ആ ചിത്രം കണ്ടവരൊക്കെ അദ്ഭുതത്തോടെ നിമിഷങ്ങളോളം നോക്കിനിന്നുപോയി. കളറിന്റെ ലോകത്തിലും മങ്ങാത്ത കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം. അഭിനയ പ്രതിഭ കൊണ്ട് രാജ്യത്തിന്റെ മനം കവര്‍ന്ന നീന ഗുപ്തയുടെ ചിത്രം. കഴിഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള വിളിച്ചുണര്‍ത്തലായിരുന്നു ആ ചിത്രം; നീന ഗുപ്തയ്ക്കും പുതുതലമുറയ്ക്കും. ഗൃഹാതുരതയിലേക്കുള്ള ക്ഷണവും. 

നീന ഗുപ്തയുടെ ഓര്‍മയില്‍ പച്ച പിടിച്ചുനില്‍ക്കുന്നുണ്ട് ആ ചിത്രം; ചിത്രത്തിനൊപ്പമുള്ള ഓര്‍മകളും. ഡല്‍ഹിയാണ് ആ ചിത്രത്തിന്റെ പശ്ചാത്തലം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിയായിരുന്ന കാലം. അവിടെനിന്നാണ് അഭിനയം പഠിച്ച് നീന ഗുപ്ത ഇന്നത്തെ നിലയില്‍ എത്തുന്നത്. ഇന്നും അപ്രതീക്ഷിതമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കലയുടെ ലോകത്തു സജീവമാകുന്നതും. 

നീന ഐഎഎസ് ഓഫിസര്‍ ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ബിരുദാനന്തര ബിരുദത്തിന് സംസ്കൃതം പഠിച്ച നീന പക്ഷേ, അതിനുശേഷം എത്തിപ്പെട്ടത് പ്രശസ്ത അഭിനയക്കളരിയായ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍. സംസ്കൃത നാടകങ്ങളിലെ സ്റ്റേജ് ടെക്നിക് എന്നതായിരുന്നു ഗവേഷണവിഷയം. സമ്പന്നമായ സാഹിത്യവും പൈതൃകവുമുള്ള സംസ്കൃതത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ അവര്‍ ആഗ്രഹിച്ചെങ്കിലും അഭിനയ പഠനത്തിനുശേഷം ലഭിച്ച ഒരു സിനിമ നീനയുടെ കരിയര്‍ മാറ്റിവരച്ചു. 1982 ല്‍ പുറത്തുവന്ന ആധാര്‍ശിലയായിരുന്നു സിനിമ. അതോടെ സിനിമ തലയ്ക്കുപിടിച്ച നീന ഇന്ന് മുംബൈ എന്നറിയപ്പെടുന്ന പഴയകാലത്തെ ബോംബെയിലേക്കു വന്നു. 

അടുത്തകാലത്ത് അലമാര വൃത്തിയാക്കുമ്പോഴാണ് നീന ചില ചിത്രങ്ങള്‍ ശ്രദ്ധിക്കുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ പഠനകാലത്തെ ചിത്രങ്ങള്‍. കറുപ്പിലും വെളുപ്പിലുമുള്ളവ. അനുപം ഖേര്‍ നീനയുടെ സീനിയര്‍ ബാച്ച് വിദ്യാര്‍ഥിയാണ്. സതീഷ് കൗശികും സീനിയര്‍ തന്നെ. സുഷ്മിത മുഖര്‍ജിയാകട്ടെ ജൂനിയറും. അന്ന് ആ ചിത്രം കണ്ട് ഏറെ ചിരിച്ചതിനുശേഷമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. അതു പെട്ടെന്നുതന്നെ വൈറലായി. ഒരു കൂട്ടം പ്രതിഭകളുടെ കഴിഞ്ഞകാലത്തിലേക്കുള്ള തിരിച്ചുപോക്കുമായി. 

ഇബ്രാഹിം അല്‍ക്കാസി ഒരു നാടകം സംവിധാനം ചെയ്യുന്നതുകണ്ടാണ് നീന അഭിനയം പഠിക്കാന്‍ എത്തുന്നതു തന്നെ. അയാള്‍ അഭിനേതാക്കള്‍ക്കു നിര്‍ദേശം കൊടുക്കുന്നു. ഓരോരുത്തരുടെയും ഉള്ളിലുള്ള കഴിവുകളെ പുറത്തെടുക്കുന്നു. അല്‍ക്കാസിക്കു കീഴില്‍ പഠിക്കാന്‍ അങ്ങനെ നീന എത്തുന്നു. പക്ഷേ, അപ്പോഴേക്കും അല്‍ക്കാസി ഡ്രാമ സ്കൂള്‍ വിട്ടിരുന്നു. അങ്ങനെ സങ്കടത്തോടെയും നിരാശയോടെയുമാണ് നീന നാടകപഠനം തുടങ്ങുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റി ജാനകി ദേവി മെമ്മേറിയല്‍ കോളജില്‍ ആയിരുന്നു നീനയുടെ ബിരുദപഠനം. അന്ന് നാടകങ്ങളില്‍ എന്നും നീനയ്ക്കു ലഭിക്കുന്നത് പുരുഷന്‍മാരുടെ കഥാപാത്രങ്ങള്‍. മറ്റുകുട്ടികളെക്കാളും നീളം കൂടുതല്‍ ഉള്ളതായിരുന്നു പ്രധാനകാരണം. അന്നൊരിക്കലും ഒരു നായികാവേഷം പോലും നീനയ്ക്കു കിട്ടിയില്ല. അന്ന് നായികാവേഷം ചെയ്തവര്‍ ഇന്ന് അണിയറയിലും നീന ക്യാമറയ്ക്കു മുന്നിലും. 

ഡല്‍ഹിയില്‍ ബംഗാളി മാര്‍ക്കറ്റ് ആയിരുന്നു നീനയുടെ അന്നത്തെ ഇഷ്ടകേന്ദ്രം. കുറച്ചു പണം കിട്ടിയാല്‍ത്തന്നെ സുഹൃത്തുക്കളെല്ലാവരും കൂടി ബംഗാളിമാര്‍ക്കറ്റില്‍നിന്ന് സ്വാദിഷ്ടമായ ആഹാരസാധനങ്ങള്‍ വാങ്ങികഴിക്കുമായിരുന്നു. കുറച്ചുപണം കൊണ്ട് കൂടുതല്‍ സന്തോഷത്തോടെ ജീവിച്ചകാലമായിരുന്നു അത്. ഇന്നും ഓര്‍മയില്‍ പച്ചപിടിച്ചുനില്‍ക്കുന്ന മനോഹരമായ കാലം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT