ലോക ബാങ്കിന്റെ അമരത്ത് അൻഷുല കാന്ത്; പ്രതിഭകൊണ്ട് ബാങ്കിങ് രംഗം കീഴടക്കിയ വനിത
ചരിത്രത്തിലെ സുവര്‍ണകാലത്തിലേക്കും വളര്‍ച്ചയുടെ ഉയരങ്ങളിലേക്കും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ നയിച്ച സ്ത്രീശക്തി ഇനി ലോകബാങ്കിന്റെ അമരത്ത്. ഇന്ത്യയ്ക്കും ഒപ്പം ലോകത്തെ മുഴുവന്‍ വനിതകള്‍ക്കും അഭിമാനിക്കാവുന്ന നിമിഷം.
കഴിവിനും പ്രാഗത്ഭ്യത്തിനും പ്രതിഭയ്ക്കും ലിംഗവിവേചനമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ടാണ് അൻഷുല കാന്തിന്റെ സ്ഥാനാരോഹണം. ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായിരിക്കുമ്പോഴാണ് അപൂര്‍വമായ ഉന്നതബഹുമതി അൻഷുലയെ തേടിയെത്തിയിരിക്കുന്നത്. ലോകം സാമ്പത്തിക രംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നിര്‍ണായക സമയത്ത്.
ലേഡി ശ്രീറാം വനിതാ കോളജില്‍നിന്നു ബിരുദവും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബുരുദവും നേടിയാണ് അൻഷുല രാജ്യത്തെ ഒന്നാമത്തെ പൊതുമേഖലാ ബാങ്കിന്റെ തലപ്പത്ത് എത്തുന്നത്. അവിടെ ബാങ്കിനെ അവര്‍ നയിച്ചത് ഏറ്റവും വലിയ വളര്‍ച്ചയിലേക്ക്.
വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങള്‍ പ്രധാനമായും നോക്കുന്നത് ഇനി അൻഷുല കാന്തായിരിക്കും. പ്രസിഡന്റിനോട് നേരിട്ടു വസ്തുതകളും കണക്കുകളും റിപോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പദവിയില്‍. റിസ്ക് മാനേജ്മെന്റാണ് അൻഷുല കൈകാര്യം ചെയ്യുന്ന മറ്റൊരു മേഖല. നിലവില്‍ ലോകത്ത് സമ്പത്തിക രംഗത്ത് ഏറ്റവും കൂടുതല്‍ അനുഭവപരിജ്ഞാനമുള്ള പ്രഫഷണല്‍ ഉദ്യോഗസ്ഥ കൂടിയാണ് അൻഷുല. 35 വര്‍ഷമാണ് അവര്‍ ബാങ്കിങ് രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചത്.
ഈ അനുഭവസമ്പത്ത് ലോകരംഗത്ത് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അൻഷുലയുടെ പുതിയ നിയമനമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് വാഷിങ്ടണില്‍ അഭിപ്രായപ്പെട്ടു.
ബാങ്കിങ് രംഗം ആധുനികവത്കരണത്തിന് വിധേയമായ കാലഘട്ടത്തിലാണ് അന്‍ഷുല സ്റ്റേറ്റ് ബാങ്കിനെ മുന്നോട്ടുനയിച്ചത്. മനുഷ്യവിഭവശേഷിയില്‍ യന്ത്രങ്ങള്‍ സര്‍ഗാത്മകമായി ഇടപെട്ട കാലം. പതിറ്റാണ്ടുകളുടെ പൊടിപിടിച്ച പേപ്പറുകളില്‍നിന്ന് കംപ്യൂട്ടറുകളിലേക്കും ഓട്ടേമേറ്റഡ് ടെല്ലര്‍ മെഷീനുകളുടെ യന്ത്രവല്‍ക്കൃത ലോകത്തേക്കും മുന്നേറിയ കാലത്ത്.
നേതൃപരമായ കഴിവുകള്‍ കൂടി കണക്കിലെടുത്താണ് അൻഷുലയുടെ നിയമനമെന്നും ഡേവിഡ് മല്‍പാസ് വിശദീകരിച്ചു. റിസ്ക്, ട്രഷറി, ഫണ്ടിങ് എന്നീ മേഖലകളിലെല്ലാം വിദഗ്ധയായാണ് അന്‍ഷുല അറിയപ്പെടുന്നതും. ലോകബാങ്കിന്റെ കാര്യക്ഷമത മുൻപത്തേക്കാളും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് പുതിയ നിയമനത്തിനുപിന്നില്‍. ഇന്ത്യയുടെ സ്ത്രീശക്തി ഒരിക്കല്‍ക്കൂടി ലോകരംഗത്ത് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും.