ഇംഗ്ലീഷിൽ അങ്ങനെയൊരു വാക്കുണ്ടോ?: അപമാനിച്ചവനോട് സെനറ്റർ, അഭിനന്ദിച്ച് സമൂഹമാധ്യമങ്ങൾ
ഏറ്റവും നീചമായ രണ്ട് ഇംഗ്ലീഷ് വാക്കുകൾ ചേർത്തുവച്ചാണ് അയാൾ ആ വനിതയെ അപമാനിച്ചത്. അതും അവർ ആരാണെന്നും അവരുടെ പദവിയെന്താണെന്നും മനസ്സിലാക്കിത്തന്നെ. ഫിലിപ്പീൻസ് സെനറ്റർ റിസ ഹോന്റിവെറോസിനെയാണ് അവർ ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഒരാൾ മോശംവാക്കുകളുപയോഗിച്ച് അപമാനിച്ചത്.
ഒരു ഔദ്യോഗിക ചടങ്ങിൽ സെനറ്റർ പങ്കെടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് അവരുടെ വേഷത്തെക്കുറിച്ച് മോശം വാക്കുകൾ കുറിച്ച ശേഷം അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട സെനറ്റർ പ്രതികരിച്ചതിങ്ങനെ :-
'' അങ്ങനെയൊരു പ്രയോഗം ഇംഗ്ലീഷിലുണ്ടോ?.ഞാൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ എന്നെ അപമാനിക്കാൻ മാത്രം ആരാണിയാൾ. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സ്ത്രീകളെ സ്ത്രീകളെ ഉപദേശിക്കുന്നത് നിർത്താൻ പറഞ്ഞ സെനറ്ററെ പിന്തുണച്ചുകൊണ്ട് ഒരുപാടാളുകൾ രംഗത്തെത്തി. താൻ ധരിച്ച ഫിലിപ്പിനോ വസ്ത്രത്തെപ്പറ്റി നിരവധിയാളുകൾ നല്ലവാക്കു പറഞ്ഞെന്നും ധരിച്ച വസ്ത്രത്തിന്റെ പേരിൽ അപമാനിച്ചതിനെക്കുറിച്ച് നിരവധിയാളുകൾ അയാളെ വിമർശിച്ചുവെന്നും സെനറ്റർ പറയുന്നു.
ഉന്നത പദവിയിലിരിക്കെ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ആദ്യവനിതയല്ല ഫിലീപ്പീൻസ് സെനറ്റർ. സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന്റെ പേരിൽ അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമയും, രാജകീയ കുടുംബത്തിനു യോജിക്കാത്ത വിധത്തിൽ ഓഫ്ഷോൾഡർ വസ്ത്രം ധരിച്ചു എന്ന പേരിൽ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളും വിമർശിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും യോജിക്കുന്ന വസ്ത്രം ശക്തമായ ഒരടയാളമാണെന്നും ദൃഡമായ ആവിഷ്കരണമാണെന്നുമാണ് സെനറ്റർ പറയുന്നത്. ഉള്ളിലുള്ള കാര്യങ്ങൾ എങ്ങനെയാണ് സ്ത്രീകൾ പ്രകടിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ചും സെനറ്റർക്ക് വ്യക്തമായ ധാരണയുണ്ട്. ലൈംഗിക ചുവയോടെ സംസാരിക്കുന്നവരും സ്ത്രീ വിദ്വേഷികളും നമ്മുടെ സ്പേസിനെ നിയന്ത്രിക്കാൻ ശ്രമിക്കും. അതുകൊണ്ടു തന്നെ സ്ത്രീകളോട് വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണം എന്ന് അവരെ വ്യക്തമായി ബോധ്യപ്പെടുത്തണം. എങ്ങനെ ജീവിക്കണം, എന്തുതരത്തിലുള്ള വസ്ത്രം ധരിക്കണം എന്നീക്കാര്യങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ വരുന്ന സദാചാര പൊലീസുകാരെ തടയുകയും അങ്ങനെ പറയാൻ അവർക്കൊരു അവകാശവുമില്ലെന്ന് വ്യക്തമായി പറയുകയും ചെയ്യണം.