അവർ എന്തിനാണ് നിനക്ക് നൊബേൽ സമ്മാനം തന്നത്?; നദിയ മുറാദിനോട് ട്രംപ്
ഇറാഖിലെ യസീദികളെ സഹായിക്കണമെന്നഭ്യർഥിച്ച നൊബേൽ സമ്മാന ജേതാവ് നദിയ മുറാദിനോടായിരുന്നു ട്രംപിന്റെ ആ ചോദ്യം. എന്തിനാണ് അവർ നിനക്ക് നൊബേൽ സമ്മാനം നൽകിയത്?. ഐഎസ്ഐഎസിന്റെ ലൈംഗിക അടിമത്തിൽ നിന്ന് രക്ഷനേടിയ യസീദി ആക്റ്റിവിസ്റ്റായ നദിയ ഒരു നിമിഷം ട്രംപിന്റെ ചോദ്യത്തിനു മുന്നിൽ മൗനം പാലിച്ചു. പിന്നെ അവൾ ആ കഥ ഒരിക്കൽക്കൂടി വിവരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിൽ അമ്മയും സഹോദരന്മാരും കൊല്ലപ്പെട്ടതും 3000 യസീദികളെ കാണാതായതുമെല്ലാം അവൾ ഒരിക്കൽക്കൂടി വിശദീകരിച്ചു.
2014 ലാണ് ഐഎസ് ഭീകരർ യസീദി വിഭാഗത്തെ ആക്രമിക്കുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്തത്. ഗ്രാമവാസികളെ ഒന്നിച്ചു കൂട്ടിയ ഭീകരര്‍ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു. പുരുഷന്മാരെ വെടിവച്ച് കൊന്നു. അതിൽ നാദിയയുടെ ആറ് സഹോദരന്മാരും ഉണ്ടായിരുന്നു. സ്ത്രീകളില്‍ സൗന്ദര്യമില്ലാത്തവരെന്ന് വിലയിരുത്തിയവരെയും പ്രായമായവരെയും കൊച്ചുകുഞ്ഞുങ്ങളെയും കൊന്ന് കുഴിച്ചുമൂടി.
നാദിയ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്കാണ് പിന്നീട് കൊണ്ടുപോയത്. അവിടെ ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ടു ഈ പെണ്‍കുട്ടി. 19 വയസ്സിലാണ് നദിയ ഐഎസിന്റെ ലൈംഗിക അടിമയായത്. അടിമപ്പെൺകുട്ടികളെ അവർ മർദ്ദിക്കും സിഗരറ്റ് കൊണ്ടു പൊള്ളിക്കും. രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൂട്ടമാനഭംഗത്തിനും നദിയ ഇരയായി . ലൈംഗിക അടിമയായതുകൊണ്ടു തന്നെ അവൾ പല തവണ കൈമാറ്റം ചെയ്യപ്പെട്ടു. മൂന്നുമാസത്തോളം അതു തുടർന്നു. മനസാന്നിധ്യം വീണ്ടെടുത്ത നാദിയ പക്ഷേ ഉടമ വീടുപൂട്ടാൻ മറന്ന ദിവസം വീടിന്‍റെ ജനാലയിലൂടെ രക്ഷപെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ പ്രാണരക്ഷാര്‍ഥം ഒാടിയ പെണ്‍കുട്ടിയ്ക്ക് അഭയം നല്‍കിയതും ഒരു മുസ്ലിം കുടുംബമാണ്. അതിസാഹസികമായി ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കണ്ണില്‍പ്പെടാതെ നാദിയയെ അവര്‍ കുര്‍ദിസ്ഥാനിലെത്തിച്ചു.
സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ അവൾ കണ്ടത് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ്. സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നഷ്ടപ്പെട്ട അവൾ ആദ്യമൊക്കെ കരഞ്ഞു. പിന്നെ യസീദി സമൂഹത്തിനെതിരെ നടക്കുന്ന ഐഎസ് അതിക്രമണങ്ങൾക്കെതിരെ ഉറക്കെ പ്രതികരിച്ചു. ലൈംഗിക അടിമയാക്കപ്പെട്ട സമയത്ത് കടന്നു പോകേണ്ടി വന്ന ക്രൂരതയെക്കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ സംസാരിച്ചു. ശ്വാസമടക്കിപ്പിടിച്ചാണ് ലോകം അവളുടെ വാക്കുകൾക്ക് കാതോർത്തത്. ലൈംഗിക അടിമകളാക്കപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന അവൾ 'ദ് ലാസ്റ്റ് ഗേൾ' എന്ന പേരിൽ ആത്മകഥയെഴുതി. ബെസ്റ്റ് സെല്ലർ പട്ടികയിൽ അത് ഇടംപിടിച്ചു.
ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചക്കിടയാണ് നദിയയ്ക്ക് എന്തിനാണ് നൊബേൽ സമ്മാനം കിട്ടിയതെന്ന് ട്രംപ് ചോദിച്ചത്.
'' നിനക്ക് നെബേൽ സമ്മാനം കിട്ടിയല്ലേ? അത് അസാധ്യം തന്നെ. എന്തു കാരണത്താലാണ് അവർ നിനക്ക് നൊബേൽ സമ്മാനം തന്നത്?''- എന്നായിരുന്നു ട്രംപിന്റെ ചോദ്യം.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ഒരിക്കൽക്കൂടി തന്റെ കഥ പറഞ്ഞു. ശേഷം നദിയ പറഞ്ഞതിങ്ങനെ :-
'' ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഞാൻ തളർന്നില്ല. ആയിരക്കണക്കിന് യസീദി സ്ത്രീകളെ ഐഎസ്ഐഎസ് മാനഭംഗം ചെയ്തിട്ടുണ്ടെന്ന് ഞാൻ തെളിയിച്ചു.''
'' ദയവായി എന്തെങ്കിലും ചെയ്യണം. ഇത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല''.
യസീദികൾക്ക് സുരക്ഷിതരായി ജന്മനാട്ടിലേക്കു തിരിച്ചു വരാനുള്ള അവസരം കുർദിഷ് സർക്കാർ സ്വീകരിക്കണമെന്ന നദിയയുടെ ആവശ്യത്തോട് ട്രംപ് പ്രതികരിച്ചതിങ്ങനെ:-
'' പക്ഷേ, ഐഎസ്ഐഎസ് പിൻവാങ്ങിയപ്പോൾ മുതൽ അത് കുർദിഷ് ജനതയുടെയല്ലേ? അല്ലാതെ അത് ആരുടെയാണ്. ആ സ്ഥലത്തെക്കുറിച്ച് എനിക്ക് നന്നായറിയാം.''
അപകടകരമായ വഴിയിലൂടെ സഞ്ചരിച്ച് ജർമിനിയിൽ അഭയം കണ്ടെത്തുന്ന യസീദികളെക്കുറിച്ചും നദിയ വിശദീകരിച്ചു. അഭയാർഥികളെ സ്വാഗതം ചെയ്യുന്ന ആ രീതിയെ ട്രംപ് മുൻപ് വിമർശിച്ചിട്ടുണ്ട്.