കോൺഫിഡൻസെന്നു പറഞ്ഞാൽ ഇതാണിഷ്ടാ; ഇംഗ്ലിഷ് പറഞ്ഞ് ഹൃദയം കീഴടക്കി ഒരമ്മ
ഡിഗ്രിയും പിജിയുമൊക്കെ എത്രയുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. ഗ്രാമറിനെക്കുറിച്ച് ആശങ്കയില്ലാതെ, തപ്പിത്തടയാതെ ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാൻ എത്രപേർക്കു കഴിയും. അങ്ങനെയുള്ളവർ ഈ ദൃശ്യങ്ങൾ ഒന്നു കാണണം. ജീവിതം എത്ര സുന്ദരമാണെന്ന് ഇംഗ്ലിഷിൽ വച്ചു കാച്ചുന്ന ഒരു അമ്മയുടെ വിഡിയോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പ്രണയിച്ചു വിവാഹം കഴിച്ചതിനെക്കുറിച്ചും മക്കളുടെ വിശേഷങ്ങളെക്കുറിച്ചും ജീവിത സായാഹ്നത്തിലും അധ്വാനിച്ചു ജീവിക്കുന്നതിനെക്കുറിച്ചും വാചാലയാകുന്ന അമ്മ സംസാരത്തിന്റെ തുടക്കത്തിൽ ഒരു കാര്യം എടുത്തു പറയുന്നുണ്ട്. താൻ പഠിക്കാൻ പോയിട്ടില്ല എന്നത്. പഠിക്കാൻ പോകാത്ത, എടുപ്പിലും നടപ്പിലും സാധാരണക്കാരിയായ സ്ത്രീ ഒഴുക്കോടെ അതിലുപരി ആത്മവിശ്വാസത്തോടെ ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ അവിടെ ഗ്രാമറൊക്കെ അപ്രസക്തമാകുന്ന കാഴ്ചയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.
നഗരവീഥിയിൽ സാധാരണക്കാരിയോട് കുശലം ചോദിക്കുന്ന മാധ്യമപ്രവർത്തകയും ചോദ്യങ്ങൾക്ക് ഏറെ സന്തോഷത്തോടെ ഇംഗ്ലിഷിൽ സംസാരിക്കുന്ന പ്രായമായ സ്ത്രീയുമാണ് വിഡിയോയിലുള്ളത്. വിഡിയോയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സമൂഹമാധ്യമങ്ങൾ ഇതിനകം തന്നെ ഈ വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
ഈ അമ്മയെപ്പോലെ എന്നാണ് ഇംഗ്ലിഷ് സംസാരിക്കാൻ പറ്റുക? എന്ന ആശയങ്കയാണ് പല ചെറുപ്പക്കാർക്കും. തെല്ലസൂയയോടെയാണ് പലരും ഈ വിഡിയോ പങ്കുവയ്ക്കുന്നതും അതിനു താഴെ കമന്റുകളെഴുതുന്നതും. താനും ഭർത്താവും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും തങ്ങൾക്ക് നാലു മക്കളുണ്ടെന്നും എല്ലാവർക്കും ജോലിയുണ്ടെന്നും കൊച്ചുമക്കളൊക്കെയായി സന്തോഷമായിട്ടാണ് താൻ ജീവിക്കുന്നതെന്നും അമ്മ പറയുന്നു. ഇപ്പോഴും താൻ ജോലി ചെയ്താണ് ജീവിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്ന അമ്മ ഒഴിവു ദിവസങ്ങൾ ആനന്ദകരമാക്കുന്നതിനെക്കുറിച്ചും മനസ്സു തുറക്കുന്നുണ്ട്. ഇഷ്ടമുള്ള മീൻ വിഭവങ്ങളും മാംസാഹരങ്ങളുമൊക്കെ ആഗ്രഹം തോന്നുമ്പോൾ വച്ചു കഴിക്കാറുണ്ടെന്നും അവർ പറയുന്നു.
തന്നോടു സംസാരിക്കാനെത്തിയ മാധ്യമപ്രവർത്തകയോട് തിരിച്ചും ചോദ്യങ്ങൾ ചോദിക്കാൻ ആ അമ്മ മടിയ്ക്കുന്നില്ല. സംസാരിക്കാൻ എന്തുകൊണ്ട് തന്നെ തിരഞ്ഞെടുത്തു എന്നായിരുന്നു അവരുടെ ചോദ്യം. അമ്മയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നും ഈ പെൺകുട്ടിക്ക് തന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയുമെന്നു തോന്നിയതുകൊണ്ടാണ് അവരെ തിരഞ്ഞെടുത്തതെന്നും മാധ്യമ പ്രവർത്തക മറുപടി പറഞ്ഞു.
തന്നെ പെൺകുട്ടി എന്ന് അഭിസംബോധന ചെയ്ത മാധ്യമ പ്രവർത്തകയെ തിരുത്താനും അവർ ശ്രമിച്ചു. താൻ പെൺകുട്ടിയല്ലെന്നും അമ്മയാണെന്നും അവർ പറഞ്ഞു. ആ അമ്മയുടെ ഹൃദയം കുട്ടികളുടേതു പോലെ ചെറുതാണെന്ന് മാധ്യമ പ്രവർത്തക പറഞ്ഞപ്പോൾ തന്റെ ഹൃദയം വിശാലമാണെന്നായിരുന്നു അവരുടെ മറുപടി. പാട്ടും ഡാൻസുമെല്ലാമായി താൻ ജോളിയാണെന്നും അവർ പറഞ്ഞു. തന്റെ കുടുംബമാണ് തന്റെ സന്തോഷത്തിനു കാരണമെന്നും അവർ പറഞ്ഞു.