ബ്രിട്ടിഷ് രാജവംശത്തിലെ ഇളമുറക്കാരനായ ജോർജ് രാജകുമാരനെ പരിഹസിച്ച് ടെലിവിഷൻ പരിപാടി അവതരിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് 'ഗുഡ് മോണിങ് അമേരിക്ക' എന്ന ടെലിവിഷൻ ഷോയുടെ അവതാരകയായ ലാറ സ്പെൻസർ. പ്രിൻസ് രാജകുമാരൻ സ്കൂളിൽ ബാലേ അഭ്യസിക്കുന്നതിനെക്കുറിച്ചായിരുന്നു ലാറയുടെ തമാശ.

ലാറയുടെ തമാശ ഫ്ലോറിലുണ്ടായിരുന്ന കാണികൾ ചിരിച്ചു രസിച്ചാഘോഷിച്ചെങ്കിലും പരിപാടി കണ്ടവർ ലാറയെ വിമർശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതോടെയാണ് സംഗതി കൈവിട്ടു പോയെന്ന് ലാറയ്ക്ക് വ്യക്തമായത്. കേവലം ആറുവയസ്സുള്ള ഒരു ആൺകുട്ടിയെ പരിഹസിച്ച ലാറയുടെ മാധ്യമധർമത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പല പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ലാറ അപ്പോൾത്തന്നെ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി.

പരിപാടി സംപ്രേഷണം ചെയ്യുന്നതിനിടെ ലാറ പറഞ്ഞതിങ്ങനെ :- '' സാധാരണയായി കണക്ക്, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളൊക്കെയാണ് ഫസ്റ്റ് ഗ്രേഡിലും സെക്കന്റ് ഗ്രേഡിലുമൊക്കെയുണ്ടാവുക. എന്നാൽ ഇംഗ്ലണ്ടിലെ  ഭാവിരാജകുമാരൻ മതപരമായ കാര്യങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്, കവിത, ബാലെ എന്നിവയാണ് പഠിക്കുന്നത്.''- അവതാരകയുടെ ഈ സംസാരം ഫ്ലോറിൽ കൂട്ടച്ചിരിക്കു വഴിയൊരുക്കി.

ലാറ ജോർജ് രാജകുമാരനെ കളിയാക്കി സംസാരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന അവതാരകരും അടക്കിച്ചിരിക്കുകയായിരുന്നു. ജോർജ് രാജകുമാരൻ ചിരിക്കുന്ന ഒരു ചിത്രം പശ്ചാത്തലമാക്കി ലാറ പറഞ്ഞതിങ്ങനെ :-

''ബാലെ ക്ലാസിനെക്കുറിച്ചോർത്ത് ജോർജ് രാജകുമാരൻ സന്തോഷവാനാണ്. ജോർജ് രാജകുമാരന് ബാലെയിഷ്ടമാണെന്ന് വില്യം രാജകുമാരൻ പറഞ്ഞിട്ടുണ്ട്. വില്യം രാജകുമാരന് നൽകാൻ എനിക്കൊരു വാർത്തയുണ്ട്. അത് എത്രത്തോളം പോകുമെന്ന് നമുക്ക് കണ്ടറിയാം''.

ആ കമന്റിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലാറ മാപ്പു പറഞ്ഞു. തന്റെ കമന്റിനെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ലാറ എഴുതിയ കുറിപ്പിങ്ങനെ :-

'' കഴിഞ്ഞ ദിവസം വാർത്തക്കിടയിൽ പറഞ്ഞ കമന്റിന്റെ പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ബാലെ മാത്രമുള്ള ഇഷ്ടമുള്ള എന്തുകാര്യവും ചെയ്യാൻ എല്ലാവർക്കും ജീവിതത്തിൽ അവസരമുണ്ട്. ഇഷ്ടങ്ങളുടെ പിറകേ സഞ്ചരിക്കൂവെന്നാണ് എനിക്ക് പറയാനുള്ളത്. പാഷനെന്താണെന്ന് കണ്ടെത്താനും അതിനുവേണ്ടി പരിശ്രമിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് ‍ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളാകുന്ന പർവതങ്ങളെ കീഴടക്കുക. ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്നേഹിക്കുക.