3000 പുരുഷ ഡ്രൈവർമാർക്കിടയിലെ ഒരേയൊരു വനിതാ സാരഥി
പ്രതീക്ഷ ദാസ് എന്ന വനിതാ ഡ്രൈവറാണ് ഇപ്പോൾ വാർത്തകളിലെ താരം. വലിയ വാഹനങ്ങളോടുള്ള ഇഷ്ടം ഈ 24കാരിയെ കൊണ്ടിരുത്തിയത് മുംബൈയിലെ പബ്ലിക് ബസിന്റെ ഡ്രൈവർ സീറ്റിലാണ്. കനത്ത മഴയെ അവഗണിച്ച് നഗരത്തിരക്കിലൂടെ ബസ് പായിക്കുന്ന വനിതാ ഡ്രൈവറെ കൗതുകത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
എട്ടാംക്ലാസിൽ ബൈക്കോടിക്കാൻ പഠിച്ചുകൊണ്ടാണ് വാഹനലോകത്തേക്ക് പ്രതീക്ഷ ചേക്കേറിയത്. ആർ ടി ഒ ഓഫിസറാകണമെന്ന മോഹം മനസ്സിലുദിച്ചപ്പോൾ ഹെവിവെഹിക്കിൾസ് ലൈസൻസ് നേടിയെടുത്തു. മലാഡിലെ താക്കൂർ കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കിയ ശേഷമാണ് പ്രതീക്ഷ തന്റെ സ്വപ്ന യാത്രയ്ക്ക് ഫസ്റ്റ് ഗിയറിട്ടത്. വലിയ വാഹനങ്ങളോടിക്കണമെന്ന ആഗ്രഹവുമായി ബെസ്റ്റ് ബസ്സിന്റെ ട്രെയിനിങ് സ്കൂളിൽ ചേർന്നു. അവിടെ നിന്നാണ് പബ്ലിക് ബസ്സിന്റെ സാരഥിയാകാൻ അവസരം ലഭിച്ചത്.
മൂവായിരത്തോളം പുരുഷഡ്രൈവർമാർ ജോലിചെയ്യുന്ന മേഖലയിലേക്കാണ് തലയെടുപ്പോടെ പ്രതീക്ഷ കടന്നു വന്നത്. ജീവിത ലക്ഷ്യങ്ങൾ ഓരോന്നായി കീഴടക്കാൻ ഉയരക്കുറവു പോലും തടസ്സമായില്ല ഈ മിടുക്കിപ്പെണ്ണിന്. എന്നെങ്കിലുമൊരിക്കൽ വിമാനം പറത്തണമെന്ന മോഹവും ഈ പെൺകുട്ടിയുടെ മനസ്സിലുണ്ട്.