49 വര്‍ഷത്തിനുശേഷം ആദ്യമായി പാര്‍ലമെന്റില്‍ ഒരു വനിത ബജറ്റ്; ഇത് ചരിത്രദിനം
രണ്ടു ദിവസമായി രാജ്യം ഉറ്റുനോക്കുന്നത് ഒരു വനിതയെയാണ്. ശ്രദ്ധിക്കുന്നത് അവരുടെ വാക്കുകളാണ്. കാത്തിരിക്കുന്നത് അവരുടെ കയ്യിലെ ഫയലുകളിലെ വിവരങ്ങള്‍ക്കായാണ്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന്‍ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുകയാണ്. 72 വര്‍ഷത്തെ ചരിത്രമുള്ള സ്വതന്ത്രഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ നിര്‍ണായകമായ ദിവസമാണ് ഇന്ന്- 2019 ജൂലൈ 5 വെള്ളി. 49 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു വനിത ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിനം.
സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്ന ദിനമായിരുന്നു വ്യാഴാഴ്ച. വെള്ളിയാഴ്ച ഏവരും കാത്തിരിക്കുന്ന ബജറ്റിന്റെ ദിനവും. ബജറ്റ് ദിനങ്ങളില്‍ ധനമന്ത്രിമാര്‍ക്കൊപ്പം ശ്രദ്ധാകേന്ദ്രമാകുന്ന ഒരു പെട്ടിയുമുണ്ടായിരുന്നു. രഹസ്യങ്ങളുടെ പെട്ടി. ആ പെട്ടി ഇല്ലാതെയാണ് നിര്‍മല സീതാരാമന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പാര്‍ലമെന്റിലേക്ക് വരുന്നത്. ദേശീയചിഹ്നം ആലേഖനം ചെയ്ത ചുവന്ന തുണിപ്പൊതിയുമായി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് 1947 നവംബര്‍ 26 ന്. ഇന്ത്യയുടെ ആദ്യധനമന്ത്രി എന്ന നിലയില്‍ സര്‍ രാമസ്വാമി കണ്ടസ്വാമി ഷണ്‍മുഖം ചെട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. അന്നുമുതല്‍ ധനമന്ത്രാലയവും ധനമന്ത്രിപദവുമെല്ലാം പുരുഷന്‍മാരുടെ കുത്തകയാണ്; ചെറിയൊരു ഇടവേള ഒഴിച്ചുനിര്‍ത്തിയാല്‍. ഇന്ദിരാഗാന്ധിക്കുശേഷം പ്രതിരോധ മന്ത്രിയായി കഴിഞ്ഞ മോദി മന്ത്രിസഭയില്‍ത്തന്നെ ചരിത്രം തിരുത്തിക്കുറിച്ച നിര്‍മല സീതാരാമന്‍ ഇത്തവണ വീണ്ടും ഇന്ദിരാഗാന്ധിക്കുശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രിയാകുകയാണ്.
ആദ്യ മോദി മന്ത്രിസഭ അധികാരത്തില്‍വരുന്നതിനുമുമ്പുള്ള നാളുകളില്‍ ബിജെപി വക്താവ് എന്നനിലയില്‍ എതിരാളികളെ ആക്രമിച്ചും രാജ്യത്ത് ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ വിത്തുപാകിയും തിളങ്ങിയ നിര്‍മല ടെലിവിഷന്‍ ചാനലുകളിലെ പതിവുമുഖമായിരുന്നു. എന്തിനും ഏതിനും അന്ന് നിര്‍മലയായിരുന്നു മറുപടി പറഞ്ഞിരുന്നത്. പ്രതികരിച്ചിരുന്നത്. മോദിമന്ത്രിസഭ രൂപീകൃതമായപ്പോള്‍ പ്രതീക്ഷിച്ചതുപോലെ നിര്‍മലയ്ക്ക് മികച്ച വകുപ്പ് ലഭിച്ചു. ഒടുവില്‍ പ്രതിരോധ മന്ത്രിപദവും. രണ്ടാം മന്ത്രിസഭ ആയപ്പോഴേക്കും പ്രതിരോധ വകുപ്പിലെ കുറഞ്ഞകാലത്തെ സേവനത്തിനുശേഷം അവര്‍ക്ക് ലഭിച്ചത് ധനമന്ത്രാലയം.
വകുപ്പ് ഏതായാലും അവിടം സ്വന്തം ബുദ്ധിവൈഭവും കഴിവും കൊണ്ട് സ്വന്തമാക്കുന്ന നിര്‍മാല കുറഞ്ഞകാലം കൊണ്ട് ധനവകുപ്പും തന്റെ ഇഷ്ടയിടമാക്കിയാണ് ഇപ്പോള്‍ മുന്നേറുന്നത്. മികച്ച ഭാവിക്കുവേണ്ടിയുള്ള രൂപരേഖയാണ് നിര്‍മല ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ എന്നും വിലയിരുത്തപ്പെട്ടുകഴിഞ്ഞു.
സ്വപ്നങ്ങളും പ്രതീക്ഷകളും പൊങ്ങച്ചം പറച്ചിലും മാത്രമാണെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നയങ്ങളുടെയും മികച്ച വളര്‍ച്ചയുടെ അടിസ്ഥാനമാകേണ്ട സ്വപ്നപദ്ധതികളെക്കുറിച്ചും നിര്‍മല സര്‍വേയില്‍ വിവരിക്കുന്നുണ്ട്. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്ന രാജ്യത്തിന് വ്യക്തമായ ദിശാബോധം നല്‍കുക എന്നതാണ് പുതിയ ധമന്ത്രിയുടെ നിയോഗം. ചുവന്ന തുണിപ്പൊതിയുമായി ഇന്ന് പാര്‍ലമെന്റില്‍ എത്തി ചരിത്രം കുറിച്ച് ബജറ്റ് പ്രസംഗം നടത്തുമ്പോള്‍ നിര്‍മല സീതാരാമന്‍ രാജ്യത്ത് വനിതാ വിമോചനത്തിന്റെ കാഹളമൂതുക കൂടിയാണ്. പുരുഷന്‍മാര്‍ക്കു സാധ്യമായതെന്തും സ്ത്രീകള്‍ക്കും കഴിയുമെന്നതിന്റെ പ്രത്യക്ഷസാക്ഷ്യം. ഒഴിവാക്കപ്പെടുമ്പോഴല്ല, പരിഗണിക്കപ്പെടുമ്പോഴാണ് കഴിവുകള്‍ പുറത്തുവരുന്നതെന്ന നിയമത്തിന്റെ സാഫല്യവും.