ബ്രിട്ടിഷ് മാസിക വോഗിന്റെ സെപ്റ്റംബര്‍ ലക്കത്തിനുവേണ്ടി ലോകത്തു നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള 15 പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് മേഗന്‍ മാര്‍ക്കിള്‍.  15 പേരില്‍ നടി ജെയ്ന്‍ ഫൊണ്ട, കൗമാര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തണ്‍ബര്‍ഗ്, ബോഡി പോസിറ്റിവിറ്റി പ്രചാരക ജമീല ജമീല്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ എന്നിവര്‍ മാഗസിന്റെ കവറില്‍ മുഖചിത്രമായും പ്രത്യക്ഷപ്പെടും. 

ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷക ലവേണ്‍ കോക്സും മേഗന്‍ തിരഞ്ഞെടുത്ത 15 പേരിലുണ്ട്. ഇതാദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോഗിന്റെ ഫീച്ചറില്‍ മുഖം കാണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശ്രദ്ധേയ സ്ത്രീ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന വോഗ് ഓരോ സ്ത്രീക്കും ഒരു കണ്ണാടി പോലെ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. തങ്ങളെത്തന്നെ കാണുന്ന, തങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന ലോകത്തിന്റെതന്നെ ഒരു പരിഛേദം. 

ഇവരാണ് മേഗന്‍ തിരഞ്ഞെടുത്ത 15 പേര്‍ 

1. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ 

2. ഗ്രേറ്റ തണ്‍ബര്‍ഗ് , കൗമാര പരിസ്ഥിതി പ്രവര്‍ത്തക 

3. ജെയ്ന്‍ ഫൊണ്ട. നടിയും സാമൂഹിക പ്രവര്‍ത്തകയും 

4. ലവേണ്‍ കോക്സ്, ട്രാന്‍സ്ജെന്‍ഡര്‍,അഭിഭാഷക,നടി. 

5. അദ്‍വോ അബൂഹ്, മാനസികാരോഗ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. 

6. അദുത് അഖേ. മുന്‍ അഭയാര്‍ഥിയും മോഡലും. 

7. റംല അലി. മുന്‍ അഭയാര്‍ഥി,മോഡല്‍. 

8. സിനീഡ് ബര്‍ക് , അഭിഭാഷക. സാമൂഹിക പ്രവര്‍ത്തക. 

9. ജെര്‍മ ചാന്‍. പ്രചാരക. 

10. സല്‍മ ഹയേക് പിനോള്‍ട്. വനിതാ വിമോചന പ്രവര്‍ത്തക. 

11. ഫ്രാന്‍കെസ്ക ഹേവാര്‍ഡ്. നര്‍ത്തകി. 

12. ജമീല ജമീല്‍. ബോഡി പോസിറ്റിവിറ്റി പ്രചാരക. 

13. ചിമന്‍ഡ അങ്കോസി അദിച്ചേ, എഴുത്തുകാരി. 

14. യാര ഷാഹിദി. വോട്ടവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരി. 

15. ക്രിസ്റ്റി ടുലിങ്ടണ്‍ ബേണ്‍സ്, സാമൂഹിക പ്രവര്‍ത്തക. 

കഴി‍ഞ്ഞ വര്‍ഷം ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരനെ വിവാഹം കഴിച്ചതോടെ സസക്സിലെ പ്രഭ്വിയായ മേഗന്‍ വോഗ് സെപ്റ്റംബര്‍ ലക്കത്തിന്റെ സഹ എഡിറ്റര്‍ കൂടിയാണ്. ഫാഷന്റെ അവസാന വാക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാസിക പുതിയ ലക്കത്തിലൂടെ മൂല്യങ്ങളിലേക്കും ലോകത്തെ നിലനിര്‍ത്തുന്ന മഹത്വമുള്ളവരിലേക്കും ശ്രദ്ധതിരിക്കുകയാണ്. മാറ്റത്തിന്റെ പ്രേരക ശക്തികള്‍ എന്ന തലക്കെട്ടിലാണ് 15 പേരെ മേഗന്‍ അവതരിപ്പിക്കുന്നത്. അവരെ അടുത്തറിയുന്നതിലൂടെ പ്രചോദനം നേടി ജീവിതത്തില്‍ പുതിയൊരു കാലത്തിലേക്ക് പ്രവേശിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും മേഗന്‍ പ്രത്യാശ പ്രകടിപ്പിച്ചു.