാണ് പല പൊതുച്ചടങ്ങുകളിൽ വച്ചും തന്റെ അനുവാദം ചോദിക്കാതെ ചിത്രം പകർത്തിയവരെ ജയ പരസ്യമായി ശകാരിച്ചിട്ടുണ്ട്. ആരാധകർക്ക് ചിത്രങ്ങൾ നിഷേധിച്ച കജോളിന്റെയും ദീപികയുടെയും വാർത്തകൾ പ്രചരിച്ചതോടെ ഇരുവരും ജയാബച്ചന്റെ പാതപിന്തുടരുകയാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്.